കോഴിക്കോട്: കമ്മ്യൂണിസത്തെ എയ്ഡ്‌സ് വൈറസിനോട് ഉപമിച്ചും കേരളത്തിലെ ജനസംഖ്യാനുപാതത്തെ നേരിടാൻ ഹിന്ദു കുടുംബങ്ങളുടെ ശാക്തീകരണം അനിവാര്യമാണെന്നും പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമത്തിൽ നടക്കുന്ന ഹിന്ദു ധർമ പഠന ശിബിരം.

കേരളത്തിലെ ജനസംഖ്യ അനുപാതത്തെ നേരിടാൻ ഹിന്ദു കുടുംബങ്ങളുടെ ശാക്തീകരണം അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. കെ ജയപ്രസാദ് പറഞ്ഞു.
1850 മുതൽ 1970 വർഷത്തെ സെൻസസ് പ്രകാരം തിരുവിതാംകൂറിലും കൊച്ചിയിലും ഹിന്ദു ജനസംഖ്യ 21 ശതമാനം കുറഞ്ഞു. അതേസമയം 1970 ന് ശേഷം മുസ്ലിം ജനസംഖ്യ വൻതോതിൽ ഉയർന്നു. ഇതിനു കാരണം ഹിന്ദു യുവതി, യുവാക്കൾ വൈകി വിവാഹം കഴിക്കുന്നതുകൊണ്ടും, മുസ്ലിം യുവതി, യുവാക്കൾ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിക്കുന്നതു കൊണ്ടുമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഭാരതത്തിന്റെ വിഭജനത്തിനു ശേഷവും ശേഷിച്ച മുസ്ലിം സമൂഹം നടത്തിയ സംഘടിത മതപരിവർത്തനത്തിന്റെ ഫലമായി ഇന്ത്യയിൽ ഇപ്പോൾ ഇരുപത് കോടിയിൽ പരം മുസ്ലിംങ്ങൾ ഉണ്ട്. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും ഹിന്ദുധർമ്മ പഠനശിബിരത്തിൽ ജനസംഖ്യാ അസന്തുലിതാവസ്ഥയും പ്രത്യാഘാതങ്ങളുമെന്ന വിഷയത്തെ അധികരിച്ചു കൊണ്ട് നടത്തിയ പ്രഭാഷണത്തിൽ ഡോ. കെ. ജയപ്രസാദ് സൂചിപ്പിച്ചു.

സമൂഹത്തിൽ തുല്യത കൊണ്ടുവരുകയെന്ന ലക്ഷ്യമുള്ള സോഷ്യലിസം ലക്ഷ്യത്തിൽ നിന്നകന്നുവെന്ന് കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. ഇ ബാലകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ പ്രീണനം നടത്തി ഒരു വിഭാഗത്തെ മാത്രം പീഡിപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. മുതലാളിയും തൊഴിലാളിയം തമ്മിലുള്ള സംഘർഷം ആയിരുന്നു മാർക്‌സിസമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരല നവോത്ഥാനം ആത്മീയ ആചാര്യന്മാരിലൂടെയാണ് നടപ്പിലായതെന്ന് എം രാധാകൃഷ്ണൻ പറഞ്ഞു. ഹൈന്ദവ സാമുദായിക ആചാര്യന്മാരും ഹിന്ദു സംഘടനാ നേതൃത്വവും ചേർന്ന് നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ നവോത്ഥാനം ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൽ അതിന്റെ നേട്ടം തട്ടിയെടുത്ത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു.

കേരളത്തിൽ രൂപം കൊണ്ട ജാതി പ്രസ്ഥാനങ്ങൾ, ഭക്തി പ്രസ്ഥാനങ്ങൾ, മറ്റു സാമൂഹ്യ, സാംസ്‌കാരിക, അധ്യാത്മികപ്രസ്ഥാനങ്ങൾ എല്ലാംതന്നെ പരസ്പരവിരുദ്ധങ്ങളായിട്ടല്ല പ്രവർത്തിച്ചത് എന്നു മാത്രമല്ല പരസ്പരപൂരകങ്ങൾ ആയിരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 1915 ഒക്ടോബർ 24ന് കൊല്ലം ജില്ലയിൽ പെരുനാട് നടന്ന കല്ലുമാല സമരമെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് കൂടിയായ എം രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

കല്ലുമാല സമരത്തിൽ ചില തൽപരകക്ഷികൾ അക്രമം നടത്തിയപ്പോൾ അതിൽ മഹാത്മ അയ്യങ്കാളി ഇടപെട്ടുകൊണ്ട് കൊല്ലം റെയിൽവേ സ്റ്റേഷൻ മൈതാനത്ത് വലിയ ഹിന്ദുസമ്മേളനം വിളിച്ചു ചേർക്കുകയും ആ സമ്മേളനത്തിൽ എൻഎസ്എസ് സ്ഥാപക അംഗമായ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള അധ്യക്ഷത വഹിച്ചു എന്നതും രാധാകൃഷ്ണൻ ഓർമ്മപ്പെടുത്തി.

സെമിറ്റിക് മതങ്ങൾക്ക് സമൂഹത്തെ സ്വാഭാവികമായി സ്വാധീനിക്കാൻ സാധിക്കില്ല. അവർക്ക് അടിച്ചേൽപ്പിക്കാൻ മാത്രമേ കഴിയുകയുള്ളുവെന്ന് ജന്മഭൂമി ന്യൂസ് എഡിറ്റർ മുരളി പാറപ്പുറം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം എന്നത് മുഴുവൻ ലോക രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇവിടെ ഇടതുപക്ഷം യോഗയെ അവഹേളിക്കുമ്പോൾ ഇടതുപക്ഷം സ്വർഗ്ഗരാജ്യമായി കരുതുന്ന ചൈനയിലും മറ്റും യോഗയ്ക്ക് വളരെ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുവാൻ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ സംസ്‌കൃതത്തിന് ലോകത്തിൽ വലിയ തരത്തിൽ പ്രചാരണം നടന്നുവരുന്നു. തായ്‌ലാൻഡിൽ വച്ച് നടന്ന ലോക സംസ്‌കൃത സമ്മേളനത്തിൽ 65 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത് എന്നും മുരളി പാറപ്പുറം പറഞ്ഞു.

ആയുർവേദത്തിന് വളരെ വേഗത്തിൽ ലോകരാജ്യങ്ങളിൽ വേരോട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അലോപ്പതി രോഗത്തിന് ചികിത്സിക്കുമ്പോൾ ആയുർവേദം രോഗകാരണത്തിന് കൂടി ചികിത്സിക്കുകയും ആരോഗ്യം പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കുകയും ചെയ്യുന്നു. മാതാ അമൃതാനന്ദമയി മിഷൻ ആർട്ട് ഓഫ് ലിവിങ് എന്നീ പ്രസ്ഥാനങ്ങൾ വിദേശരാഷ്ട്രങ്ങളിൽ ചെലുത്തിയിട്ടുള്ള സ്വാധീനം വളരെ വലുതാണ് എന്നും ഹിന്ദുധർമ്മ പഠനശിബിരത്തിൽ ഹിന്ദുത്വ ത്തിന്റെ ആഗോള സ്വാധീനം എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് മുരളി പാറപ്പുറം പറഞ്ഞു.

ഹിന്ദു ഐക്യവേദിയടെ നേതൃത്വത്തിൽ 26 വരെ കൊളത്തൂർ അദ്വൈതാശ്രമത്തിൽ നടക്കുന്ന ഹിന്ദു ധർമ്മ പഠന ശിബിരം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയാണ് ഉദ്ഘാടനം ചെയ്തത്.