കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമി ഇടപാട് കേസിൽ കർദിനാളിന് ആശ്വാസമായി കോടതി ഉത്തരവ്. ഭൂമി ഇടപാടിൽ കോടികളുടെ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് തുടങ്ങിവെച്ച തുടർ നടപടികളും തടഞ്ഞു കൊണ്ട് ഉത്തരവിട്ടു. കേസ് വീണ്ടും ഏപ്രിൽ മൂന്നിന് പരിഗണിക്കും. അതുവരെ തുടർനടപടികൾ പാടില്ലെന്നാണ് കോടതിയുടെ നിർദ്ദേശം.

കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. മറ്റു കക്ഷികൾ നോട്ടീസ് അയക്കുകയും ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി വന്നതിന് ശേഷം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ കർദിനാളിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യൻ വടക്കുമ്പാടൻ, സാജു വർഗീസ് എന്നിവരേയും പ്രതിചേർത്താണ് കേസെടുത്തിരുന്നത്.

വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കർദിനാളിനും രണ്ട് വൈദികർക്കും ഇടനിലക്കാരനായ സാജു വർഗീസിനുമെതിരെ കേസെടുത്തിരുന്നത്. കൊച്ചി സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇന്നലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവേ സംസ്ഥാന സർക്കാറിനും പൊലീസിനും കടുത്ത വിമർശനവുമായി കോടതി രംഗത്തെത്തുകയുണ്ടായി. കർദിനാൾ അടക്കം കോടതി കേസെടുക്കാൻ നിർദേശിക്കുന്നവർക്കെതിരെ കേസെടുക്കാൻ വൈകിയത് എന്തേയെന്ന് കോടതി ചോദിക്കുകയുണ്ടായി. എഫ്ഐആർ ഇടാൻ നാലു ദിവസമാണ് വൈകിയത്. ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസിലാകില്ലേയെന്നും കോടതി ചോദിച്ചു. അവധി ദിവസമായതിനാലാണ് എഫ്ഐആർ ഇടാൻ വൈകിയതെന്ന് വാദിച്ച സർക്കാർ അഭിഭാഷകനും കോടതി വിമർശിച്ചു. അതിൽ എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു.േ

നിയമോപദേശം കൂടി നേടിയ ശേഷമാണ് സർക്കാർ കർദിനാളിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കർദിനാളിനും മറ്റ് രണ്ട് വൈദികർക്കും ഇടനിലക്കാരനുമായ സാജു വർഗീസിനുമെതിരെ പൊലീസ് കേസെടുത്തത്. സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കടുത്ത വിമർശനമാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായത്. കർദിനാൾ രാജവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം.

മേജർ ആർച്ച് ബിഷപ്പ് ഭൂമിവിൽപ്പനയ്ക്ക് രണ്ട് സമിതികളുടെ അനുമതി നേടിയെന്നും ഭൂമി മുറിച്ച് വിൽക്കരുതെന്നുള്ള സമിതിയുടെ മാർഗനിർദ്ദേശം ലംഘിക്കപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമിവിൽപ്പനയിൽ 26 കോടി രൂപ ലഭിക്കേണ്ടിയിരുന്നു. എന്നാൽ, എട്ടുകോടി മാത്രമാണ് അതിരൂപതയുടെ അക്കൗണ്ടിലെത്തിയത്്. അതിരൂപത അന്വേഷണകമീഷൻ മേജർ ആർച്ച്ബിഷപ്പടക്കം നാലുപേർ വിശ്വാസവഞ്ചന നടത്തിയതായി കണ്ടെത്തി. രൂപതയുടെ തീരുമാനം ഇടവകാംഗങ്ങൾക്ക് ചോദ്യംചെയ്യാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. മൂന്നാർ ഭൂമി രൂപതയുടെ പേരിലേക്ക് മാറ്റംചെയ്യുമ്പോൾ ഇടനിലക്കാരനായ സാജു വർഗീസിന് 25 ലക്ഷം വാഗ്ദാനം ലഭിച്ചതായി തെളിവുണ്ട്.

കാനോനിക നിയമപ്രകാരം സഭയുടെ സ്വത്തിന്റെ പരമാധികാരി മാർപ്പാപ്പയാണെന്ന വാദവും കോടതി തള്ളി. കാനോനിക നിയമം രാജ്യത്തെ സിവിൽനിയമത്തിന് അതീതമല്ല. സഭാസ്വത്ത് ആർച്ച് ബിഷപ്പിന്റേതല്ല. ബിഷപ്പുമാർക്ക് പ്രത്യേക വരുമാനം ഇല്ല. ഇടവകാംഗങ്ങളുടെ പണംകൊണ്ടാണ് സഭ സ്വത്ത് സമ്പാദിച്ചത്. കാനോനിക നിയമപ്രകാരം ആർച്ച്ബിഷപ് രാജാവാണെന്നും ചോദ്യംചെയ്യാനാകില്ലെന്നുമുള്ള വാദവും കോടതി തള്ളി. രാജാവായാലും നിയമത്തിന് അതീതനല്ല. മതിയായ കാരണങ്ങളുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ കേസെടുക്കണം. സഭയുടെ ആഭ്യന്തരകാര്യംമാത്രമാണെന്ന് പറഞ്ഞ് പൊലീസിന് ഒഴിവാകാനാകില്ല. സിവിൽതർക്കം മാത്രമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.