തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പൺ സർവ്വകലാശാല സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഉന്നത ഉന്നതവിദ്യാഭ്യാസ കൗൺസിൽ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു.സംസ്ഥാനത്ത് ഓപ്പൺ സർവകലാശാല വേണോ വേണ്ടയോ എന്നും ഏത് വിധത്തിൽ നടപ്പാക്കണം എന്നതിനെ കുറിച്ചും ഉന്നത വിദ്യാഭ്യാസ കൗൺസിൽ എക്‌സിക്യൂട്ടിവ് ബോഡി അംഗങ്ങളായ ഡോ. ഫാത്തിമത്ത് സുഹറ അദ്ധ്യക്ഷയും ഡോ. ആർ.കെ. സുരേഷകുമാർ അംഗവുമായ സമിതി പഠിക്കും. പുനഃസംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ എക്‌സിക്യൂട്ടിവ് ബോഡി യോഗത്തിലാണ് തീരുമാനം.

കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലുമായി അരലക്ഷത്തിലധികം കുട്ടികൾക്കാണ് ബിരുദത്തിനു മാത്രം അഡ്‌മിഷൻ ലഭിക്കാത്തത്. കലിക്കറ്റ് സർവകലാശാലയിൽ 60,000 പേരാണ് ഓരോ വർഷവും പുറത്താവുന്നത്. ഇവർക്കൊക്കെ പഠിക്കാൻ അവസരമൊരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ സ്വന്തമായി ഒരു ഓപ്പൺ സർവ്വകലാശാല വന്നാൽ ഇത് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് സഹായകമാകും.

ഓപ്പൺ സർവകലാശാല സ്ഥാപിക്കുന്നതിനെക്കുറിച്ച് 2009ൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിനായി, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്‌നോ) മുൻ വൈസ് ചാൻസലർ ഡോ. രാം തക്വാലെ അദ്ധ്യക്ഷനായ സമിതി പഠനം നടത്തി റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഈ റിപ്പോർട്ടിന്മേൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ചാണ് പുതിയ സമിതി പഠനം നടത്തുന്നതെന്ന് കൗൺസിൽ ഉപാദ്ധ്യക്ഷൻ ഡോ. രാജൻഗുരുക്കളും മെമ്പർ സെക്രട്ടറി ഡോ. രാജൻവർഗീസും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അയൽസംസ്ഥാനങ്ങളിലെ സർവകലാശാലകളുടെ വിദൂരപഠന സ്ഥാപനങ്ങൾ വൻതുക ഈടാക്കി കുട്ടികളെ കബളിപ്പിക്കുമ്പോൾ ഗുണനിലവാരമുറപ്പാക്കി സർക്കാർ മേഖലയിൽ ഓപ്പൺ സർവകലാശാല സ്ഥാപിക്കാനാണ് കൗൺസിൽ ആലോചിക്കുന്നത്. ഇതിനായി നിയമനിർമ്മാണം വേണ്ടിവരും. സർവകലാശാലകളിൽ നിലവിലുള്ള വിദൂരവിദ്യാഭ്യാസ വിഭാഗവും പ്രൈവറ്റ് രജിസ്‌ട്രേഷനും ഘട്ടംഘട്ടമായി നിറുത്തലാക്കി പൂർണമായും ഓപ്പൺ സർവകലാശാലയ്ക്ക് കീഴിൽ കൊണ്ടുവരാനായിരുന്നു രാം തക്വാലെ സമിതിയുടെ ശുപാർശ. വിദൂരവിദ്യാഭ്യാസ വിഭാഗവും പ്രൈവറ്റ് രജിസ്‌ട്രേഷനും വേർപെടുത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ടായിരുന്നു.

സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളുടെ പ്രവർത്തനം പഠിക്കാൻ എക്‌സിക്യൂട്ടിവ് ബോഡി അംഗങ്ങളായ ഡോ. ജോയ് ജോബ് കുളവേലിൽ അദ്ധ്യക്ഷനും ഡോ. കെ.കെ. ദാമോദരൻ, ഡോ. ജെ. രാജൻ എന്നിവർ അംഗങ്ങളുമായ സമിതിയെയും നിയോഗിച്ചു. സ്വയംഭരണപദവി വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതിയെത്തുടർന്ന്, ഇതേക്കുറിച്ച് പഠനം നടത്താൻ കൗൺസിലിന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. സ്വയംഭരണപദവി ലഭിച്ചശേഷം കോളേജുകളിലുണ്ടായ അക്കാഡമിക് മാറ്റങ്ങൾ സമിതി പരിശോധിക്കും. 19 കോളേജുകൾക്കാണ് സ്വയംഭരണപദവി നൽകിയത്. ഇതിൽ എറണാകുളം മഹാരാജാസ് കോളേജ് ഒഴികെയുള്ളവ എയ്ഡഡാണ്.