ന്യൂഡൽഹി: ഭീകരതക്കെതിരെ ഭിന്നതകൾ മറന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുപ്രവർത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പഞ്ചാബ് ഗുർദാസ്പൂരിലെ ഭീകരാക്രമണം സംബന്ധിച്ച് ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭീകരതക്ക് ജാതിയും മതവുമില്ല. ജാതിയും മതവും നോക്കിയല്ല ഭീകരപ്രവർത്തനങ്ങളെ സർക്കാർ ചെറുക്കുന്നത്. 'ഹിന്ദു ഭീകരത' എന്ന പദം ഉപയോഗിച്ചതിലൂടെ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടിനെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുപിഎ സർക്കാർ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ പി ചിദംബരം നടത്തിയ 'ഹിന്ദുഭീകരത'പരാമർശം ഉയർത്തിക്കാട്ടിയായിരുന്നു രാജ് നാഥ് സിംഗിന്റെ പരാമർശം.

പൗരന്മാരുടെ സുരക്ഷയാണ് പരമ പ്രധാനം. ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരിൽ എല്ലാ മതവിശ്വാസികളുമുണ്ട്. മരിച്ചവരെ മറന്ന് സർക്കാരിന് ഭീകരതയെ കണ്ടില്‌ളെന്ന് നടിക്കാൻ പറ്റില്ല. ഭീകരർ ആരായാലും അവരെ തുരത്തുക തന്നെ ചെയ്യമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

2008ലെ മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരനായ ഹാഫിസ് സയ്യിദ് പാക്കിസ്ഥാനിൽ സ്വതന്ത്രവിഹാരം നടത്തുകയാണ്. ഇന്ത്യ കൈമാറണമെന്നാവശ്യപ്പെടുന്ന ഭീകരനാണ് ഹാഫിസ് സയ്യിദ്. പഞ്ചാബിൽ ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരർ പാകിസതാനിൽനിന്ന് രവി നദി കടന്നാണ് ഇന്ത്യയിലെത്തിയതെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അതേസമയം, വ്യാപം അഴിമതി, ലളിത് മോദി എന്നീ പ്രശ്‌നങ്ങൾ ഉന്നയിച്ച് പ്രതിപക്ഷാംഗങ്ങൾ ഇരുസഭകളിലും ബഹളംവച്ചു. ആരോപണവിധേയരായ മന്ത്രിമാരുടെ രാജിയെകുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

ജനകീയ വിഷയങ്ങളിൽ ചർച്ച നടത്താൻ പ്രതിപക്ഷം അനുവദിക്കുന്നില്‌ളെന്ന് ആരോപിച്ച പാർലമെന്ററികാര്യ മന്ത്രി എം. വെങ്കയ്യ നാഡിയു, ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു. എത്ര ബഹളമുണ്ടാക്കിയാലും സഭ നിർത്തിവക്കില്‌ളെന്ന് സ്പീക്കർ സുമിത്ര മഹാജൻ വ്യക്തമാക്കുകയും ചെയ്തു.