- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നു; ലൗ ജിഹാദുണ്ട്; ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്; അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും; വിവാദ പ്രസ്താവനയുമായി ഇ ശ്രീധരൻ
പാലക്കാട്: ലൗ ജിഹാദ് വിവാദങ്ങൾ ദേശീയ തലത്തിൽ തന്നെ കൂടുതൽ ചർച്ചയാകുമ്പോൾ വിവാദ പരാമർശവുമായി മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തിൽ ബിജെപി പ്രചരണ വിഷയമായി ഉപയോഗിക്കുന്ന ലൗ ജിഹാദ് ആരോപണത്തിന് ചൂട്ടുപിടിച്ചു രംഗത്തുവന്നിരിക്കുന്നത്. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലൗ ജിഹാദുണ്ടെന്ന് ശ്രീധരൻ പറഞ്ഞു. ബിജെപി പ്രവേശത്തിന് മുമ്പോടിയായി ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലൗ ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും' - ശ്രീധരൻ പറഞ്ഞു. ലൗ ജിഹാദ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബീഫ് വിഷയത്തിലും ശ്രീധരൻ മറുപടി നൽകി. 'വ്യക്തിപരമായി ഞാൻ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടവുമല്ല' - അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കാൻ താത്പര്യമുണ്ട് എന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ സന്നദ്ധമാണ് എന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഗവർണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ബിജെപിയിൽ ചേരുന്നത് എന്ന് ശ്രീധരൻ പറഞ്ഞിരുന്നു. സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാൾ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താൻ ബിജെപിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാർട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരൻ അവകാശപ്പെട്ടിരുന്നു.
'കേരളത്തിൽ എനിക്ക് നല്ലൊരു ഇമേജുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ചും സത്യസന്ധത, ജോലികൾ കൃത്യമായി ചെയ്യുക എന്നിവയിൽ എനിക്ക് നല്ലൊരു പേരുണ്ട്. ഇങ്ങനെയുള്ള ഒരാൾ ബിജെപിയിൽ ചേർന്ന് പ്രവർത്തിച്ചാൽ വളരെ കൂടുതൽ പേർ കൂടെവരും. ബിജെപിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും.'- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ശ്രീധരൻ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ കിഫ്ബിക്കെതിരെയും സുരേന്ദ്രൻ രംഗത്തുവന്നിരുന്നു. കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിൽ പ്രളയമുണ്ടായതിന്റെ കാരണം പോലും സർക്കാർ കണ്ടുപിടിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതൊരു മനുഷ്യനിർമ്മിത പ്രളയമാണ്, സ്വാഭാവികമല്ല. ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്റെ കാരണവും വരാതിരിക്കാൻ എന്ത് ചെയ്യണം എന്നും കണ്ടെത്തണം. ഒരു നടപടിയും എടുത്തിട്ടില്ല. പ്രളയം ബാധിച്ചവരുടെ പുനരധിവാസം ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോൾ പിന്നെ പുനരധിവാസം സർക്കാറിന്റെ നേട്ടമായി പറയാൻ സാധിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
'കേരളത്തിലേക്ക് വ്യവസായങ്ങൾ വരണം. കഴിഞ്ഞ 20 വർഷമായി ഒരു നല്ല വ്യവസായം കേരളത്തിൽ വന്നിട്ടില്ല. വരാൻ സമ്മതിക്കുന്നില്ല ഇവിടുത്തെ ആൾക്കാർ. ആ സ്വഭാവം മാറണം. വ്യവസായങ്ങൾ വരാതെ ആളുകൾക്ക് ജോലി കിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സിൽവർ ലൈൻ. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാൻ പോകുന്നില്ല. അവർക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്.' - ശ്രീധരൻ പറഞ്ഞു.
അനുമതി ലഭിച്ച പല റെയിൽവേ പ്രോജക്റ്റും എൽഡിഎഫ് സർക്കാർ വേണ്ടെന്ന് വെച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലമ്പൂർ നഞ്ചംകോട് ലൈൻ, തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ ഇതൊന്നും വേണ്ട അവർക്ക്. ശരിക്കും സംസ്ഥാനത്തിന് ആവശ്യമായ പ്രോജക്റ്റുകൾ എടുക്കുന്നില്ല. പകരം, അവർക്ക് സൗകര്യം പോലെ, പേര് വർദ്ധിപ്പിക്കുന്ന പ്രോജക്റ്റുകളാണ് എടുക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ