ദുബൈയിൽ താമസിക്കുന്ന മലയാളികൾക്ക് ഏറെ ആശ്വാസകരമായ വാർത്തയുമായി ദുബായി ആർടിഎ. രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള തിയറി പരീക്ഷയും നിർബന്ധിത ക്ലാസുകളും മലയാളത്തിൽ കൂടി ലഭ്യമാക്കാൻ ആർടിഎ സൗകര്യമൊരുക്കിയതാണ് മലയാളികൾക്ക് പ്രതീക്ഷയാകുന്നത്. സെപ്റ്റംബർ മുതൽ മലയാളം ഉൾപ്പെടെ ഏഴ് ഭാഷകളിൽ കൂടി പരീക്ഷയും ക്ലാസുകളും ഉണ്ടാകുമെന്ന് ആർടിഎ അറിയിച്ചു.

മലയാളത്തിന് പുറമെ ചൈനീസ്, റഷ്യൻ, ഹിന്ദി, തമിഴ്, ബംഗാളി, പേർഷ്യൻ ഭാഷകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇംഗ്‌ളീഷ്, അറബിക്, ഉർദു, പുഷ്തു ഭാഷകളിലാണ് പരീക്ഷയുള്ളത്. റോഡ് പരിശീലനത്തിന് ഹാജരാകാൻ 30 മിനുട്ട് നീളുന്ന തിയറി പരീക്ഷ വിജയിക്കേണ്ടതുണ്ട്. എട്ട് മണിക്കൂർ നിർബന്ധിത ക്‌ളാസിലും പങ്കെടുക്കണം. തിയറി ടെസ്റ്റിൽ 11 ഭാഷകളിൽ ചോദ്യങ്ങൾ സ്‌ക്രീനിൽ തെളിയും. വായിക്കാൻ അറിയാത്ത ആളാണെങ്കിൽ ഹെഡ്‌ഫോണിലൂടെ ചോദ്യം കേട്ട് ഉത്തരം നൽകാം.

അപേക്ഷാഫോറം പൂരിപ്പിക്കുന്‌പോൾ തന്നെ ഏത് ഭാഷയിലാണ് പരീക്ഷയും ക്ലാസും വേണ്ടതെന്ന് വ്യക്തമാക്കണം. പുതിയ തീരുമാനത്തെ ദുബൈയിലെ എല്ലാ ഡ്രൈവിങ് സ്‌കൂളുകളും സ്വാഗതം ചെയ്തു.

ഘട്ടംഘട്ടമായാണ് ദുബൈയിലെ ഡ്രൈവിങ് സ്‌കൂളുകളിൽ പുതിയ സംവിധാനം നടപ്പാക്കുക. എമിറേറ്റ്‌സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബെൽഹാസ ഡ്രൈവിങ് സെന്റർ, അൽ അഹ്ലി ഡ്രൈവിങ് സെന്റർ, ദുബൈ ഡ്രൈവിങ് സെന്റർ, ഗലദാരി ഡ്രൈവിങ് സ്‌കൂൾ, ഡ്രൈവ് ദുബൈ എന്നിങ്ങനെ ആറ് അംഗീകൃത ഡ്രൈവിങ് സ്‌കൂളുകളാണ് ദുബൈയിലുള്ളത്.