ഡബ്ലിൻ: കത്തോലിക്കാ സഭാംഗമല്ലാത്ത കാരണത്താൽ കുട്ടിക്ക് കത്തോലിക്കാ സ്‌കൂളിൽ പ്രവേശനം നിഷേധിച്ച മലയാളി കുടുംബം അയർലണ്ട് തങ്ങൾക്ക് ഏറെ നിരാശയാണ് നൽകിയതെന്ന് വെളിപ്പെടുത്തുന്നു. മലയാളിയായ രൂപേഷ് പണിക്കരും ഭാര്യ നാജാമോൾ കുളങ്ങരയുമാണ് ഹിന്ദുവായതിന്റെ പേരിൽ മകൾക്ക് കത്തോലിക്കാ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടത്.

ഡബ്ലിനിൽ താമസക്കാരായ രൂപേഷും കുടുംബവും ഐറീഷ് പൗരത്വം സ്വീകരിച്ചവരാണെങ്കിലും കത്തോലിക്കാ വിശ്വാസികളല്ലാത്തതിനാൽ സ്‌കൂൾ അധികൃതർ അവരുടെ മകൾ ഈവയ്ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. അധികൃതരുടെ ഈ നടപടിയെ ചോദ്യം ചെയ്ത രൂപേഷ് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഐറീഷ് പൗരത്വം സ്വീകരിച്ചിട്ടും മതത്തിന്റെ പേരിൽ സ്‌കൂൾ പ്രവേശനം നിഷേധിച്ചതിനാൽ ഒരു ഘട്ടത്തിൽ അയർലണ്ടിൽ നിന്നു മടങ്ങാൻ തങ്ങൾ തീരുമാനിച്ചെന്ന് വേദനയോടെ രൂപേഷ് പറയുന്നു.

രൂപേഷ് ഹോട്ടൽ ഇൻഡസ്ട്രിയിയിലും നാജാമോൾ നഴ്‌സായും ജോലി ചെയ്തുവരുന്നു. കിൽകെനിയിലും ലീമെറിക്കിലും മുമ്പ് ഇവർ താമസിച്ചിരുന്നുവെങ്കിലും 2013-ലാണ് ഡബ്ലിനിലേക്ക് ഇവർ താമസം മാറ്റുന്നത്.  2015 അക്കാദമിക് വർഷത്തിലേക്ക് ഈവയ്ക്ക് പ്രവേശനം ലഭിക്കുന്നതിനായി 2014 സെപ്റ്റംബറിൽ  തൊട്ടടുത്ത കാത്തലിക് സ്‌കൂളിൽ അപേക്ഷ നൽകുകയായിരുന്നു രൂപേഷ്. എന്നാൽ സ്‌കൂളിൽ ഈവയ്ക്ക് പ്രവേശനം നൽകാനാവില്ലെന്ന് അറിയിച്ചുകൊണ്ട് നവംബറിൽ തന്നെ സ്‌കൂളിൽ നിന്നു കത്തുവരികയും ചെയ്തിരുന്നു.
അതേസമയം 2016 അക്കാദമിക് വർഷത്തിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാമെന്ന് തങ്ങളെ അറിയിച്ചുവെന്നും രൂപേഷ് പറയുന്നു. തുടർന്ന് രൂപേഷ് സ്‌കൂളിലേക്ക് വിളിച്ചപ്പോൾ ഈവ വെയ്റ്റിങ് ലിസ്റ്റിലാണെന്നും 2016 ലും പ്രവേശനം ലഭിക്കുമെന്ന് ഉറപ്പുപറയാനാവില്ലെന്നും അവർ പറഞ്ഞു.

പിന്നീടാണ് കത്തോലിക്കനല്ലാത്തതിനാൽ കുട്ടിക്ക് പ്രവേശനം നൽകില്ല എന്ന് രൂപേഷിന് മനസിലാകുന്നത്. സ്‌കൂളിന്റെ തന്നെ ഇടവകയിലുള്ള കുട്ടികൾക്കാണ് സ്‌കൂൾ പ്രവേശനത്തിന് ആദ്യപരിഗണന നൽകുന്നതെന്നും പിന്നീട് നിലവിലുള്ള കുട്ടികളുടെ സഹോദരങ്ങൾക്കും ജീവനക്കാരുടെ കുട്ടികൾക്കും സ്‌കൂളിന്റെ സഹോദര സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾക്കുമായാണ് ഇവിടെ പ്രവേശനം നീക്കി വച്ചിട്ടുള്ളതെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ വിശദീകരണം. അപ്പോൾ ഹിന്ദുവായ ഒരു കുട്ടിക്ക് പ്രവേശനം നൽകില്ലേ എന്ന ചോദ്യത്തിന് ഇത് സ്‌കൂളിന്റെ നയമാണെന്നാണ് അവർ മറുപടി പറഞ്ഞതെന്നാണ് രൂപേഷ് വ്യക്തമാക്കുന്നത്.

പിന്നീട് അപേക്ഷ അയച്ചത് വൈകിപ്പോയെന്ന് അറിയിച്ചുകൊണ്ട് സ്‌കൂൾ പ്രിൻസിപ്പൽ രൂപേഷിന് കത്തയയ്ക്കുകയും കത്തോലിക്കരല്ലാത്ത കുട്ടികൾക്ക് തങ്ങൾ പ്രവേശനം നിഷേധിക്കുന്നില്ലെന്നും ഈ കത്തിൽ പ്രിൻസിപ്പൽ വ്യക്തമാക്കി. എന്നാൽ ഐറീഷ് നിയമമനുസരിച്ച് കത്തോലിക്ക സ്‌കൂളുകൾ കത്തോലിക്കരായ കുട്ടികളുടെ പ്രവേശനത്തിനാണ് മുൻഗണന നൽകുന്നതെന്ന് കത്തിൽ വ്യക്തമാക്കി. മറ്റൊരു കത്തോലിക്കാ സ്‌കൂളിനെ സമീപിച്ചപ്പോഴും ഈവയ്ക്ക് പ്രവേശനം ലഭിച്ചില്ലെന്നും ഇതിൽ വേദനയും നിരാശയും തോന്നിയ തങ്ങൾ അയർലണ്ട് വിട്ട് നാട്ടിലേക്ക് മടങ്ങാൻ ചിന്തിച്ചിരുന്നുവെന്നും രൂപേഷ് വേദനയോടെ ഓർക്കുന്നു.

മതത്തിന്റെ പേരിൽ കുട്ടികളെ വേർതിരിച്ച് പ്രവേശനം നൽകുന്ന കത്തോലിക്കാ സ്‌കൂളുകളുടെ നടപടിയെ സമൂഹത്തിൽ പൊതുചർച്ചയാക്കിയെടുക്കുന്നതിൽ രൂപേഷ് ഒരുപരിധി വരെ വിജയിച്ചിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി ജാൻ ഒ സെല്ലിവനും നീതിന്യായ വകുപ്പുമന്ത്രി ഫ്രാൻസിസ് ഫിറ്റ്‌സ്‌ജെറാർഡിനും ആർച്ച് ബിഷപ് ഡോ. ഡൈർമ്യൂട്ട് മാർട്ടിനും രൂപേഷ് കത്തയച്ചു. എന്നാൽ കുട്ടിയെ മാമ്മോദീസ മുക്കിയാൽ അഡ്‌മിഷൻ തരാമെന്നുള്ള ആർച്ച്ബിഷപ്പിന്റെ ഓഫീസിൽ നിന്നുള്ള മറുപടി തന്നെ ഞെട്ടിച്ചുവെന്നും രൂപേഷന് പറയുന്നു.

വീട്ടിൽ നിന്നു നടന്നുപോകാവുന്ന ദൂരത്തിലുള്ള ഒരു സ്‌കൂളിൽ ചേർക്കാൻ ശ്രമിച്ചത് നടന്നില്ലെന്നും മകൾ കത്തോലിക്കാ വിശ്വാസിയല്ലാതെ ജനിച്ച് അവളുടെ കുറ്റംകൊണ്ടാണോ എന്നുമാണ് രൂപേഷ് ചോദിക്കുന്നത്. വീട്ടിൽ നിന്ന് അരമണിക്കൂർ നേരം യാത്ര ചെയ്താൽ എത്തുന്ന ഒരു സ്‌കൂളിലാണ് ഈവയ്ക്ക് ഇപ്പോൾ പ്രവേശനം ലഭിച്ചിരിക്കുന്നത്. അതൊരു കത്തോലിക്കാ സ്‌കൂൾ തന്നെയാണ്. എന്നാൽ തങ്ങളുടെ അയൽവാസികളുടെ മക്കളെല്ലാം അടുത്തുള്ള സ്‌കൂളിൽ പോകുമ്പോൾ തനിക്കെന്താ ഈ സ്‌കൂളിൽ പഠിക്കാൻ സാധിക്കാത്തത് എന്നുള്ള മകളുടെ ചോദ്യത്തിന് മുമ്പിൽ തനിക്ക് മറുപടിയില്ലെന്നാണ് രൂപേഷ് വെളിപ്പെടുത്തുന്നത്. കുട്ടികളുടെ മനസിൽ മതവിവേചനത്തിന്റെ വിത്തുകൾ പാകാൻ തനിക്ക് താത്പര്യമില്ലാത്തതിനാൽ മറ്റു കാരണങ്ങൾ പറഞ്ഞാണ് താനവളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതെന്ന് ഈ പിതാവ് വിഷമത്തോടെ പറയുന്നു.