കുവൈറ്റ് സിറ്റി: പ്രവാസികൾക്കുള്ള ഹെൽത്ത് കെയർ ചാർജിൽ 500 ശതമാനത്തിലധികം വർധന വരുത്തുമെന്ന് ആരോഗ്യമന്ത്രാലയം. സ്വദേശികൾക്കുള്ള ആരോഗ്യ സേവന ഫീസിലും വർധന വരുത്തിയ മന്ത്രാലയം കുവൈറ്റ് സന്ദർശിക്കുന്നവർക്കും ഫീസ് വർധന വരുത്തിയിട്ടുണ്ട്.

രാജ്യത്തെ കുറഞ്ഞ ചികിത്സാ ചെലവ് മുതലെടുക്കാനെത്തുന്നവരെ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ട്യൂമറുകൾക്കുള്ള ചികിത്സയ്ക്ക് സന്ദർശകർക്ക് അയ്യായിരം ദിനാർ വേണ്ടി വരും. ഇവിടെ താമസിക്കുന്ന പ്രവാസികൾക്ക് ഇത് 500 റിയാലാണ്. അതേസമയം മുൻപ് ഇത് 100 റിയാൽ മാത്രമായിരുന്നു. ബോൺ ക്യാൻസറിനുള്ള ഐസോടോപ്പ് ചികിത്സയ്ക്ക് സന്ദർശകർക്ക് ആയിരം ദിനാറും താമസക്കാർക്ക് 500 റിയാലുമാണ്. നേരത്തെ ഇത് വെറും 50 ദിനാറായിരുന്നു. എക്സറേയ്ക്കും ലാബ് പരിശോധനകൾക്കുമുള്ള ഫീസും വർദ്ധിച്ചിട്ടുണ്ട്.

തൈറോയ്ഡ് പരിശോധനയ്ക്ക് പതിനഞ്ച് മുതൽ നാൽപ്പത് ദിനാർ വരെയാണ് ഫീസ്. സന്ദർശകർക്കിത് 90 റിയാലാകും. തൈറോജിൻ ഇൻജക്ഷന് താമസക്കാർ അഞ്ഞൂറ് ദിനാർ നൽകുമ്പോൾ സന്ദർശകർ 790 റിയാൽ നൽകണം. ഹൃദ്രോഗ പരിശോധന ഫീസ് താമസക്കാർക്ക് പത്തിൽ നിന്ന് അമ്പതായി വർദ്ധിപ്പിച്ചു. സന്ദർശകർക്കിത് 100 ദിനാറാണ്. ഗർഭിണികളിൽ അൾട്രാ സൗണ്ട് സ്‌കാനിന് ഫീസ് പത്ത് ദിനാറിൽ നിന്ന് മുപ്പത് ദിനാറായി വർദ്ധിപ്പിച്ചു. സിടിസ്‌കാനിന് 80 ദിനാറും എംആർഐ സ്‌കാനിന് 120 ദിനാറും നൽകണം.