ദുബായ്: അവധിക്കാലം പ്രഖ്യാപിച്ചതോടെ പ്രവാസികൾക്ക് നാട്ടിലെത്തണമെങ്കിൽ ഇനി ഏറെ പണം ചെലവഴിക്കേണ്ടി വരും. അടുത്ത ദിവസങ്ങളിൽ ഈദുൽ ഫിത്തർ വന്നണയുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി ലാഭം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് വിമാനക്കമ്പനികൾ. ഏറെ തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആറാം തിയതി വരെയാണ് പൊള്ളുന്ന നിരക്കുകൾ കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2120 ദിർഹം മുതൽ 4030 ദിർഹം വരെയാണ് ഈ ദിവസങ്ങളിൽ ഇന്ത്യയിലേക്കുള്ള ഇക്കോണമി ക്ലാസ് നിരക്കുകൾ.

ആറു വരെ ഉയർന്ന നിരക്കാണെങ്കിലും അതിനു ശേഷം നിരക്കിൽ അല്പം ശമനം കാണുന്നുണ്ട്. 1520 ദിർഹം മുതൽ 2130 ദിർഹം വരെയാണ് ജൂലൈ ആറാം തിയതിയിലെ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് (1520 ദിർഹം) എയർ ഇന്ത്യയുടെ അബൂദബി-മംഗലുരു വിമാനത്തിനും കൂടിയ നിരക്ക് ( 2130 ദിർഹം) എയർ ഇന്ത്യയുടെ തന്നെ അബൂദബി-കൊച്ചി വിമാനത്തിനുമാണ്.

അബൂദാബിയിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ജൂലൈ ആറിനേ ഇനി എയർ ഇന്ത്യ ടിക്കറ്റ് ലഭിക്കൂ. ഇരു വിമാനത്താവളങ്ങളിലേക്കും 2130 ദിർഹമാണ് വ്യാഴാഴ്ച കാണിക്കുന്ന നിരക്ക്.

ഇതേ ടിക്കറ്റിന് ജൂലൈ ആറിന് ശേഷം നിരക്ക് കുത്തനെ കുറയുന്നുണ്ട്. ഏഴിന് 1230ഉം എട്ടിന് 1170ഉം ദിർഹമാണ് നിരക്ക്. അതേസമയം, കൊച്ചിയിലേക്ക് റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അങ്ങോട്ട് 1990 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാവുന്നുണ്ട്. തിരിച്ച് 820 മുതൽ 860 ദിർഹം വരെയാണ് നിരക്ക്. അബൂദാബിയിൽനിന്ന് മംഗലുരുവിലേക്ക് ജൂലൈ ഒന്ന് മുതൽ എയർ ഇന്ത്യ ടിക്കറ്റ് ലഭ്യമാണ്. 2170 ദിർഹമാണ് നിരക്ക്.

ജെറ്റ് എയർവേയ്സിൽ അബൂദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് ജൂലൈ രണ്ടിന് ടിക്കറ്റ് (3209 ദിർഹം) ലഭ്യമാണ്. കൊച്ചിയിലേക്ക് ജൂലൈ ഒന്നിന് 4039 ദിർഹം നൽകണം. തിരുവനന്തപുരത്തേക്ക് ജൂലൈ രണ്ടിന് 3149 ദിർഹമാണ് നിരക്ക്.
ദുബൈയിൽനിന്ന് കോഴിക്കോട്ടേക്ക് ജൂലൈ ഒന്നിന് 4059 ദിർഹമാണ് നിരക്ക്. ജൂലൈ ആറിന് ഇത് 1929 ദിർഹമാണ്.

ഇത്തിഹാദ് എയർവേസിൽ ജൂലൈ രണ്ടിന് അബൂദബികോഴിക്കോട് ടിക്കറ്റ് (3209 ദിർഹം) ലഭ്യമാണ്. ഇതേ തീയതിയിൽ കൊച്ചിയിലേക്ക് 3109 ആണ് നിരക്ക്. ആറിന് കോഴിക്കോട്ടേക്ക് 1909 ദിർഹവും കൊച്ചിയിലേക്ക് 1949 ദിർഹവുമാണ് നിരക്ക്.

എമിറേറ്റ്സിൽ അബൂദാബി കൊച്ചി റൂട്ടിൽ ജൂലൈ ഒന്നിന് തന്നെ ടിക്കറ്റ് ലഭിക്കും. 3635 ദിർഹമാണ് നിരക്ക്. രണ്ടിന് അബൂദാബിതിരുവനനന്തപുരം (3695 ദിർഹം) മൂന്നിന് ദുബൈകൊച്ചി (3695 ദിർഹം) വിമനങ്ങളുമുണ്ട്.