- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മഹാദേവന്റെ ക്ഷേത്രക്കുളം ക്ഷേത്രക്കുളമായി തന്നെ നിലനിർത്തും... പറ്റുമെങ്കിൽ തടയാൻ നോക്കു': വെല്ലുവിളിച്ച് ശശികല ടീച്ചർ; തൃക്കുറ്റിശ്ശേരി മഹാദേവ ക്ഷേത്രക്കുളം നീന്തൽക്കുളമാക്കാൻ സർക്കാർ നീക്കമെന്ന് ഹിന്ദു ഐക്യവേദി; ഹിന്ദുക്കളുടെ ഭൂമി പിടിച്ചെടുത്ത് പൊതുകുളമാക്കാനുള്ള സി പി എം എന്നാരോപിച്ച് ഭക്തജന പ്രതിഷേധം
കോഴിക്കോട്: ബാലുശ്ശേരിക്കടുത്ത്പൊതുനീന്തൽ കുളമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. ക്ഷേത്രക്കുളം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തൃക്കുറ്റിശ്ശേരി വയൽപീടികയിൽ ഭക്തജന പ്രതിഷേധം സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മഹാദേവന്റെ ക്ഷേത്രക്കുളം, ക്ഷേത്രക്കുളമായി തന്നെ നിലനിർത്തുമെന്നും പറ്റുമെങ്കിൽ തടയാൻ നോക്കൂവെന്നും അവർ വെല്ലുവിളിച്ചു. പൊതുനീന്തൽക്കുളമാക്കാൻ പോകുന്ന കുളം സന്ദർശിച്ച ശശികല ടീച്ചർ ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കുമെന്നും വ്യക്തമാക്കി.
നാലു കുളങ്ങളുള്ള ജില്ലയിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കുറ്റിശ്ശേരി മഹാദേവ ക്ഷേത്രം. ഇതിൽ രണ്ടു കുളം ഭക്തജനങ്ങൾ ഉപയോഗിക്കുന്നതാണ്. ഒരു കുളം ഇതിനകം മണ്ണ് നിറഞ്ഞ് ഉപയോഗിക്കാൻ കഴിയാത്ത വിധം നശിച്ചുപോയിട്ടുണ്ട്. ശോച്യാവസ്ഥയിൽ കിടക്കുന്ന തെക്കുഭാഗത്തായുള്ള വലിയ തീർത്ഥക്കുളമാണ് ഇപ്പോൾ പൊതു നീന്തൽക്കുളമാക്കാനുള്ള നീക്കം നടക്കുന്നത്. കോട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലുള്ള ക്ഷേത്ര തീർത്ഥക്കുളത്തിന്റെ പേരു മാറ്റി പുതിയ മഠത്തിൽ താഴെ കുളം എന്ന പേരു നൽകി പ്രവൃത്തി ഉദ്ഘാടനവും നടന്നുകഴിഞ്ഞിട്ടുണ്ട്. പുരുഷൻ കടലുണ്ടി എം എൽ എയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ഇറിഗേഷൻ വകുപ്പ് ഹരിത കേരള മിഷനിലൂടെ 50 ലക്ഷം രൂപ വകയിരുത്തിയാണ് കുളത്തിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. നല്ല വലിപ്പമുള്ള കുളം നവീകരിച്ച് ജില്ലയിലെ ഏറ്റവും മികച്ച നീന്തൽകുളമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഹിന്ദുക്കളുടെ ഭൂമി പിടിച്ചെടുത്ത് പൊതുകുളമാക്കാൻ സി പി എം നടത്തുന്ന നീക്കമാണ് ഇതിന് പിന്നിലെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ഹിന്ദു ഐക്യവേദിയുടെ വാദം.
പാലക്കാട്ടില്ലം, പുതുശ്ശേരി ഇല്ലം, കക്കഞ്ചേരി ഇല്ലം, വലംപുതുശ്ശേരി ഇല്ലം എന്നിവടങ്ങളിലെ കാരണവന്മാരുടെ ഉടമസ്ഥതയിൽ 23 ഏക്കർ 30 സെന്റ് ഭൂമിയാണ് ക്ഷേത്രത്തിനുള്ളത്. ഇതിൽ 61 സെന്റ് സ്ഥലത്താണ് തീർത്ഥക്കുളം സ്ഥിതി ചെയ്യുന്നത്. വികസനത്തിന്റെ മറവിൽ ക്ഷേത്ര സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം. വികസനത്തിന് തങ്ങൾ എതിരല്ലെന്നും എന്നാൽ അത് ക്ഷേത്ര ഭൂമി തട്ടിയെടുത്താവരുതെന്നും ഹിന്ദു ഐക്യവേദി നേതാക്കൾ വ്യക്തമാക്കുന്നു.
വികസനം ക്ഷേത്രാചാരത്തിനും ഹൈന്ദവ വിശ്വാസത്തിനും അനുയോജ്യമായ തരത്തിലായിരിക്കണം. ക്ഷേത്രാചാരത്തിന് വിരുദ്ധമല്ലാത്ത ജനോപകാരപ്രദമായ ഏത് കാര്യത്തിനും ക്ഷേത്രക്കുളം ഉപയോഗിക്കുന്നതിന് വിശ്വാസികൾ എതിരല്ലെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.