തിരുവനന്തപുരം: മംഗളം ചാനൽ ചർച്ചയ്ക്കിടെ ബിജെപി സംസ്ഥാന നേതാക്കളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും കോഴ വാങ്ങുകയും അഴിമതി നടത്തുകയും ചെയ്യുന്ന നിരവധി നേതാക്കളുണ്ടെന്നും ആരോപണ ശരങ്ങൾ ഉയർത്തിയും സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ. മെഡിക്കൽ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയിൽ വി മുരളീധരൻ അഞ്ചുകോടി കോഴ വാങ്ങിയെന്നും കെ സുരേന്ദ്രൻ കോഴ ചോദിച്ചുവെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് സ്വാമി ഉയർത്തുന്നത്.

ബിജെപിയിൽ നടക്കുന്ന അഴിമതിയും ജനങ്ങളെ ചിരിച്ചുകൊണ്ടു കഴുത്തറുക്കുന്ന ഇടപാടുകളെ പറ്റി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനവുമായും മുതിർന്ന നേതാക്കളുമായും നേരത്തെ തന്നെ സംസാരിച്ചിരുന്നുവെന്ന് സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ വ്യക്തമാക്കുന്നു. പക്ഷേ, തിരിച്ചാണ് പ്രചരണം ഉണ്ടായത്. കുമ്മനത്തിന്റെ കസേര ഉടനെ മാറും. അതിൽ നോട്ടമിടുന്ന, ഇതുവരെ പണം വീതംവച്ചിരിക്കുന്നവരാണ് ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുന്നത് - സ്വാമി പറയുന്നു.

ഇപ്പോൾ പുറത്തുവന്ന അഞ്ചുകോടി അറുപതുലക്ഷമെന്ന കോഴ ആരോപണം ഒന്നുമല്ല. കഴിഞ്ഞ ഇലക്ഷൻ സമയത്ത് വി മുരളീധരന് ഓടുന്ന ഇന്നോവ കാറിൽ അഞ്ചുകോടി രൂപ ഒരു പ്രമുഖ വ്യവസായിയുടെ കയ്യിൽ നിന്ന് കിട്ടിയോ എന്ന് ഒന്ന് അന്വേഷിക്കട്ടെ. എന്റെ അടുത്ത സുഹൃത്തായ കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയിൽ നിന്ന് കെ സുരേന്ദ്രൻ പണം ചോദിച്ചോ എന്നതും അന്വേഷിക്കണം. കോഴിക്കോട് നടന്ന പാർട്ടി കൺവെൻഷന്റെ ചെലവും മറ്റും കേന്ദ്രത്തെ അറിയിച്ചോ, തിരഞ്ഞെടുപ്പിന്റെ ചെലവുകൾ അറിയിച്ചോ.. - സ്വാമി ചോദിക്കുന്നു. നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കുമെല്ലാം കൂടെനിന്ന് എട്ടിന്റെ പണി കൊടുക്കുകയാണ് കേരള നേതാക്കൾ. കാലങ്ങളായി ഇവിടെ ജനങ്ങളെ ഇവർ പറ്റിക്കുന്നു. കമ്മ്യൂണിസ്റ്റുകളുടേയും കോൺഗ്രസ്സിന്റേയും കൂടെനിന്ന് എല്ലാ കാലത്തും ഹിന്ദു ജനവിഭാഗങ്ങളെ ഇവർ പറഞ്ഞുപറ്റിക്കുകയാണ്. എന്നാൽ ബിജെപിയിൽ എഴുപതു ശതമാനത്തോളം വരുന്ന സത്യസന്ധരായ പ്രവർത്തകരുണ്ട്.

എ.എൻ രാധാകൃഷ്ണന്റെ കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ഇത്തരത്തിൽ കുറേ അലവലാതികളെ പാർട്ടിയിൽ നിന്ന് എടുത്തുകളയണം. അത്തരമൊരു ശുദ്ധീകരണം പാർട്ടിയിൽ അമിത്ഷായുടെ നേതൃത്വത്തിൽ നടക്കും - ഭദ്രാനന്ദ പറയുന്നു.

ഇത്തരത്തിൽ കടുത്ത ഭാഷയിലാണ് ഹിമവൽ ഭദ്രാനന്ദ ചാനൽ ചർച്ചയിൽ വിമർശനങ്ങൾ ഉന്നയിച്ചത്. കേരളത്തിൽ ബിജെപി രക്ഷപിടിക്കില്ലെന്നാണ് ഹിമവൽ ഭദ്രാനന്ദ വിമർശനം ഉന്നയിക്കുന്നത്. മനുഷ്യരെ എല്ലാവരേയും ഒന്നായി കാണാതെ ജാതിതിരിച്ച് കാണുന്ന സ്ഥിതിയാണ് കേരളത്തിലെ ബിജെപിക്ക് ഉള്ളത്. നായന്മാരിൽ തന്നെ വർഗീയ നായന്മാർക്കൊപ്പാണ് ഇവരുടെ നിലപാടുകൾ. മറ്റു ജാതിക്കാരെല്ലാം ബിജെപിക്ക് എതിരാണെന്നും ഭദ്രാനന്ദ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിക്ക് വേണ്ടി ഓരോ സീറ്റിനും വേണ്ടി ബിജെപി നേതാക്കൾ കോഴവാങ്ങിയെന്നും മയക്കുമരുന്ന് തലവനുൾപ്പെടെ കേന്ദ്ര നേതാക്കളെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നുമുള്ള ആരോപണമാണ് ഹിമവൽ ഭദ്രാനന്ദ ഉന്നയിക്കുന്നത്.

ചർച്ചയുടെ വീഡിയോ: