ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിന് രണ്ടുലക്ഷത്തോളം യോദ്ധാക്കളെ ഉത്തർപ്രദേശിൽ രംഗത്തിറക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ബജ്‌രംഗ്ദൾ പ്രവർത്തരകാണ് മതസംരക്ഷണത്തിനായി രംഗത്തിറങ്ങുന്നത്. ബാബ്‌റി മസ്ജിദ് തകർത്തതിന്റെ 25-ാം വാർഷികമായ ഇക്കൊല്ലം ഡിസംബർ ആറിന് ഇവർക്ക് തൃശൂൽ ദീക്ഷ നൽകുമെന്നും വിശ്വഹിന്ദു പരിഷത്തിന്റെ സെക്രട്ടറിയുടെ ചുമതലയുള്ള രാകേഷ് ത്യാഗി പറഞ്ഞു.

മത പൊലീസായാകും ഈ യോദ്ധാക്കൾ പ്രവർത്തിക്കുക. ആരെങ്കിലും ഹിന്ദുമതത്തെ ആക്ഷേപിക്കുകയോ അമ്പലങ്ങൾക്ക് കേടുപാടുകൾ വരുത്തുകയോ പശുക്കളെ കൊല്ലുകയോ ലൗ ജിഹാദിലൂടെ ഹിന്ദു പെൺകുട്ടികളെ മതംമാറ്റാൻ ശ്രമിക്കുകയോ ചെയ്താൽ ഇവർ അവരെ കൈകാര്യം ചെയ്യുമെന്ന് ത്യാഗി പറഞ്ഞു.

തൃശൂൽ ദീക്ഷ രാജ്യത്തെമ്പാടും നടക്കുമെന്ന് വിഎച്ച്പിയുടെ അന്താരാഷ്ട്ര ജോയന്റ് സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു. അതെപ്പോൾ നടത്തണമെന്ന് വേണമെങ്കിൽ അതാത് സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനിക്കാം. ശിവന്റെ ആയുധമായ തൃശൂലം ആത്മവിശ്വാസത്തിന്റെ ചിഹ്നമാണെന്നും ഇനി മുതൽ ഒരുതരത്തിലുള്ള ഭീഷണിക്കും ഹിന്ദുക്കൾ വഴങ്ങില്ലെന്നുമാണ് അതിനർഥമെന്നും ജയിൻ പറഞ്ഞു.

ആയുധങ്ങളായല്ല, ഹിന്ദുമതത്തിന്റെ സംരക്ഷത്തിനായാണ് തൃശൂലങ്ങൾ ഉപയോഗിക്കുകയെന്ന് ത്യാഗി പറഞ്ഞു. നവംബർ 19 മുതൽ ഡിസംബർ ആറുവരെയാണ് ബജ്‌രംഗ് ദൾ യോദ്ധാക്കളെ തിരഞ്ഞെടുക്കുന്നത്. അതിനുശേഷം ഏതാനും യൂണിറ്റുകൾ തൃശൂൽ ദീക്ഷ നടത്തുന്നുണ്ടെന്ന് ബജംരംഗ് ദൾ ദേശീയ കൺവീനർ മനോജ് വെർമ പറഞ്ഞു. അഞ്ചുലക്ഷത്തോളം പേരെ റിക്രൂട്ട് ചെയ്യാനാണ് സംഘടനയുടെ ശ്രമം.