മേരിക്കയിലേക്ക് മടങ്ങുമ്പോൾ ഹിലാരി ക്ലിന്റൺ എന്നും ഓർമയിലിരിക്കേണ്ട ഒരു പാഠവുമായാകും മടങ്ങുക. കൈക്കുഴ ഒടിഞ്ഞ് പ്ലാസ്റ്ററിട്ടിരിക്കുകയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനോട് പരാജയപ്പെട്ട മുൻ വിദേശകാര്യ സെക്രട്ടറി കൂടിയായ ഹിലാരി. ജോധ്പുരിൽ അവധി ചെലവഴിക്കാനെത്തിയ ഹിലാരി താമസിച്ചിരുന്ന ഉമൈദ് ഭവൻ പാലാസിലെ ബാത്ത്ടബ്ബിൽ വീണാണ് കൈയൊടിഞ്ഞത്. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതുകൊണ്ട് മറ്റു പരിപാടികൾ ഉപേക്ഷിച്ച് പൂർണ വിശ്രമത്തിലാണ് ഇവരിപ്പോൾ.

ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ആദ്യപരിശോധനയിൽ ഡോക്ടർമാർക്ക് ഒടിവ് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ബുധനാഴ്ച രാവിലെയായതോടെ വേദന കലശലായി. തുടർന്ന് ഗോയൽ ആശുപത്രിയിലെത്തിയ ഹിലാരിയുടെ കൈക്ക് ഒടിവുണ്ടെന്ന് സിടി സ്‌കാൻ പരിശോധനയിലും എക്‌സ്‌റേ പരിശോധനയിലും വ്യക്തമായി. നേരീയ പൊട്ടലാണുള്ളത്. പ്ലാസ്റ്റർ ഇടാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ജോധ്പുരിലെ ബാക്കി സന്ദർശന പരിപാടികൾ റദ്ദാക്കിയ ഹിലാരി, വ്യാഴാഴ്ച ജയ്‌പ്പുരിലേക്ക് പോയി.

ഇതാദ്യമല്ല ഹിലാരി ഇക്കുറി അപകടത്തിൽപ്പെടുന്നത്. തിങ്കളാഴ്ച മധ്യപ്രദേശിലെ മാണ്ഡുവിലുള്ള ജഹാസ് മഹൽ സന്ദർശിച്ച് മടങ്ങവെ പടിക്കെട്ടിൽ രണ്ടുതവണ അവർ തെന്നിവീഴാൻ പോയി. രണ്ടുവട്ടവും കൂടെയുണ്ടായിരുന്നവർ 70-ാകാരിയായ ഹിലാരിയെ വീഴാതെ കാത്തു. പടിക്കെട്ടിൽ വലതുകൈ കുത്തിയാണ് ഹിലാരി വീഴാതെ നോക്കിയത്. അവിടെവച്ചാണോ ഒടിവുണ്ടായതെന്നും വ്യക്തമായിട്ടില്ല.

അഞ്ചുമാസംമുമ്പ് ലണ്ടനിൽവെച്ച് വീണ ഹിലാരിയുടെ കാൽവിരൽ ഒടിഞ്ഞിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാൻഹട്ടനിലെ 9/11 സ്മാരകത്തിൽനിന്ന് മടങ്ങവെയും അവർ വീണു. അന്ന് അംഗരക്ഷകരുടെ കൈകളിലേക്കാണ് ഹിലാരി വീണത്. പിന്നീടവർക്ക് ന്യുമോണിയയും നിർജലീകരണവും ബാധിച്ചതായി കണ്ടെത്തുകയും ഹിലാരി ചികിത്സ തേടുകയും ചെയ്തു.

2013-ൽ സ്വന്തം വീട്ടിൽവെച്ചും ഹിലാരി വീണു. അന്ന് തലയടിച്ചാണ് വീണത്. ബ്രെയിനിന് സമീപം രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അവർക്ക് ആശുപത്രിയിൽകഴിയേണ്ടിവന്നു. തുടർച്ചയായി വീഴുന്നത് ശീലമാക്കിയ ഹിലാരി, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനുമുന്നിലും വീണു. ഭർത്താവും മുൻപ്രസിഡന്റുമായ ബിൽ ക്ലിന്റണിനൊപ്പവും അല്ലാതെയും ലോകം ചുറ്റുകയാണ് ഹിലാരി ഇപ്പോൾ.