ഫെബ്രുവരി ഒന്നിന് ആചരിച്ച ലോകഹിജാബ് ദിനത്തിൽ കടുത്ത മുസ്ലിംവിശ്വാസമുള്ള രാജ്യങ്ങളിലെ നിരധി സ്ത്രീകൾ പോലും ഹിജാബ് പരസ്യമായി കത്തിച്ച് ആ വസ്ത്രത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം ആ വസ്ത്രത്തെ പിന്തുണച്ച് രംഗത്തെത്തിയത് വൻ വിവാദമാകുന്നു. ഈ ദിനത്തിൽ മന്ത്രാലയത്തിലെ ജീവനക്കാർ മിക്കവരും ഹിജാബ് ധരിച്ചെത്തിയെന്നാണ് റിപ്പോർട്ട്. ഹിജാബ് ഇല്ലാത്തവർക്ക് സർക്കാർ വകുപ്പ് തന്നെ സൗജന്യമായി ഹിജാബ് നൽകുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെ കടുത്ത വിമർശനവുമായി കൺസർവേറ്റീവുകൾ രംഗത്തെത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യം, ബഹുമാനം, സുരക്ഷ എന്നിവയെ പ്രതിനിധീകരിക്കുന്നതിനാണീ വസ്ത്രം ധരിച്ചതെന്നായിരുന്നു മന്ത്രാലയത്തിന്റെ ന്യായീകരണം. ഈദിനത്തോടനുബന്ധിച്ച് നടന്ന വാക്ക്ഇൻ ഇവന്റിൽ വച്ച് നികുതിദായകന്റെ ചെലവിൽ സ്ത്രീകളെ അടിച്ചമർത്തുന്ന വസ്ത്രം നൽകിയെന്നാണ് ഇതിനെ തുടർന്ന് മന്ത്രാലയത്തിനെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരിക്കുന്നത്. പരമ്പരാഗത ഇസ്ലാമതവിശ്വാസത്തെ മുറുകെ പിടിക്കുന്ന ഇറാനടക്കമുള്ള ഇസ്ലാമിക് രാജ്യങ്ങളിലെ സ്ത്രീകളിൽ ചിലർ പോലും തങ്ങളുടെ ശിരോവസ്ത്രം പ്രസ്തുത ദിവസം കത്തിച്ച് പരസ്യമായിപ്രതിഷേധിക്കാൻ മുന്നോട്ട് വന്നപ്പോഴാണ് ബ്രിട്ടനിൽ ഹിജാബിനെ മഹത്വവൽക്കരിക്കുന്ന നീക്കം സർക്കാർ ചെലവിൽ അരങ്ങേറിയിരിക്കുന്നതെന്ന കടുത്ത വിമർശനമാണ് ശക്തമാകുന്നത്.

ചില ഇസ്ലാമിക് രാജ്യങ്ങളിൽ ശിരോവസ്ത്രം പരസ്യമായി അഗ്‌നിക്കിരയാക്കി പ്രതിഷേധിച്ച സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയോ അല്ലെങ്കിൽ തടവിലിടുകയോ ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബ്രിട്ടനിൽ സ്ത്രീകളെ വോട്ട് ചെയ്യാൻ അനുവദിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബ്രിട്ടനിൽ ലോക ഹിജാബ് ദിനം ഈവിധം ഗംഭീരമായി ആഘോഷിച്ചിരിക്കുന്നതെന്നത് കടുത്ത വിരോധാഭാസമാണെന്നാണ് നിരവധി പേർ വിമർശിച്ചിരിക്കുന്നത്.ലോകഹിജാബ് ദിനത്തെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പിന്തുണച്ചതിനെ ശക്തമായി വിമർശിച്ച് തീവ്രവാദ വിരുദ്ധ വിദ്ഗ്ധ സമിതിയായ ക്യുയില്ലം ഫൗണ്ടേഷന്റെ തലവനായ മജീദ് നവാസ് രംഗത്തെത്തിയിരുന്നു.

ഇറാനിൽ പോലും ഹ ിജാബിനെതിരെ പ്രതിഷേധം പുകയുമ്പോൾ ബ്രിട്ടനിലെ ആധുനിക സമൂഹത്തിലൂടെ ഇതിനെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങിയതിനോട് യോജിക്കാനാവില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.അടിച്ചമർത്തലിന്റെ എല്ലാ വിധ പ്രതീകങ്ങളോടും തങ്ങൾ ശക്തമായി പോരാടുമെന്നാണ് ആന്റിഹിജാബ് ആക്ടിവിസ്റ്റായ മസിഹ് അലിനെജാദ് റോയിട്ടേർസിനോട് പ്രതികരിച്ചിരിക്കുന്നത്.ഇത് തീർത്തും പരിഹാസ്യജനകമാണെന്നാണ് ടോറി എംപിയായ ആൻഡ്രൂ ബ്രിഡ്‌ഗെൻ ആരോപിക്കുന്നത്. ഇത് നികുതിദായകന്റെ പണം വ്യഥാ ചെലവഴിച്ചതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ലണ്ടനിലെ തങ്ങളുടെ ജീവനക്കാർക്കിടയിൽ നടന്ന ഒരു ഇന്റേണൽ ഇവന്റായിരുന്നു ഇതെന്നാണ് ഫോറിൻ ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംസ്‌കാരിക, സാമൂഹിക പ പ്രശ്‌നങ്ങളെ മനസലാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ജീവനക്കാരെ കൊണ്ട് ഹിജാബ് ധരിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.