ന്യൂഡൽഹി: ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യശാല നിരോധനത്തിൽ കൂടുതൽ ഇളവനുവദിച്ച സുപ്രീംകോടതി നടപടിയിൽ കേരളത്തിന് അധികസന്തോഷം. ദേശീയ - സംസ്ഥാന പാതയോരത്തുനിന്ന് 500 മീറ്ററിൽ താഴെയുള്ള മദ്യശാലകൾ നിരോധിച്ചത് മുൻസിപ്പൽ പരിധികളിൽ ബാധകമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണിത്. ഇതോടെ മുൻസിപ്പൽ പരിധിയിൽ ലൈസൻസുള്ള മദ്യശാലകൾക്ക് പാതയോരത്തുനിന്നുള്ള ദൂരപരിധി ബാധകമല്ലാതാകും. മുന്നൂറോളം മദ്യശാലകൾക്കാണ് സുപ്രീംകോടതിയുടെ തീരുമാനം ഗുണകരമാകുക.

കേരളത്തിലെ നഗരസഭ, കോർപ്പറേഷൻ പരിധിയിലുള്ള സംസ്ഥാന പാതകൾ ഡീ നോട്ടിഫൈ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് വിധിയിൽ വ്യക്തത വരുത്തി സുപ്രീംകോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്. സംസ്്ഥാനത്തിന്റ അധികാര പരിധിയിൽ നിന്നുകൊണ്ട് സംസ്ഥാന പാതകളുടെ പദവി മാറ്റാനാണ് സർക്കാർ നീക്കമുണ്ടായത്. എന്നാൽ ദേശീയ പാതകളിൽ കൂടി ഇളവനുവദിച്ച സുപ്രീംകോടതി ഉത്തരവ് സർക്കാരിന് ഇരട്ടി മധുരം പകരും.

സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ച് 2017 മാർച്ച് 31-നാണ് സുപ്രീംകോടതി വിധിയുണ്ടായത്.
ഇതേതുടർന്ന് സംസ്ഥാനത്ത് നിരവധി മദ്യശാലകൾ അടച്ചുപൂട്ടേണ്ടി വന്നു. ഇത് സർക്കാരിന്റെ വരുമാനത്തിൽ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കി. മദ്യശാലകൾ അടഞ്ഞുകിടക്കുന്നതുകാരണം സർക്കാരിന് ദിവസം മൂന്നുകോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കു കൂട്ടിയത്. 718 ബാറുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 118 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് വ്യക്തമായതോടെ മുന്നൂറോളം മദ്യവിൽപ്പനശാലകൾ ബാറുകൾ ഉൾപ്പടെയുള്ളവ തുറക്കാനാവും. ഇതിൽ നിന്നുള്ള വരുമാനം തന്നെ 1500 കോടിയോളം വരും.

എന്നാൽ സംസ്ഥാന പാതകൾ ഡീ നോട്ടിഫൈ ചെയ്യാനുള്ള തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിച്ച് അംഗീകാരം നല്കിയിരുന്നു. ആഴ്ചകളോളം ചർച്ച ചെയ്താണ് ഇതിന്റെ ശുപാർശകൾ എക്‌സൈസ് വകുപ്പ് തയ്യാറാക്കിയത്. ഇതെല്ലാം പാഴായ സങ്കടം ദേശീയ പാതയിലെ കൂടി ഇളവ് അനുവദിച്ച സന്തോഷത്തിൽ മറക്കാം. സുപ്രീംകോടതി വിധി വന്നിതിന് പിന്നാലെ മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾ പാതകൾ ഡീ നോട്ടിഫൈ ചെയ്തിരുന്നു. വിനോദസഞ്ചാര മേഖല മുന്നിൽ കണ്ടാണ് ഈ മാതൃക പിന്തുടരാൻ കേരളവും തീരുമാനിച്ചത് . മന്ത്രിസഭാ തീരുമാനം പുറത്തുവന്ന് മിനിറ്റുകൾക്ക് ശേഷമാണ് ഡീ നോട്ടിഫൈ ചെയ്യാതെ തന്നെ മദ്യശാലകൾ തുറക്കാനുള്ള സാഹചര്യം സുപ്രീം കോടതി ഒരുക്കിയത്.