കൊച്ചി:ചവറ എംഎ‍ൽഎ. എൻ.വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിന്റെ കേസുമായി ബന്ധപ്പെട്ട കരുനാഗപ്പള്ളി സബ് കോടതിയുടെ താത്കാലിക ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. മലയാള മനോരമ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി കേസിലെ സ്‌റ്റേ നീക്കിയത്. നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.

കീഴ്‌കോടതി വിധി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, ശ്രീജിത്തിനും രാഖുൽ കൃഷ്ണക്കും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി സ്റ്റേ നിലനിൽക്കും. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് നടപടിയെന്നും ഇല്ലാത്ത അധികാരമാണ് കീഴ് കോടതി ഉപയോഗിച്ചതെന്നും ചൂണ്ടിക്കാട്ടി മലയാള മനോരമ ചീഫ് എഡിറ്റർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്നതാണ് കീഴ്‌കോടതി വിധിയെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

വി.ശ്രീജിത്തുമായി ബന്ധപ്പെട്ട് ചവറ പൊലീസ് സ്റ്റേഷനിലും മാവേലിക്കര കോടതിയിലും നിലനിൽക്കുന്ന കേസിൽ ഒരുവിധ ചർച്ചയോ റിപ്പോർട്ടിങ്ങോ പ്രസ്താവനകളോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാടില്ലെന്നായിരുന്നു കരുനാഗപ്പള്ളി സബ് കോടതിയുടെ താത്കാലിക ഉത്തരവ്. രാകുൽകൃഷ്ണയെ ഒന്നാം എതിർകക്ഷിയാക്കി നൽകിയ ഹർജിയിലാണ് ഉത്തരവ്. മറുനാടൻ അടക്കം ഒമ്പത് മാധ്യമങ്ങൾക്കാണ് വാർത്താ വിലക്ക് ഏർപ്പെടുത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ച് ദുബൈ ജാസ് ടൂറിസം മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖി വാർത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി തിരുവനന്തപുരം പ്രസ് ക്ലബിന് കത്തു നൽകുകയും ചെയ്തു. തുടർന്നാണ് തനിക്കെതിരായ വാർത്ത വിലക്കണമെന്ന് ചൂണ്ടിക്കാട്ടി വിജയൻപിള്ള എംഎ‍ൽഎയുടെ മകൻ ശ്രീജിത്ത് കരുനാഗപ്പള്ളി സബ്‌കോടതിയിൽ ഹരജി നൽകിയത്. അനുകൂല വിധിയും നേടി.

തനിക്കെതിരായ വാർത്തകൾ, പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് ഒരു കൂട്ടം മാധ്യമങ്ങളെ വിലക്കണമെന്നായിരുന്നു ശ്രീജിത്തിന്റെ ഹരജിയിലെ ആവശ്യം. തുടർന്നാണ് മാധ്യമങ്ങളെ വിലക്കി സബ്‌കോടതി ഉത്തരവിച്ചത്. വിലക്കിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്താനിരുന്ന വാർത്താസമ്മേളനം മർസൂഖി റദ്ദാക്കിയിരുന്നു.

വാർത്താസമ്മേളനം വിലക്കുകയും ദുബായിൽ നൽകിയ കേസിൽ ബിനോയി കോടിയേരിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ മർസൂഖി ഇന്ന് യുഎഇയിലേക്ക് തിരിച്ചിരു്ന്നു. നേരത്തെ കോടതിവിധിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ആരോപണവിധേയനായ ശ്രീജിത്ത് വിജയനെതിരായ വാർത്തകൾ നൽകുന്നത് വിലക്കിയ കോടതി വിധി ജനാധിപത്യത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സത്യം പുറത്തുവരാൻ സഹായിക്കുകയാണ് കോടതികളുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി ഞെട്ടുക്കുന്നതാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരനും വ്യക്തമാക്കുകയുണ്ടായി.