കോന്നി: നിർദ്ദിഷ്ട മലയോര ഹൈവേയുടെ അലൈന്മെന്റ് പൂർത്തിയാകുന്നു. പാറശ്ശാല മുതൽ കാസർകോഡ് നന്ദരപടവ് വരെ നീളുന്ന 1250 കിലോമീറ്റർ ദൂരത്തിലാണ് ഹൈവേ വരുന്നത്. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പദ്ധതിയാണെങ്കിലും അനിശ്ചിതകാലമായി പദ്ധതി നീണ്ടുപോകുകയായിരുന്നു. 2009-ൽ അലൈന്മെന്റിന് രൂപം നൽകിയെങ്കിലും വനംവകുപ്പ് അടക്കമുള്ള സർക്കാർ ഏജൻസികൾ തർക്കം ഉന്നയിച്ചിരുന്നു.

ഇത് പരിഹരിക്കാനുണ്ടായ താമസമാണ് നിർമ്മാണം നീണ്ടുപോകാൻ ഇടയാക്കിയത്. മലയോര ജനതയുടെ ദ്വീർഘകാല ആവശ്യമായിരുന്നു മലയോര ഹൈവേ എന്നത്. ഇതിനാണ് ഒടുവിൽ രൂപരേഖ ആയിരിക്കുന്നത്. തർക്കങ്ങൾ ഇല്ലാത്ത തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. വനഭൂമിയിലൂടെ പോകുന്നതിനെയാണ് വനംവകുപ്പ് എതിർക്കുന്നത്. കേന്ദ്രവനംനിയമപ്രകാരം വനഭൂമി കൈയേറി റോഡ് നിർമ്മിക്കാൻ കഴിയില്ല. ഇടുക്കി ജില്ല ഒഴികെയുള്ള മറ്റ് ജില്ലകളിൽ വനഭൂമി തർക്കമുള്ള പ്രദേശങ്ങളിൽ സംയുക്ത പരിശോധന കഴിഞ്ഞു.

കോഴിക്കോട്, വയനാട് ജില്ലകളിൽ വനഭൂമി നഷ്ടപ്പെടാതെയുള്ള ബദൽ നിർദേശങ്ങളും ഉയർന്നിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പരിശോധനയ്ക്ക് മുൻപ് തന്നെ റോഡിന്റെ പുരോഗതി വിലയിരുത്താനായി സെപ്റ്റംബർ ആദ്യവാരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നുണ്ട്. 12മീറ്റർ വീതിയിലുള്ള റോഡിന്റെ നിർമ്മാണച്ചുമതല കെ.ആർ.എഫ്.ബി.ക്കാണ്.