ലണ്ടൻ: എട്ടുവയസ്സിൽത്താഴെ പ്രായമുള്ള കുട്ടികൾ ഹിജാബ് ധരിച്ചെത്തുന്നത് നിരോധിച്ച സ്‌കൂൾ ഹെഡ് ടീച്ചർ ഹിറ്റ്‌ലറിനെപ്പോലെ സ്വേഛാധിപത്യരീതിയിലാണ് പെരുമാറുന്നതെന്ന് രക്ഷിതാക്കൾ. കിഴക്കൻ ലണ്ടനിലെ ന്യൂഹാമിലുള്ള സെന്റ് സ്റ്റീഫൻസ് പ്രൈമറി സ്‌കൂൾ ഹെഡ് ടീച്ചറും ഇന്ത്യൻ വംശജയുമായ നീന ലാലിനെതിരെയാണ് രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

നീനയുടെ നടപടി ഹിറ്റ്‌ലറിന്റെ നടപടികൾക്ക് തുല്യമാണെന്ന് രക്ഷിതാക്കളും പ്രാദേശിക മത നേതാക്കളും ആരോപിച്ചു. 2004-ൽ പുറത്തിറങ്ങിയ ഡൗൺഫാൾ എന്ന സിനിമയിലെ രംഗങ്ങൾ ചേർത്ത വീഡിയോയിലൂടെ ഹെഡ് ടീച്ചറുടെ നടപടികളെ വിമർശിക്കാനും അവർ തയ്യാറായി. ഇതെന്റെ സ്‌കൂളാണ്. ഇതെന്റെ പ്രൈമറി സ്‌കൂളാണ്. അവർക്കവവരുടെ ശിരോവസ്ത്രമാണ് വേണ്ടത്. ഇവർക്കെല്ലാം പോയി ഐസിസിൽ ചേർന്നുകൂടേ?- വീഡിയോയിലെ സബ്‌ടൈറ്റിലിൽ ചോദിക്കുന്നു.

സിനിമയിലെ രംഗത്തെ സ്‌കൂളിലെ തീരുമാനവുമായും അതിനോടുള്ള ആളുകളുടെ പ്രതികരണവുമായും കൂട്ടിച്ചേർത്താണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ഹെഡ് ടീച്ചറുടെ തീരുമാനത്തിനെതിരേ രക്ഷിതാക്കൾ സംഘടിക്കുകയാണെന്നും അവർ ടീച്ചറുടെ രാജി ആവശ്യപ്പെട്ട് നിവേദനം തയ്യാറാക്കിയിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നു. ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഹിജാബ് ധരിക്കരുതെന്ന് നിർദേശിച്ച നീന ഹാൾ, റംസാൻ മാസത്തിൽ കുട്ടികൾ നോമ്പെടുക്കുന്നതിനെയും എതിർത്തിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ, കുട്ടികൾ നോമ്പെടുക്കേണ്ടെന്നാണ് തീരുമാനിച്ചത്. ഹിജാബ് ധരിക്കുന്നതിലൂടെ കുട്ടികളെ വേറിട്ടുകാണുന്ന അവസ്ഥയുണ്ടാകുന്നുവെന്നാണ് അത് നിരോധിക്കാൻ കാരണമായി അധികൃതർ പറയുന്നത്. സൺഡേ ടൈംസ് ഏറ്റവും മികച്ച പ്രൈമറി സ്‌കൂളായി തിരഞ്ഞെടുത്ത സ്ഥാപനാണ് സെന്റ് സ്റ്റീഫൻസ്.

എന്നാൽ, ഒരു വിഭാഗം വിശ്വാസികളെ മാത്രം ലക്ഷ്യമിടുന്നതാണ് ഹെഡ് ടീച്ചറുടെ തീരുമാനങ്ങളെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു. ബ്ലാക്ക്‌ബേണിലെ മുൻ മേയർ സലീം മുല്ലയടക്കമുള്ളവരാണ് നീന ലാലിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്. സ്‌കൂളിനെ ലക്ഷ്യമിട്ട് നടത്തുന്ന അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളാണിവയൊക്കെയെന്ന് അധികൃതർ പറയുന്നു. സ്‌കൂളിന്റെ സൽപേര് ഇല്ലാതാക്കുകയെന്ന ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലെന്നും അവർ ആരോപിക്കുന്നു.