രാജ്യത്തെ പുതിയ വികസനപന്ഥാവിലേക്ക് നയിച്ചുവെന്ന അവകാശവാദവുമായി ഒന്നാം വാർഷികം ആഘോഷിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് ശക്തമായ തിരിച്ചടിയായി ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്. ലോകത്തേറ്റവും കൂടുതൽ പട്ടിണിപ്പാവങ്ങൾ ഉള്ള രാജ്യം ഇന്ത്യയാണെന്ന് യുഎൻ റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിലെ 20 കോടിയോളം വരുന്ന ജനതയാണ് ഒരുനേരം പോലും മര്യാദയ്ക്ക് ആഹാരമില്ലാതെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിയുന്നത്. വികസനത്തിന്റെ പുതിയ പാത വെട്ടിത്തെളിച്ചുവെന്നും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകിയെന്നും നേതാക്കൾ അവകാശപ്പെടുമ്പോഴാണ് ഇന്ത്യയ്ക്ക് നാണക്കേടായി ഈ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്.

1990-92നും 2015നുമിടയ്ക്ക് ലോകമെമ്പാടുമായി പട്ടിണിപ്പാവങ്ങളുടെ എണ്ണത്തിൽ 21.6 കോടിയുടെ കുറവുണ്ടായതായായി റിപ്പോർട്ട് പറയുന്നു. നൂറുകോടിയിൽനിന്ന് 79.5 കോടിയായാണ് എണ്ണത്തിൽ കുറവുവന്നത്. എന്നാൽ, ഇന്ത്യയിൽ കാര്യമായ കുറവുണ്ടായില്ല. വെറും ഒന്നരക്കോടി ജനങ്ങൾ മാത്രമാണ് ഇക്കാലയളവിനിടെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇക്കാര്യത്തിൽ ചൈന ഇന്ത്യയെ കടത്തിവച്ചി. 1990-92ൽ 28.9 കോടി ജനങ്ങൾ പട്ടിണിയിലായിരുന്നെങ്കിൽ ഏറ്റവും പുതിയ കണക്കിൽ അത് 13.38 കോടി മാത്രമാണ്.

യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ പുറത്തുവിട്ട ഭക്ഷ്യ സുരക്ഷാ റിപ്പോരട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പട്ടിണിപ്പാവങ്ങളുടെ എണ്ണം പാതിയായി കുറയ്ക്കുകയെന്ന ലക്ഷ്യമാണ് സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ യു.എൻ പ്രഖ്യാപിച്ചിരുന്ത്. 1996-ലെ ലോക ഭക്ഷ്യ ഉച്ചകോടിയുടെയും തീരുമാനം ഇതായിരുന്നു. ഇതു രണ്ടും കൈവരിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോകത്തുള്ള 172 രാജ്യങ്ങളിൽ നേപ്പാളുൾപ്പെടെ 29 രാജ്യങ്ങൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യയുൾപ്പെടെ തെക്കനേഷ്യയിലാണ് ലോകത്തേറ്റവും കൂടുതൽ ദരിദ്രരുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. 28.1 കോടി ജനങ്ങളാണ് ഈ മേഖലയിൽ പോഷകാഹാരം കിട്ടാതെ വലയുന്നത്. 1990-92ൽ 29.1 കോടി ജനങ്ങളായിരുന്നു. ഇന്ത്യയിലെ ദാരിദ്ര്യനിർമ്മാർജന പരിപാടികൾ പതുക്കെയാവുന്നതാണ് ഈ മേഖലയിലെ കണക്കുകൾ ഇപ്പോഴും ഉയർന്നുനിൽക്കാൻ കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.