ഓസ്ലോ: നോർവേയിലെ ഭക്ഷണപദാർഥങ്ങളുടെ വില യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ ഉയർന്ന നിരക്കിലാണെന്ന് റിപ്പോർട്ട്. അടുത്ത കാലത്തായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ശരാശരി നിരക്കിനെക്കാൾ ഉയർന്ന നിരക്കാണ് നോർവേയിൽ ആഹാരപദാർഥങ്ങൾക്ക് അനുഭവപ്പെടുന്നത്. മിൻസ് മീറ്റിന്റെ വിലയിൽ നോർവേയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വില വ്യത്യാസം 1994-നു ശേഷം 80 ശതമാനമാണ് വർധിച്ചിരിക്കുന്നത്. അതുപോലെ തന്നെയാണ് മിൽക്ക് പൗഡറിന്റെ കാര്യത്തിലും. 61 ശതമാനമാണ് നോർവേയിൽ മിൽക്ക് പൗഡറിന്റെ വിലയിൽ വന്നിട്ടുള്ള മാറ്റമെന്ന് നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോ ഇക്കോണമി (നിബിയോ) വ്യക്തമാക്കി.

നോർവേയിൽ നിത്യോപയോഗ സാധനങ്ങൾക്കുള്ള വില കുതിച്ചുയരുകയാണ്. അതേസമയം യൂറോപ്യൻ യൂണിയനിൽ ഇത് വളരെ സാവധാനമാണ്. നിത്യോപയോഗ വസ്തുക്കളിൽ പാൽ, ഇറച്ചി ഉത്പന്നങ്ങളുടെ വിലയിലാണ് ഏറെ കുതിച്ചു ചാട്ടം ഉണ്ടായിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കാര്യത്തിൽ യുറോപ്യൻ യൂണിയനും നോർവേയും തമ്മിൽ ഏറെ അന്തരം നിലനിൽക്കുന്ന സാഹചര്യത്തിൽ നോർവീജിയൻ സാധനങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ സബ്‌സിഡി അനുവദിക്കണമെന്നും നിബിയോ വ്യക്തമാക്കി.