ബംഗളുരു: കർണാടകത്തിലെ ഹിജാബ് വിഷയം കൂടുതൽ നിയമ പോരാട്ടങ്ങളിലേക്ക്. കർണാടകയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് എതിരെ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഹിജാബ് നിരോധനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉഡുപ്പി വനിതാ കോളേജിലെ വിദ്യാർത്ഥികള കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹർജിയിൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് ഭരണഘടനയിലെ ആർട്ടിക്കിൾ 14, 25 എന്നിവയുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. കർണാടകയിൽ വിവിധയിടങ്ങളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്‌കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രം നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.

ഉഡുപ്പി സർക്കാർ വനിതാ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റാതിരുന്നത് പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. ഹിജാബ് ധരിച്ചെത്തിയതിന് പിന്നാലെ സർക്കാർ കോളേജിൽ മൂന്ന് ദിവസമാണ് വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചത്. യൂണിഫോമിലെ ഒരേ സ്വഭാവത്തിന് ഹിജാബ് വിലങ്ങ് തടിയാവുന്നെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം.

പിന്നീട് കളക്ടറുടെ ഇടപെടലിൽ ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികൾക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. വിദ്യാർത്ഥിനികളുടെ ഭരണഘടനാ പരമായ അവകാശങ്ങൾ നിഷേധിക്കരുതെന്ന് കളക്ടർ വ്യക്തമാക്കുകയായിരുന്നു. കോളേജിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും കോളേജ് പ്രിൻസിപ്പൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരേയും പ്രതിഷേധം ഉയർന്നിരുന്നു.