ദോഹ: പുകയില ഉത്പന്നങ്ങൾക്കും ആഡംബര കാറുകൾക്കും ശീതളപാനീയങ്ങൾക്കുമുള്ള നികുതിയിൽ വൻ വർധന ഏർപ്പെടുത്താൻ ജിസിസി രാഷ്ട്രങ്ങൾ തീരുമാനിച്ചതോടെ ഇവയുടെ വില കുതിച്ചുയരും. നിലവിലുള്ളതിനെക്കാൾ ഇരട്ടിയോളമാണ് നികുതിയിൽ വർധന വരുത്താൻ ഉദ്ദേശിക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നികുതിയ വർധിപ്പിക്കും.

കൂടാതെ ഈ വർഷം രണ്ടാം പാദത്തിൽ തന്നെ 93 വസ്തുക്കളുടെ നികുതിയിലും വർധന ഏർപ്പെടുത്താനാണ് ജിസിസി തീരുമാനം. 2018 തുടക്കമാകുമ്പോഴേയ്ക്കും എല്ലാ ജിസിസി അംഗരാജ്യങ്ങളിലും ഇവയുടെ വില വർധന നടപ്പിൽ വരുത്തുകയും ചെയ്യുമെന്ന് ഫെഡറേഷൻ ഓഫ് ചേംബേഴ്‌സ് ഓഫ് ജിസിസി സെക്രട്ടറി ജനറൽ അബ്ദുൾ റഹിമാൻ അൽ നാഖ്വി വ്യക്തമാക്കി.

വിവിധ ജിസിസി രാഷ്ട്ര ധനമന്ത്രിമാർ നികുതി വർദ്ധനയ്ക്ക് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. 2018 ജനുവരിയിൽ നിലവിൽ വരാനിരിക്കുന്ന അഞ്ച് ശതമാനം മൂല്യവർദ്ധിത നികുതിക്ക് പുറമേയാണിത്. പുകയില ഉത്പന്നങ്ങൾക്ക് 200ശതമാനം നികുതി വർദ്ധിപ്പിക്കും. നികുതി ഇറക്കുമതിക്കാരിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ ഈടാക്കും. ഏപ്രിൽ മുതൽ പുതിയ നികുതി ഈടാക്കിത്തുടങ്ങുമെന്ന സൗദി ധനകാര്യമന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.