തവിശ്വാസത്തെ തന്റെ ജോലിയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് തഹേര റഹ്മാൻ എന്ന 27-കാരി മാധ്യമപ്രവർത്തക. ഹിജാബ് ധരിച്ചുകൊണ്ട് വാർത്ത അവതരിപ്പിക്കുന്ന അമേരിക്കയിലെ ആദ്യ മാധ്യമപ്രവർത്തകയാണ് തഹേര. ഇല്ലിനോയിയിലെ റോക്ക് ഐലൻഡിൽ പ്രവർത്തിക്കുന്ന ഡബ്ല്യുഎച്ച്ബിഎഫ്-ടിവിയുടെ റിപ്പോർട്ടറായ തഹേരയുടെ നടപടിയെ സോഷ്യൽ മീഡിയ സമ്മിശ്ര വികാരത്തോടെയാണ് സ്വീകരിക്കുന്നത്. മുസ്ലിം വിരുദ്ധർ തഹേരയുടെ നടപടിക്കെതിരെ രംഗത്തുവരുമ്പോൾ, അവരുടെ നിലപാടിനെ കൈയടികളോടെ സ്വീകരിക്കാനും ഒട്ടേറെപ്പേർ തയ്യാറാകുന്നു.

രണ്ടുവർഷമായി ചാനലിൽ പ്രൊഡ്യൂസറായി ജോലി നോക്കുന്നുണ്ടെങ്കിലും, വാർത്ത അവതരിപ്പിക്കുകയെന്ന തഹേരയുടെ സ്വപ്‌നം അടുത്തകാലത്താണ് സഫലമായത്. അമേരിക്കൻ ചാനലുകളിൽ ഹിജാബ് ധരിച്ച വാർത്താ അവതാരകരെ അനുവദിക്കില്ലെന്ന് പറഞ്ഞ് പലരും അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും ചാനൽ അധികാരികളുടെ വിശ്വാസം നേടിയെടുത്ത തഹേര, ഈ മാസമാദ്യമാണ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തഹേര ഹിജാബ് ധരിക്കുന്നുണ്ട്. അത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനെ മറ്റുള്ളവർ ശ്രദ്ധിക്കേണ്ടെന്നും തഹേര പറയുന്നു. വീട്ടിൽ അമ്മയിൽനിന്നുപോലും തുടക്കത്തിൽ എതിർപ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. അത്തരമൊരു തീരുമാനമെടുക്കുന്നത് തഹേരയുടെ ഭാവിയെ ബാധിക്കുമെന്നായിരുന്നു അമ്മയുടെ ഭയം. എന്നാൽ, ഒരു മാധ്യമപ്രവർത്തകയാവുകയെന്ന സ്വപ്‌നം സഫലമാക്കുന്നതിന് ഹിജാബ് ഒരുതരത്തിലും തടസ്സമായില്ലെന്ന് തഹേര പറയുന്നു.

ഹിജാബ് ധരിക്കുന്നതിനാൽ പലയിടത്തും താൻ ഒറ്റപ്പെട്ട് പോയിട്ടുണ്ടെന്നും അവർ പറയുന്നു. ഷിക്കാഗോയിലെ ലയോള സർവകലാശാലയിൽ പഠിക്കാൻ പോയപ്പോൾ, പലപ്പോഴും ആ ഒറ്റപ്പെടൽ നേരിടേണ്ടിവന്നിട്ടുണ്ട്. കോളേജിൽ ഹിജാബ് ധരിച്ചുവന്നിരുന്നത് തഹേര മാത്രമായിരുന്നു. എന്നാൽ, അത് തന്നെ പിന്തിരിപ്പിച്ചില്ലെന്നും വിശ്വാസം തന്റെ സ്വകാര്യതയുടെ ഭാഗമാണെന്ന മട്ടിൽ ഒറ്റപ്പെടുത്തലുകളെ അവഗണിച്ചുവെന്നും അവർ പറയുന്നു.

2001-ലെ ട്വിൻ ടവർ ആക്രമണത്തിനുശേഷം അമേരിക്കൻ ജനതയ്ക് മുസ്ലീങ്ങളോടുള്ള സമീപനത്തിലുണ്ടായ മാറ്റം നേരിൽക്കണ്ടാണ് തഹേര വളർന്നത്. കടുത്ത മുസ്ലിം വിരുദ്ധനായ ഡൊണാൽഡ് ട്രംപ് മുസ്ലിം വിരുദ്ധതയാണ് വോട്ടാക്കി മാറ്റിയത്. തന്റെ മതത്തോടുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടും മതത്തിന്റെ പേരിൽ നടക്കുന്ന ഭീകരതയുൾപ്പെടെയുള്ള കാര്യങ്ങളും തഹേരയുടെ തീരുമാനത്തെ പിന്നോട്ടടിപ്പിച്ചില്ല. ഇതെന്റെ കൂടി അമേരിക്കയാണ് എന്ന ഉറച്ച വിശ്വാസത്തിൽ മുന്നേറിയ തഹേര, മാധ്യമപ്രവർത്തകയാവുകയെന്ന സ്വപ്‌നം സഫലമാക്കുകയായിരുന്നു.

തഹേര വാർത്താ അവതാരകയായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ, മു്സ്ലീം വിരുദ്ധ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയയിലും കടുത്ത വിമർശവുമായി ചിലർ രംഗത്തുവന്നിട്ടുണ്ട്. തല മറയ്ക്കുന്നത് അവസാനിപ്പിച്ച് നല്ലൊരു അമേരി്കകക്കാരിയായി ജീവിതം ആസ്വദിക്കൂവെന്ന് ഉപദേശിക്കുന്നവരുമുണ്ട്. എന്നാൽ, ഇതിനൊന്നും ചെവികൊടുക്കാതെ, മുന്നേറുന്ന തഹേര മാതൃകയാക്കുന്നത് ഇൽഹാം ഒമറിനെയാണ്. സോമാലിയയിൽനിന്ന് അഭയാർഥിയായി അമേരിക്കയിലെത്തി മിനെസോട്ട ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിൽ ഡമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായി മാറിയ ഇൽഹാനാണ് തഹേരയുടെ ഇഷ്ടനായിക.