തിരുവനന്തപുരം: ബിജെപി നേതാവിനെതിരെ ലൈംഗിക ആരോപണവുമായി സ്വാമി ഹിമവൽ ഭദ്രാനന്ദ. ബിജെപിയുടെ പ്രമുഖനായ സംസ്ഥാന നേതാവ് പ്രശസ്ത നടിയെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ആരോപണം. പീപ്പിൾ ടിവിയുടെ ന്യൂസ് ആൻഡ് വ്യൂവ്സിലാണ് ഹിമവൽ ഭദ്രാനന്ദയുടെ വെളിപ്പെടുത്തൽ.

തിരുവനന്തപുരം ജില്ലയിൽ മത്സരിച്ച പ്രമുഖനായ മുതിർന്ന നേതാവിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. മലയാളത്തിലെ ഒരു പ്രമുഖ നടിയെ കോഴിക്കോടുള്ള ഫാം ഹൗസിൽ എത്തിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നാണ് ഹിമവൽ ഭദ്രാനന്ദയുടെ ആരോപണം. പ്രതിഫലമായി പത്ത് ലക്ഷം രൂപയും നൽകി.

കേരളത്തിലെ പ്രമാദമായ പീഡനക്കേസിലെ പ്രതിയാണ് നടിയെ തരപ്പെടുത്തി നേതാവിന് നൽകിയതെന്നും ആരോപിക്കുന്നു. കാക്കാനാട് ജയിലിൽ വച്ച് പീഡനക്കേസിലെ പ്രതി തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഹിമവൽ ഭദ്രാനന്ദ പറയുന്നു. ബിജെപിയിലെ ചില ഉന്നത നേതാക്കൾക്ക് ഇക്കാര്യം അറിവുള്ളതാണെന്നും ആരും തുറന്ന് പറയാൻ മുതിരാത്തതാണെന്നും ഹിമവൽ ഭദ്രാനന്ദ വെളിപ്പെടുത്തി.

നേതാവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ശേഷം നിരവധി വധഭീഷണി കോളുകളും സന്ദേശങ്ങളും ലഭിക്കുന്നതായും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നൽകിയെന്നും ഹിമവൽ ഭദ്രാനന്ദ വ്യക്തമാക്കി.