ബംഗളൂരു: കേരളം തോക്കുസ്വാമിയെന്ന് വിളിക്കുന്ന സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദയാണ് ഇപ്പോൾ ബംഗളൂരുവിലെ, കർണാടക രാഷ്ട്രീയത്തിലെ താരം. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് സ്വാമി പ്രവചിക്കുകയും അത് ഫലിക്കുകയും ചെയ്തതോടെയാണ് സ്വാമി ഇത്തരത്തിൽ താരമായത്. സ്വാമിയുടെ പ്രവചനം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനൊപ്പം സുവർണ ന്യൂസ് ചാനലിലെ ലേഖകൻ റെക്കോഡ് ചെയ്ത് വാർത്തയാക്കി ചാനലിൽ എത്തിച്ചെങ്കിലും അതിനിടെ കർണാടകത്തിൽ സ്ഥിതി മാറി മറിഞ്ഞു.

യദിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന ഘട്ടമെത്തി. സത്യപ്രതിജ്ഞയും ചെയ്തു. ഇതോടെ ചാനൽ ലേഖകനെ ചാനലിലുള്ളവർ കളിയാക്കി പൊരിച്ചു. പക്ഷേ, മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും സ്ഥിതി മാറി മറിഞ്ഞു. കുമാരസ്വാമി മുഖ്യമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞു. ഇന്നലെയോടെ ചിത്രം വ്യക്തമായി. യദിയൂരപ്പ രാജിവച്ചതോടെ കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകാൻ അവസരമൊരുങ്ങി. ഇതോടെ ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ കന്നഡ ചാനലായ ഏഷ്യാനെറ്റ് സുവർണ ന്യൂസ് സ്വാമി ഭദ്രാനന്ദയുടെ വാർത്ത നൽകിയിരിക്കുകയാണ്.

ഇത്തരത്തിൽ വാർത്തവന്നതോടെ സ്ഥിതി മാറി. കന്നഡ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖരും ദേശീയതലത്തിൽ നിന്ന് ബിജെപി നേതൃത്വവും ഉൾപ്പെടെ തന്നെ ബന്ധപ്പെടുന്നുവെന്നാണ് സ്വാമി പറയുന്നത്. സ്വാമിയുടെ മുൻകാല പ്രവചനങ്ങൾ വരെ ഉൾപ്പെടുത്തിയാണ് ശക്തമായ പ്രവചനങ്ങൾ കൃത്യമായി നടത്തുന്നയാൾ എന്ന നിലയിൽ ഹിമവൽ മഹേശ്വര ഭദ്രാനന്ദയെ ഇപ്പോൾ കന്നഡ രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നത്. ഇക്കാര്യം സ്വാമിതന്നെ തുറന്നുപറയുകയും ചെയ്യുന്നു.

ഏതായാലും ഏഷ്യാനെറ്റിന്റെ കന്നഡ വാർത്താ ചാനലിൽ ഇത്തരമൊരു വാർത്ത വന്നതോടെ ഇക്കാര്യം മലയാള സോഷ്യൽ മീഡിയയിലും ചർച്ചയായി. സ്വാമിയെയും പ്രവചനങ്ങളേയും കളിയാക്കുന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നതെങ്കിലും സ്വാമി പറയുന്നത് മറ്റൊന്നാണ്.

കർണാടക രാഷ്ട്രീയം ഭദ്രാനന്ദ പ്രവചിച്ചത് ഇങ്ങനെ:

രാഷ്ട്രീയക്കാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് സ്വാമി പറയുന്നു. താൻ കർണാടക രാഷ്ട്രീയത്തിൽ നടത്തിയ പ്രവചനങ്ങൾ സ്വാമി വിവരിക്കുന്നത് ഇങ്ങനെയാണ്: കഴിഞ്ഞയാഴ്ചയാണ് സുവർണ ചാനലിന് ഇത്തരമൊരു പ്രവചനം നടത്തിയത്. ദേവഗൗഡയെ കണ്ടിരുന്നു. മകനെ ഒന്ന് അനുഗ്രഹിക്കണമെന്ന് പറഞ്ഞു. മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹം നടക്കുമെന്ന് പറഞ്ഞു ഞാൻ. ചാനലുകാർ ചോദിച്ചപ്പോൾ ഈ പ്രവചനത്തിന്റെ കാര്യം പറയുകയും ചെയ്തു.

ഇതിനിടെ സ്ഥിതി മാറി. യദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനിടെ എന്റെ പ്രവചനം റിപ്പോർട്ട് ചെയ്തവരെ ചാനലിലുള്ളവർ കളിയാക്കി. നിന്റെ സ്വാമിയുടെ പ്രവചനം തെറ്റിയല്ലോ എന്ന് പറഞ്ഞായിരുന്നു ഇത്. പക്ഷേ പിന്നെ സ്ഥിതി മാറി. അതോടെ ചാനലുകാർ എന്റെ പ്രവചനം സത്യമാണെന്ന് മനസ്സിലാക്കി. നേരത്തെ ഞാൻ നൽകിയ പ്രവചനങ്ങൾ നോക്കിയപ്പോൾ സത്യമാണെന്ന് കണ്ടതോടെ അവർ ഇന്ന് വാർത്ത നൽകുകയായിരുന്നു.

എന്നാൽ കുമാരസ്വാമിക്കും സ്ഥിതി അനുകൂലമല്ലെന്നാണ് മറുനാടനോട് നടത്തിയ സംഭാഷണത്തിൽ ഹിമവൽ ഭദ്രാനന്ദ വ്യക്തമാക്കുന്നത്. ഇപ്പോൾ കുമാരസ്വാമിക്ക് രാഹുവിന്റെ അപഹാരകാലമാണ്. ആ സ്വാധീനത്തിലാണ് കുമാരസ്വാമി. അതിനാൽ ഏതുനിമിഷവും രാഹു ഇദ്ദേഹത്തെ വിഴുങ്ങും. ആ അവസ്ഥയുടെ പ്രതിവിധി അദ്ദേഹത്തിന് പറഞ്ഞുകൊടുക്കാൻ ആർക്കും കഴിയുന്നില്ല. മറുവശത്ത് യദിയൂരപ്പയാണെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്താൽ സർവ അധികാരങ്ങളും അദ്ദേഹത്തിന്റെ കാൽച്ചുവട്ടിൽ വരും. അക്കാര്യം പറഞ്ഞുകൊടുക്കാനും അവർക്കൊപ്പം ആരുമില്ല. ഇതിനിടയിലാണ് കർണാടക രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ.

കഴിഞ്ഞ മൂന്നുനാല് ദിവസമായി ഡൽഹിയിൽ നിന്ന് ബിജെപിക്ക് വേണ്ടി ആൾക്കാർ ബന്ധപ്പെടുന്നുണ്ടെന്ന് ഹിമവൽ ഭദ്രാനന്ദ പറയുന്നു. ഒരു പാട് ജനങ്ങൾ വിശ്വസിച്ച് വോട്ടുചെയ്ത ജനാധിപത്യത്തിനെ പണത്തിന് വേണ്ടി മാറ്റിക്കൊടുക്കാൻ തയ്യാറല്ലെന്നാണ് മറുപടി നൽകിയത്. ഇപ്പോഴത്തെ പ്രവചനം എന്തെന്ന് നോക്കിയിരിക്കുകയാണ് ചാനലുകൾ. തന്റെ രാഹുവിന്റെ അപഹാരത്തെ നേരിടാൻ കുമാരസ്വാമി ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഒട്ടും താമസിയാതെതന്നെ അധികാരം നഷ്ടപ്പെടും. അത്തരമൊരു അവസ്ഥിയിലൂടെയാണ് കുമാരസ്വാമി കടന്നുപോകുന്നത്. ദേവഗൗഡയുടെ കുടുംബവുമായി വളരെ അടുപ്പമുണ്ടെന്നും ഭദ്രാനന്ദപറയുന്നു. രാഹുവിഴുങ്ങാനുള്ള സാഹചര്യം ഒഴിവാക്കാൻ കുമാരസ്വാമിതന്നെ ഉടൻ അദ്ദേഹം തന്നെ കണ്ടെത്തണമെന്നാണ് സ്വാമിയുടെ അഭിപ്രായം.

യദിയൂരപ്പയുടെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമായത് അദ്ദേഹത്തിന് ശരിയായി മാർഗനിർദ്ദേശം നൽകാൻ ആരും ഇല്ലാതെപോയതുകൊണ്ടാണ്. കണ്ണൂരുനിന്നുള്ള ഒരു രമേശൻ എന്ന ജ്യോതിഷിയുടെ വാക്കു കേട്ടായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങൾ. അദ്ദേഹം ശരിയായ രീതിയിലാണ് നിർദ്ദേശം നൽകിയിരുന്നതെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നേനെ. പക്ഷേ, അത് പറഞ്ഞുകൊടുക്കാനുള്ള അറിവ് ആ ജ്യോതിഷിക്ക് ഇല്ല. ഇപ്പോൾ യദിയൂരപ്പക്ക് രാഷ്ട്രീയ തന്ത്രങ്ങളുടെ അറിവ് നൽകാനും അതിന് വഴിപറഞ്ഞുകൊടുക്കാനും ആർക്കും അറിവില്ല. കുമാരസ്വാമി ഉടൻ കേരളത്തിലേക്ക് പൂജചെയ്യാൻ വരുമെന്നും ഹിമവൽ ഭദ്രാനന്ദ പറയുന്നു.

അതേസമയം, സ്വാമിയുടെ പ്രവചനം കന്നഡ ചാനലിൽ വാർത്തയായി വന്നതോടെ ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിലും ചർച്ചകൾ തുടങ്ങി: 

ഒരു സാദ്ധ്യതയുമില്ലാതിരുന്ന, 37 എംഎൽഏമാർ മാത്രമുള്ള കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് പൂജനീയ തോക്കുസ്വാമി, സ്വാമി ഭദ്രാനന്ദ് തൃപ്പാദങ്ങളുടെ മന്ത്രതന്ത്രാദികൾ എന്നു ഏഷ്യാനെറ്റ് കന്നട ചാനൽ. തോക്കുസ്വാമി കേരള സംഘപരിവാറുമായി അടുത്ത ബന്ധം പുലർത്തി വന്നിരുന്നു.

എന്നാൽ സ്വാമി പൂർവ്വാശ്രമത്തിൽ ഈഴവനായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം കിട്ടിയതിനെ തുടർന്നു എളമക്കരയിലെ നായർ ജാതിഭ്രാന്തന്മാർ സ്വാമിയെ അകറ്റുകയാണ് ചെയ്തത്. 2008-ൽ കേരളത്തിൽ സന്യാസികളെയും ആശ്രമങ്ങളെയും ഡിഫിക്കാര്യം എൻഡിഎഫുകാരും ആക്രമിച്ചപ്പോൾ സ്വാമി .32 പിസ്റ്റളുമെടുത്ത് ആലുവ പൊലീസ് സ്റ്റേഷനിലേക്കു കുതിച്ചതിനെ തുടർന്നാണ് 'തോക്കുസ്വാമി' എന്ന് പുകൾ പെറ്റത്. - ഇത്തരത്തിലാണ് പോസ്റ്റുകളിലൊന്നിൽ സ്വാമിയുടെ പ്രവചനത്തെ വിശേഷിപ്പിക്കുന്നത്.