ന്യൂ ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പു ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു വ്യക്തമായ ദിശാസൂചിയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി മൂന്നുമാസത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും രാജസ്ഥാനിലും ബിജെപിക്കു വലിയ തിരിച്ചടിയാണേറ്റിരിക്കുന്നത്. രാജസ്ഥാനിലെ ബിജെപിയുടെ നാലു സിറ്റിങ് സീറ്റുകളിൽ ഒരെണ്ണം മാത്രം നിലനിർത്താനേ, അവർക്കു കഴിഞ്ഞുള്ളൂ. മറ്റുമൂന്നു സീറ്റുകളും കോൺഗ്രസ് പിടിച്ചെടുത്തു. ഉത്തർപ്രദേശിലാവട്ടെ, ബിജെപിയുടെ 11 സിറ്റിങ് സീറ്റുകളിൽ ഒൻപതും സമാജ്‌വാദി പാർട്ടി പിടിച്ചെടുത്തു. ബിജെപി രണ്ടുസീറ്റിലേക്ക് ഒതുങ്ങി. എന്തിനധികം, പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ പോലും രണ്ടുസീറ്റുകൾ ബിജെപിയിൽ നിന്നു പിടിച്ചെടുക്കാൻ കോൺഗ്രസിനായി. ഡീസ, മംഗ്രോൾ എന്നീ സീറ്റുകൾ ആണ് ബിജെപിക്കു ഗുജറാത്തിൽ നഷ്ടമായത്. മോദി നിയമസഭാംഗമായിരുന്ന മണിനഗറും വഡോദരയും അടക്കം ഏഴ് സിറ്റിങ് സീറ്റുകൾ ബിജെപി നിലനിർത്തി.

33 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. ബിജെപി 13, കോൺഗ്രസ് 6, മറ്റുള്ളവർ 14 എന്നിങ്ങനെയാണ് സീറ്റ് നില.

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം നടന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടി കോൺഗ്രസുകാർ പോലും പ്രതീക്ഷിച്ചതല്ല. 100 ദിവസത്തെ വിജയത്തിന്റെ ആഘോഷത്തിൽ മുഴുകുന്നതിനിടയിലാണ് ബിജെപിക്ക് മുഖമടച്ച് അടികിട്ടിയത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒരിടത്തു പോലും പ്രസംഗിക്കാൻ പോകാൻ മോദി കാണിച്ച മടി ഈ പരാജയത്തിനു കാരണമായെങ്കിലും അതിനേക്കാൾ പ്രധാനമായി നിഴലിച്ചത് വർഗ്ഗീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകാൻ ബിജെപി കാട്ടിയ ധൃതിയാണ്. വർഗ്ഗീയ രാഷ്ട്രീയത്തിന് അവധികൊടുത്ത് വികസന രാഷ്ട്രീയം മാത്രം എടുത്തുകാട്ടി നടത്തിയ പ്രചരണത്തിനു ജനങ്ങൾ നൽകിയ അംഗീകാരം ആയിരുന്നു മോദിയുടെ വിജയം എങ്കിൽ മേൽജാതി സവർണ്ണ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയതാണ് ഇപ്പോഴത്തെ തിരിച്ചടിക്കു കാരണം. ആരെന്തെല്ലാം പറഞ്ഞാലും ഇന്ത്യയിൽ ഹിന്ദുക്കൾ അടിയുറച്ച മതേതരവാദികൾ ആണ് എന്നതിന് അടിവരയിടുകയാണ് ഈ തെരഞ്ഞെടുപ്പു ഫലം.

ലോകസഭാ തെരഞ്ഞെടുപ്പ് റിസൽറ്റ് കോൺഗ്രസിന്റെ തിരിച്ചുവരവായി കാണാനാവില്ല. കാരണം ആകെ ആറു സീറ്റുകളിലേ അവർക്കു വിജയിക്കാനായിട്ടുള്ളൂ. എന്നാൽ ബിജെപിക്കു വ്യക്തമായ സന്ദേശം ഈ ഫലം നൽകുന്നുണ്ട്. വികസനം എന്ന ഏക അജണ്ട മുന്നോട്ടുവച്ചായിരുന്നു മോദി ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പരമാവധി വിജയം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയരായ എംഎൽഎമാരെ പല സംസ്ഥാനങ്ങളിലും ബിജെപി ലോകസഭാ സ്ഥാനാർത്ഥികളാക്കി. അവരൊക്കെ വലിയ ഭൂരിപക്ഷത്തിൽ എംപിമാരായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ്ങിനോടുള്ള പ്രതിഷേധം, പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടിയ രാഹുൽ ഗാന്ധിയുടെ പിടിപ്പുകേട്, മതേതരചേരിയിൽ പെട്ട രാഷ്ട്രീയ കക്ഷികൾ വിഘടിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്, മോദി പ്രഭാവം തുടങ്ങി നിരവധി കാരണങ്ങൾ ബിജെപിയുടെ വലിയ വിജയത്തിനു കാരണമായി. എന്നാൽ അതിൽ മോദി തരംഗമില്ലെന്നും ഇതെല്ലാം പാർട്ടിയുടെ വോട്ടുകളാണെന്നും മുരളീ മനോഹർ ജോഷിയും ലാൽകൃഷ്ണ അദ്വാനിയും തുറന്നടിച്ചു. ഇവരിരുവരുടെയും അവകാശവാദങ്ങൾ കൂടിയാണ് ഈ തെരഞ്ഞെടുപ്പു ഫലത്തിലൂടെ പൊളിയുന്നത്. തെരഞ്ഞെടുപ്പു നടന്ന ഒരിടത്തു പോലും പ്രസംഗിക്കാൻ മോദി എത്തുകയുണ്ടായില്ല. പുതിയ ബിജെപി അദ്ധ്യക്ഷനും മോദിയുടെ വലംകയ്യുമായ അമിത് ഷാ ആവട്ടെ, മുഖം കാണിച്ചെന്നു വരുത്തി കേരളം അടക്കമുള്ള തെരഞ്ഞെടുപ്പില്ലാത്ത മറ്റു സംസ്ഥാനങ്ങളിലേക്ക് ഓടുകയായിരുന്നു. ലോകസഭയിൽ വീണതെല്ലാം ബിജെപി വോട്ടുകളായിരുന്നുവെങ്കിൽ ഇവരുടെ അസാന്നിദ്ധ്യത്തിലും വിജയം ആവർത്തിക്കാൻ ബിജെപിക്കു കഴിയേണ്ടതായിരുന്നു. അതുണ്ടായില്ല.

മറ്റൊരു പ്രത്യേകത, ബിജെപി വർഗ്ഗീയ രാഷ്ട്രീയത്തിലേക്കു തിരിച്ചുപോയതാണ്. നേരത്തെ അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ബിജെപിക്കു വിജയിക്കാൻ കഴിയാതെ പോയതിന്റെ പ്രധാന കാരണം, വാജ്‌പേയിയുടെ സൗമ്യമുഖത്തിന്റെ സ്ഥാനത്ത് രാമക്ഷേത്ര നിർമ്മാണം പ്രധാന അജണ്ടയാക്കി ഉയർത്തിക്കാട്ടി ബിജെപി നടത്തിയ പ്രചാരണമായിരുന്നു. മോദിയുടെ സ്വീകാര്യതയ്ക്ക് ഗുജറാത്ത് കലാപവും അതിനു ശേഷമുള്ള ഗുജറാത്തിലെ തുടർച്ചയായ വിജയങ്ങളും ഘടകങ്ങളായെങ്കിലും അതിനപ്പുറം വികസനവാദി എന്ന ഇമേജ് അണിയാൻ അദ്ദേഹത്തിനായി എന്നുള്ളത് കാണാതിരുന്നുകൂടാ. അതേ സമയം ബിജെപി ഇക്കഴിഞ്ഞ മാസങ്ങളിൽ രാമക്ഷേത്ര അജണ്ട വീണ്ടും പുറത്തെടുത്തതു കാണാം. ഭരത്‌പൂർ എംപി യോഗി ആദിത്യനാഥ് എന്ന കടുത്ത ഹിന്ദുത്വ പ്രചാരകന്റെ കൈപ്പിടിയിലായിരുന്നു, ഉത്തർ പ്രദേശിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണം. യുപിയിൽ വർഗ്ഗീയ ലഹളകൾ തുടർന്നാൽ ബിജെപി തന്നെ ജയിക്കും എന്നു പ്രസ്താവിച്ച് അമിത് ഷാ തന്നെ എരിതീയിൽ എണ്ണയൊഴിച്ചു. യുപിയിലെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണായുധമായി ബിജെപി ലൗ ജിഹാദിനെ ഉയർത്തിക്കാട്ടി. വിഷലിപ്തമായ ഇത്തരം പ്രചാരണങ്ങൾക്ക് ഇന്ത്യയിലെ ഗ്രാമീണ ജനതയെ ആകർഷിക്കാനാവില്ല എന്നു വീണ്ടും അടിവരയിടുന്നതാണ് തെരഞ്ഞെടുപ്പുഫലം.

യുപിയിലെ എസ്‌പിയുടെ വിജയത്തിൽ നന്ദി പറയേണ്ടത് ബിഎസ്‌പിക്കു കൂടിയാണ്. അവിടെ ഇത്തവണ ഒരു സീറ്റിലേക്കും മായാവതി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. പരസ്യമായി എസ്‌പിയെ എതിർത്തു സംസാരിച്ചുവെങ്കിലും സ്ഥാനാർത്ഥികളെ നിർത്താതിരുന്നതിലൂടെ മതേതരവോട്ടുകൾ ഭിന്നിക്കില്ലെന്ന് ഉറപ്പാക്കാൻ ബിഎസ്‌പി ജാഗ്രത കാട്ടി. ഇതോടെ ബിഎസ്‌പിയുടെ പെട്ടിയിൽ വീഴേണ്ട വോട്ടുകൾ കൂടി സമാജ്‌വാദി പാർട്ടിക്കു ലഭിച്ചു. ഈ സൂചന തിരിച്ചറിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കാൻ സമാജ്‌വാദി പാർട്ടിക്കായാൽ അത് ഉത്തർപ്രദേശിന്റെ വിധി മാത്രമല്ല, ഇന്ത്യയുടെ തന്നെ രാഷ്ട്രീയഭാവി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും എന്നതിൽ സംശയമില്ല.

മുസാഫർനഗർ കലാപത്തിൽ ബിഎസ്‌പി സ്വീകരിച്ച നടപടികൾ മുസ്ലിം ജനസാമാന്യത്തിനിടയിൽ വലിയ പ്രതിഷേധങ്ങളുയർത്തിയിരുന്നു. എന്നാൽ മുസ്ലിം വോട്ടുകളടക്കം തിരിച്ചുപിടിക്കാൻ എസ്‌പിക്കു കഴിഞ്ഞു എന്നു തെളിയിക്കുന്നതാണ്, ഉത്തർപ്രദേശിലെ ലൗ ജിഹാദ് വിവാദത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന സഹറൻപൂരിലെ ഫലം. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്.

കോൺഗ്രസ് ആകട്ടെ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുനിന്ന് രാഹുൽ ഗാന്ധിയെ മാറ്റി നിർത്തി. പ്രാദേശിക നേതാക്കളാണ് കോൺഗ്രസിന്റെ തെരെഞ്ഞുപ്പു പ്രചാരണത്തിനു മേൽനോട്ടം വഹിച്ചത്. രാഹുൽ മാറിനിന്നപ്പോൾ തന്നെ അത് കോൺഗ്രസിനു പുനരുജ്ജീവനം നൽകി. ഇന്ത്യയെ ഏറ്റവുംകാലം ഭരിച്ച പാർട്ടിയിലെ കുടുംബാധിപത്യം, പാർട്ടിയും ജനങ്ങളും ഒരുപോലെ തള്ളിക്കളഞ്ഞതിനു തെളിവാണ്, കോൺഗ്രസിനു ഗുജറാത്തിലടക്കം സൃഷ്ടിക്കാനായ ചെറിയ മുന്നേറ്റം. 

അതേ സമയം പശ്ചിമബംഗാളിൽ ഇതാദ്യമായി ബിജെപി നിയമസഭയിലേക്ക് ഒരു സീറ്റിൽ വിജയിച്ചു. ഒരു സീറ്റ് തൃണമൂൽ കോൺഗ്രസ് നേടി. ബംഗാളിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ബസീർഘട്ടിലും ചൗരംഗിയിലും പാർട്ടി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അസാമിൽ ഒരു സീറ്റിലും ബിജെപി വിജയിച്ചു. രണ്ടു സീറ്റുകളിൽ എയുഡിഎഫ് ആണ് മുന്നിൽ. ത്രിപുരയിലെ സിറ്റിങ് സീറ്റായ മാനു സിപിഐ(എം) നിലനിർത്തി.