ഫെബ്രുവരി ഒന്നിനായിരുന്നു ലോക ഹിജാബ് ദിനം...എന്നാൽ ഇതിനെതിരെ ലോകമാകമാനം മുസ്ലിം സ്ത്രീകൾ നോ ഹിജാബ് ആഘോഷിച്ചുവെന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ മുസ്ലിം സ്ത്രീകൾ പോലും ഹിജാബ് വലിച്ചെറിഞ്ഞ് അഗ്‌നിക്കിരയാക്കി വീഡിയോ റെക്കോർഡ് ചെയ്ത് ഫേസ്‌ബുക്കിലിട്ടിട്ടുണ്ട്. ഇറാനിൽ ഈ ശിരോവസ്ത്രം ധരിക്കാൻ സമ്മർദം ചെലുത്തുന്ന നടപടിക്കെതിരെ നിരവധി സ്ത്രീകളാണ് ഹിജാബ് തീയിലിട്ട് പരസ്യമായി കത്തിച്ചിരിക്കുന്നത്. തുടർന്ന് ഇതിന്റെ ചിത്രങ്ങളും വീഡിയോയും #NoHijabDay ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചത്തെ വേൾഡ് ഹിജാബ് ഡേ ഇവന്റിനോടുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു ഈ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധങ്ങളുടെ ഭാഗമായി ലോകമാകമാനമുള്ള വിവിധ മുസ്ലീ രാജ്യങ്ങളിൽ സ്ത്രീകൾ ക്യാമറകൾക്ക് മുന്നിൽ നിിന്നും തങ്ങളുടെ ശിരോവസ്ത്രങ്ങൾ നീക്കം ചെയ്യുകയും അത് പരസ്യമായി അഗ്‌നിയിലിട്ട് കത്തിക്കുകയും ചെയ്തിരുന്നു. ഇറാനിയൻ ഗവൺമെന്റ് അടുത്തിടെ ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം സ്ത്രീകൾ എന്ത് ധരിക്കണമെന്ന് സർക്കാർ നിശ്ചയിക്കരുതെന്നാണ് ജനങ്ങളിൽ പകുതിയോളവും അഭിപ്രായപ്പെട്ടിരിക്കുന്നത്.

2014ൽ ഇത് സംബന്ധിച്ച് ഒരു സർവേ നടത്തിയിരുന്നുവെന്നും അത് പ്രകാരം സ്ത്രീകൾ എന്താണ് ധരിക്കേണ്ടതെന്ന് നിശ്ചയിക്കേണ്ടതെന്ന അവകാശം അവർക്ക് നൽകണമെന്നാണ് ജനങ്ങളിൽ 49 ശതമാനവും അഭിപ്രായപ്പെട്ടതെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിയുടെ ഓഫീസ് വെളിപ്പെടുത്തിയിരുന്നു. ഇന്നാണ് ആ സർവേ നടത്തുന്നതെങ്കിൽ ഹിജാബിനെ എതിർക്കുന്നവരുടെ എണ്ണം വർധിക്കുമെന്നുറപ്പാണെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഇറാനിയൻ യുവതി പ്രതികരിച്ചിരിക്കുന്നത്.നിരവധി മുസ്ലിം രാജ്യങ്ങളിൽ സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഹിജാബ് ധരിക്കുന്നതെങ്കിലും ഇറാൻ,, സൗദി അറേബ്യ, യുഎഇ, എന്നിവിടങ്ങളിൽ ഭരണകൂടം നിയമത്താൽ ഇത് നിർബന്ധമാക്കിയിട്ടുണ്ട്.

യുഎഇയിൽ ജനിച്ച് വളർന്ന് ഇന്ന് ഫ്രാൻസിൽ ജീവിക്കുന്ന യുവതിയായ അനൗൻഡ് അൽ അലി തന്റെ ഹിജാബ് അഴിച്ച് മാറ്റി അഗ്‌നിയിൽ ഇടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. താൻ യുഎഇയിൽ ആയിരുന്നപ്പോൾ സർക്കാർ നിർബന്ധിപ്പിച്ച് ശിരോവസ്ത്രം ധരിപ്പിച്ചതിന്റെ ദുരനുഭവങ്ങൾ അവർ പങ്ക് വയ്ക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ തെറ്റുകൾക്ക് പോലും തനിക്ക് കടുത്ത ശിക്ഷ ലഭിച്ചിരുന്നുവെന്നും ഈ യുവതി വേദനയോടെ ഓർക്കുന്നു. 1979ൽ ഇറാനിൽ നടന്ന ഇസ്ലാമിക് വിപ്ലവത്തിന് ശേഷമായിരുന്നു സർക്കാർ ഇവിടെ ഹിജാബ് നിർബന്ധമാക്കിയത്. ഇതിനെതിരെയുള്ള പ്രതിഷേധം സമീപ ആഴ്ചകളിൽ ശക്തിപ്പെട്ടിട്ടുണ്ട്. മയക്കുമരുന്നടിച്ചവരാണ് പരസ്യമായി ശിരോവസ്ത്രം കത്തിച്ചവരെന്നാണ് കഴിഞ്ഞ ദിവസം ഇറാനിയൻ ജുഡീഷ്യറി അഭിപ്രായപ്പെട്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രമില്ലാതെ പ്രത്യക്ഷപ്പെട്ട 29 സ്ത്രീകളെ ടെഹ്‌റാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് വെള്ളിയാഴ്ച ഇറാനിയൻ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.