മസ്‌ക്കറ്റ്: കമ്പനികൾക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള ചെലവുകൾ വർധിപ്പിക്കാൻ റോയൽ ഒമാൻ പൊലീസ് തീരുമാനിച്ചതോടെ പ്രവാസി തൊഴിലാളികളെ നിയമിക്കാൻ കമ്പനികൾക്ക് വൻ ചെലവ് നേരിടേണ്ടി വരും. വിദേശ തൊഴിലാളികൾക്കുള്ള വിസാ ഫീസ് നിരക്കുകൾ വർധിപ്പിച്ചത് രാജ്യത്ത് സ്വദേശിവത്ക്കരണത്തിന് ആക്കം കൂട്ടാനാണെന്നാണ് വിലയിരുത്തുന്നത്. സ്വദേശിവത്ക്കരണം ശക്തമാകുന്നതിനൊപ്പം സർക്കാരിനുള്ള വരുമാനം വർധിപ്പിക്കുകയും ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള വിസാ നിരക്കുകൾ വർധിപ്പിച്ചത് ഇത്തരത്തിൽ വിദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ എത്ര വിലകൊടുത്തും വിദേശികളെ നിയമിക്കാൻ ഒട്ടുമിക്ക കമ്പനികളും തയാറാണ് എന്നതാണ് മറ്റൊരു വസ്തുത.

വൻകിട കമ്പനികൾക്ക് ഇതൊരു ഭാരമാകുകയില്ലെങ്കിലും വിദേശികളെ നിയമിക്കുന്ന ചെറുകിട കമ്പനികൾക്കാണ് ഇതു തിരിച്ചടിയാകുന്നത്. ഇത് ഒരു പക്ഷേ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുകയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.