കൈകൊടുക്കൽ പോലെ സൗഹൃദത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രകടനമായി ചിഹ്നമായി ചുംബനത്തേയും ആലിംഗനത്തേയും കാണേണ്ടതാണ്. സമൂഹത്തിൽ മറവില്ലാതെ ആർക്കും ചെയ്യാവുന്ന സ്വാഭാവികമായി ചെയ്യേണ്ട ആചാരമായി അതു മാറണം.

ചുംബനത്തിൽ അവസാനിക്കാതെ സൗഹൃദ സ്‌നേഹപ്രകടനങ്ങൾക്കപ്പുറമുള്ള ശാരീരിക വേഴ്ചയിലേക്കു നീളുന്ന ചുംബനം ലൈംഗികതയുടെ ഭാഗമാണ്. അതും സമൂഹത്തിൽ അനുവദിക്കപ്പെടേണ്ടതും അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുമാണ്. ചുംബനത്തിൽ ഏർപ്പെടുന്ന രണ്ടുപേരും ഏതു ലിംഗത്തിൽപ്പെട്ടവരുമാകട്ടെ സമ്മതിക്കുന്ന ആഗ്രഹിക്കുന്ന ഇടംവരെ മാത്രം പോകാനുള്ള പക്വത അവർക്കുണ്ടാകണം. തീർച്ചയായും സമൂഹത്തിന് ഇക്കാര്യത്തിൽ ഒരു കാഴ്ചപ്പാടും ഉണ്ടാകണം.

വിവാഹത്തിനുശേഷം മത സാമുദായിക അധികാരികളുടെ പാർട്ടി നേതാവിന്റെ പോലും കൺസന്റും ഉപദേശവും അനുസരിച്ചുമാത്രം നടപ്പാക്കേണ്ട ഒരു കാര്യമല്ല ലൈഗികത. പ്രത്യേകിച്ചും സാഹിത്യവും സിനിമയും മാദ്ധ്യമങ്ങളും മതഗ്രന്ഥങ്ങളും വഴി പ്രായഭേദമോ ലിംഗഭേദമോ ഇല്ലാതെ ആളുകളുടെ ലൈംഗിക ഊർജ്ജത്തെ നിരന്തരമായി ഹൈപൊട്ടൻഷ്യലിൽ ചാർജുചെയ്തുകൊണ്ടിരിക്കുന്ന നമ്മുടേതുപോലുള്ള ഒരു വിചിത്ര സമൂഹത്തിൽ! ഇങ്ങനെ ചാർജുചെയ്തു നിർത്തപ്പെടുന്ന ലൈംഗികത സ്വാഭാവികമായും അന്തസ്സാർന്ന വിധത്തിൽ ഡിസ്ചാർജു ചെയ്യപ്പെടേണ്ടതാണ്. അതില്ലാത്തതാണ് കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളുടെയെല്ലാം മുഖ്യകാരണം. ബലാൽസംഗങ്ങളും ശിശുപീഡനവും ഒരു വശം മാത്രമാണ്. ഇവിടത്തെ മനുഷ്യർ വിഷാദ മനസ്‌ക്കരും മാനിയാക്കുകളും മന്ദബുദ്ധികളും സ്വാർത്ഥരും ക്രൂരരും ആയിത്തീരുന്നതിന്റെ പ്രാധാന കാരണവും അതാണ്. ആരോഗ്യകരമായ വ്യക്തിത്വവും അധ്വാനിക്കാനുള്ള മനോഭാവവും നമ്മുടെയാളുകളിൽ കുറഞ്ഞു വരുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.

ഇതിനുള്ള പരിഹാരം പക്ഷേ ഒരു ബുദ്ധിജീവിക്കോ ഒരു രാഷ്ട്രീയ കക്ഷിക്കോ കണ്ടെത്താവുന്നതല്ല. എന്നാൽ ഒന്നാം ക്ലാസ്സു മുതൽ എല്ലാ സ്‌ക്കൂളുകളും മിക്‌സഡ് ആയിരിക്കുന്നതും ആൺപെൺ കുട്ടികൾ ഇടകലർന്ന് ഇരിക്കുന്നതും പൊതു രീതിയാകുന്നത് പരിഹാരമാർഗ്ഗത്തിന്റെ 'ഒന്നാം പാഠം' ആകും എന്നു പറയാൻ സാമാന്യബോധമുള്ള ഏതു വ്യക്തിക്കും കഴിയും.

ആരോടെങ്കിലുമുള്ള വാശിയുടെപേരിൽ ഒരു സമരമാർഗ്ഗമായി നടത്തേണ്ടതല്ല 'കിസ് ഓഫ് ലൗ' അഥവാ സ്‌നേഹചുംബനം. ചുംബനം സാമൂഹികമായി എന്നുവച്ചാൽ ജനകീയം തീരേണ്ടതിനുപകരം ഹൈജാക്കു ചെയ്യപ്പെടുകയാണിവിടെ. വീരസാഹസികതയുടെ ഒരു പരിവേഷം ചുംബനത്തിനുണ്ടാകുന്നത് നല്ലതല്ലല്ലോ. ചുംബനം ഏതു സാധാരണക്കാരുടെയും അവകാശമോ പ്രകടനോപാധിയോ സ്‌നേഹചിഹ്നമോ ആയിത്തീരുകയാണു വേണ്ടത്.

കേരളീയ സമൂഹത്തിൽ ഒരു രംഗത്തും ഒരു വിപ്ലവവും നടക്കാതെ പോകുന്നതിന്റെ കാരണത്തെക്കുറിച്ച് കുറെപ്പേരെങ്കിലും ആശങ്കപ്പെടുന്ന കാലമാണിത്. ആദർശമോ ഇച്ഛാശക്തിയോ കണക്കുകൂട്ടലോ ഇല്ലാത്ത ഒരുപ്പോക്കുകളാണ് മലയാളിയുടെ മുന്നേറ്റങ്ങളെല്ലാം. ധൈര്യമില്ലാത്തയാളും ചിലപ്പോൾ ചില സാഹസങ്ങൾ പ്രവർത്തിക്കുമല്ലോ.

ഓരോ രംഗത്തും നടത്തേണ്ടിയിരുന്ന ഒരുപാടു വിപ്ലവങ്ങൾ പിന്നിലിട്ടിട്ടാണ് നമ്മുടെ സമൂഹം മുന്നോട്ടുപോകുന്നത്. മിക്‌സഡ് സ്‌ക്കൂൾ എന്നതിന് നമുക്കൊരു മലയാളപദമില്ലല്ലോ. വേശ്യയുടെ പുല്ലിംഗവും മറ്റും തെരയുന്നതിനുമുമ്പേ അതു കണ്ടെത്തേണ്ടതായിരുന്നു. ക്ഷേത്രപ്രവേശന സമരം പോലെ ആൺപെൺ പള്ളിക്കൂടങ്ങളുടെ കവാടങ്ങൾ അന്യോന്യം തുറപ്പിക്കുവാനുള്ള പ്രക്ഷോഭം എന്നേ നടക്കേണ്ടതായിരുന്നു.