മുംബൈ: ഇംഗ്ലീഷിന്റെ മണ്ണിൽ ഇപ്പോൾ ഹിന്ദിയും വേരു പിടിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അമേരിക്കയിൽ സംസാരിക്കുന്ന ഇന്ത്യൻ ഭാഷകളിൽ ഒന്നാം സ്ഥാനം ഹിന്ദിക്കാണ്. തീർന്നില്ല വിശേഷം. ഗുജറാത്തിയും തെലുങ്കും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 2010ലെയും 2017ലേയും കണക്കുകൾ വച്ച് നോക്കിയാൽ തെലുങ്ക് സംസാരിക്കുന്നവരുടെ എണ്ണത്തിൽ 86 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. യുഎസ് സെൻസസ് ബ്യൂറോ അടുത്തിടെ പുറത്ത് വിട്ട അമേരിക്കൻ കമ്മ്യൂണിറ്റി സർവേ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2017 ജൂലൈ 1 ലെ കണക്കെടുപ്പ് പ്രകാരം അമേരിക്കയിലുള്ള 21.8 ശതമാനം ആളുകൾ വീട്ടിൽ ഇംഗ്ലീഷ് അല്ലാത്ത ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് വിവരം. അതായത് ആകെയുള്ള 30 കോടി ആളുകളിൽ 6.7 കോടി ആളുകൾ വീട്ടിൽ വിദേശ ഭാഷയാണ് സംസാരിക്കുന്നത്. 8.63 ലക്ഷം ആളുകളാണ് അമേരിക്കയിൽ ഹിന്ദി സംസാരിക്കുന്നത്. മാത്രമല്ല 4.34 ലക്ഷം ആളുകൾ ഗുജറാത്തിയും 4.15 ലക്ഷം ആളുകൾ തെലുങ്കും സംസാരിക്കുന്നുണ്ട്.

മാത്രമല്ല സെപ്റ്റംബർ 17ലെ റിപ്പോർട്ട് പ്രകാരം അമേരിക്കയിലുള്ള ജനസംഖ്യയിലെ 26.10 ലക്ഷം ആളുകൾ ഇന്ത്യയിൽ ജനിച്ചവരാണ്. 1990ന് ശേഷമുള്ള കണക്കുകൾ നോക്കിയാൽ അമേരിക്കയിൽ വിദേശ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. മാത്രമല്ല തമിഴ,് ബംഗാളി എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ എണ്ണത്തിൽ 57 ശതമാനവും 55 ശതമാനവും വർധനയുണ്ട്.