കൊച്ചി: തൊഴിൽ മികവിന്റെ പേരിൽ ലഭിച്ച വിദേശയാത്രയ്ക്കിടെ വിമാനത്തിൽ അമിതമായി മദ്യപിച്ചെന്ന കാരണത്താൽ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട നടപടിക്കെതിരെ ഹൈക്കോടതി. ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട ഹൈക്കോടതി നടപടി കോടതി റദ്ദാക്കി. ചെയ്ത കുറ്റത്തിന് ആനുപാതികമായ ശിക്ഷയല്ലെന്ന് വ്യക്തമാക്കിയ കോടതി കുറഞ്ഞ ശിക്ഷ നൽകിയാൽ മതിയെന്നും നിർദേശിച്ചു. പുറത്താക്കിയ നടപടി സസ്‌പെൻഷനായി കുറച്ച കോടതി ഇപ്പോൾ ഉദ്യോഗസ്ഥൻ സസ്‌പെൻഷനിലാണെന്ന് കണക്കാക്കണമെന്നം പറഞ്ഞു.

എസ്‌ബിഐ ലൈഫ് ഇൻഷുറൻസിൽ യൂണിറ്റ് മാനേജരായിരുന്ന തിരുവനന്തപുരം സ്വദേശി എം.ജി. വേണു സമർപ്പിച്ച ഹർജി തീർപ്പാക്കിയാണു വിധി. ജീവനക്കാർക്കായി നടത്തിയ ബിസിനസ് മൽസരത്തിൽ വിജയിയെന്ന നിലയ്ക്കാണ് മറ്റേതാനും ഓഫിസർമാർക്കൊപ്പം ഹർജിക്കാരനു കൊളംബോ യാത്ര അനുവദിച്ചത്. അവിടെ പരിശീലനവും ഏർപ്പാടാക്കിയിരുന്നു. എന്നാൽ അമിതമായി മദ്യപിച്ച ഹർജിക്കാരനെ വിമാനത്തിൽ നിന്നിറക്കി വിട്ടു. ഇതു ഗുരുതര പെരുമാറ്റദൂഷ്യമെന്നു കണ്ട് സർവീസിൽ നിന്നു പിരിച്ചുവിടുകയാണ് എസ്‌ബിഐ ചെയ്തത്. ഇതിനെതിരെ മാനേജിങ് ഡയറക്ടർക്ക് അപ്പീൽ നൽകിയെങ്കിലും തള്ളി. ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഹർജിക്കാരന്റെ ആവലാതി പരിശോധിച്ച ശേഷം തീരുമാനമെടുക്കാൻ നിർദേശിച്ചു. എന്നാൽ മുൻഉത്തരവു ശരിവച്ചു തീരുമാനം വന്നതോടെ ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

വിമാനത്തിലെ അമിത മദ്യലഹരി ഡ്യൂട്ടിയിലെ വീഴ്ചയായി കാണാനാവില്ലെന്നു ഹർജിഭാഗം വാദിച്ചു. മാത്രമല്ല, വിദേശയാത്രാ അവസരം പ്രകടന മികവിന്റെ അംഗീകാരമായിരുന്നുവെന്നും ബോധിപ്പിച്ചു. എന്നാൽ, സ്ഥാപനത്തിന്റെ താൽപര്യം മുൻനിർത്തിയാണു നടപടിയെന്ന് എസ്‌ബിഐ ലൈഫിന്റെ അഭിഭാഷകൻ വാദിച്ചു. തൊഴിലുടമയ്ക്ക് അച്ചടക്കത്തിന് അധികാരമുണ്ടെങ്കിലും അനാവശ്യ നേരത്തുകൊടുംശിക്ഷയുടെ വാൾ ഓങ്ങുന്നതു ശരിയല്ലെന്നു കോടതി പറഞ്ഞു. തൊഴിലാളി ഒരു സ്ഥാപനത്തിന്റെ യഥാർഥ സ്വത്താണ്. കാടത്തം ക്ഷമിക്കുന്നതും നിസ്സാര കുറ്റങ്ങൾ ക്ഷമിക്കാത്തതും ഒരുപോലെ അപകടകരമാണ്. ചെറിയൊരു പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ പിരിച്ചുവിടുന്നത് ആനുപാതികമായ ശിക്ഷയല്ല. ഹർജിക്കാരന് ഇതിനകം വിവേകം ഉദിച്ചിട്ടുണ്ടാകാമെന്നതിനാൽ തിരുത്തലിന് അവസരം നൽകണമെന്നു കോടതി പറഞ്ഞു.

''മദ്യപാനം തെറ്റല്ല. നിയന്ത്രണങ്ങളില്ലാതെ വിദേശത്തേക്കു പറക്കുമ്പോൾ ഇന്ത്യക്കാർ പലരും അത് ആഘോഷമാക്കാറുണ്ട്. വിമാനത്തിൽ മദ്യപാനം വിലക്കിയിട്ടില്ല. എന്നാൽ വീട്ടിലെയും മദ്യശാലയിലെയും ശരി സ്‌കൂളിലോ ക്ഷേത്രത്തിലോ ശരിയാവണമെന്നില്ല. മൂന്നു ദിവസം പരിശീലനം ഉണ്ടായിരുന്നതിനാൽ യാത്ര ഔദ്യോഗികമാണ്. ഡ്യൂട്ടിയിലുള്ള പെരുമാറ്റ ദൂഷ്യമല്ല, ഡ്യൂട്ടിക്കായുള്ള യാത്രയ്ക്കിടെയുള്ള പെരുമാറ്റദൂഷ്യമാണിവിടെ. അതേസമയം, ഓഫിസിനു പുറത്ത്, പ്രത്യേകിച്ചും വിദേശത്തേക്കുള്ള വിമാനത്തിൽ ഹർജിക്കാരന്റെ പെരുമാറ്റം തൊഴിലുടമയ്ക്കു നാണക്കേടുണ്ടാക്കി എന്നേ പരമാവധി പറയാൻ കഴിയൂ'' കോടതി പറഞ്ഞു.

ഒരു വർഷം മൂന്നു പ്രമോഷൻ ഉൾപ്പെടെ സർവീസിൽ അഞ്ചു പ്രമോഷൻ മികവിന്റെ തെളിവാണ്. തൊഴിലിൽ ഹർജിക്കാരന് ഇനിയും മൂല്യമുണ്ട്. അതിനാൽ ശിക്ഷ ഭേദഗതി ചെയ്യണമെന്നു കോടതി നിർദേശിച്ചു. മഹാഭാരതത്തിൽ മാണ്ഡവ്യ എന്ന ഋഷിയെ തെറ്റായ കാരണത്തിൽ ശൂലം തറച്ച രാജാവിന്റെ കഥയും കോടതി വിധിന്യായത്തിൽ പരാമർശിച്ചു.