കോഴിക്കോട്: കണ്ണിലൂടെ സൗരോർജം വലിച്ചെടുത്ത് ജീവിക്കുന്ന അത്ഭുദ മനുഷ്യൻ! ഇന്നലെ കോഴിക്കോട് അന്തരിച്ച, സൂര്യയോഗയുടെ വക്താവും, ഗുജറാത്തി വ്യവസായിയുമായ ഹീരാ രത്തൻ മനേഖ് എന്ന 85കാരന് മാധ്യമങ്ങൾ നൽകിയ വിശേഷണങ്ങൾ കണ്ടാൽ ആരും അമ്പരുന്നുപോകും. സൂര്യനെ ഭക്ഷണമാക്കിയ താപസൻ അന്തരിച്ചുവെന്നൊക്കെയാണ് തലക്കെട്ടുകൾ പോയത്. പക്ഷേ അങ്ങനെ കഴിയമോ എന്നൊന്നും ആരും പരിശോധിക്കുന്നില്ല.

സൂര്യനെ ഭക്ഷണമാക്കിയ താപസൻ

വാർത്ത ഇങ്ങനെയാണ്.- 'സൂര്യനിൽനിന്ന് ഊർജം സ്വീകരിച്ചുകൊണ്ടുള്ള ഉപാസനായജ്ഞത്തിന്റെ പ്രചാരകനും ഗുജറാത്തി വ്യവസായിയുമായ ചക്കോരത്തുകുളം വികാസ് നഗർ 131-ഹാപ്പി ഹോം ഫ്‌ളാറ്റിൽ ഹീരാ രത്തൻ മനേഖ് (85) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സൗരോർജം സ്വീകരിച്ച്, ആഹാരമുപേക്ഷിക്കുന്ന 'ഹീരാ രത്തൻ മനേക് പ്രതിഭാസ'ത്തിന്റെ ഉപജ്ഞാതാവാണ്. 2001-ൽ 411 ദിവസം തുടർച്ചയായി ഭക്ഷണമുപേക്ഷിച്ച് ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്. 20 വർഷത്തോളം ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ 'നാസ' ഇദ്ദേഹത്തെ ക്ഷണിച്ച് പഠനം നടത്തുകയും ബഹിരാകാശയാത്രികർക്ക് പ്രയോജനകരമാവുംവിധം ക്ലാസെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൗരോർജത്തിന്റെ പ്രചാരകനായി, സ്വന്തംശരീരം പരീക്ഷണശാലയാക്കിയ ഹീരാ രത്തൻ നൂറിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്.

യൂറോപ്യൻ ശാസ്ത്രലോകം കൗതുകത്തോടെ നിരീക്ഷിച്ച ഹീരാ രത്തൻ, മസ്തിഷ്‌കത്തെ സൗരോർജം ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനെക്കുറിച്ച് 'ബ്രെയിന്യൂട്ടർ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. രാജ്യരക്ഷാവകുപ്പിലും വിവിധ സർവകലാശാലകളിലും ഇതേക്കുറിച്ച് ക്ലാസെടുത്തിരുന്ന അദ്ദേഹം, 'സോളാർ എനർജി സൊസൈറ്റി ഓഫ് ഇന്ത്യ' അംഗമായിരുന്നു.

സൂര്യനെ ഉപാസിച്ച് സ്വന്തം ശരീരം പരീക്ഷണശാലയാക്കിയ താപസനായിരുന്നു വിടപറഞ്ഞ ഹീരാരത്തൻ മനേക്. ദീർഘനാൾ ഖരാഹാരം ഉപേക്ഷിച്ച് ഉപവാസം നടത്തിയാണ് മനേഖ് ലോകശ്രദ്ധയാകർഷിച്ചിരുന്നത്. സൂര്യോപാസനയിലൂടെ ലഭിക്കുന്ന ഊർജമാണ് ഭക്ഷണമില്ലാതെയും ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്നതെന്ന് മനേഖ് അവകാശപ്പെട്ടിരുന്നു.

കപ്പൽ ബിസിനസ് രംഗത്തുണ്ടായിരുന്ന മനേഖ് 1962-ൽ പോണ്ടിച്ചേരി അരബിന്ദോ ആശ്രമം സന്ദർശിച്ചപ്പോഴാണ് സൂര്യോപാസനയെക്കുറിച്ച് മനസ്സിലാക്കിയത്. 1992-മുതൽ പൂർണമായും സൂര്യോപാസകനായി. ഉദിച്ച് ഒരുമണിക്കൂറിനുള്ളിലും അസ്തമിക്കുന്നതിന് ഒരുമണിക്കൂർമുമ്പും നഗ്‌നനേത്രംകൊണ്ട് സൂര്യനെ നോക്കുന്നതാണ് സൂര്യോപാസന. തുടക്കത്തിൽ കുറച്ചു സെക്കൻഡുകൾമാത്രമേ നോക്കാവൂ. ഏഴുമാസംകൊണ്ട് ഇത് അരമണിക്കൂറായി വർധിപ്പിക്കാം. ഒമ്പതുമാസമാവുമ്പോൾ ശരീരം ഊർജക്കലവറയാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. പിന്നീട് വിശപ്പില്ലാതാവും. ക്രമേണ ഭക്ഷണം ഉപേക്ഷിക്കാനാവും.

1995 ജൂണിൽ കോഴിക്കോട്ട് 211 ദിവസം ഉപവാസം അനുഷ്ഠിച്ച് മനേഖ് വിസ്മയമായി. ഡോ. സി.കെ. രാമചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു ഉപവാസം. അഹമ്മദാബാദിൽ 2000 ജനുവരി ഒന്നുമുതൽ 2001 ഫെബ്രുവരി 15 വരെ 411 ദിവസം നടത്തിയ ഉപവാസമാണ് മനേഖിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. മനേഖിന്റെ ദീർഘ ഉപവാസം വാർത്തയായപ്പോൾ പെൻസിൽവാനിയാ, തോമസ് ജെഫേഴ്സൺ സർവകലാശാലകളുടെ ക്ഷണമനുസരിച്ച് മനേഖ് അമേരിക്കിയിലെത്തി പ്രഭാഷണപരമ്പരകൾ നടത്തി. നാസയുടെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്റർ സന്ദർശിക്കാനും അവസരം ലഭിച്ചു. ബഹിരാകാശയാത്രികർ സൂര്യോപാസന പരിശീലിക്കുന്നത് ഖരഭക്ഷണമില്ലാതെ കൂടുതൽക്കാലം ബഹിരാകാശത്ത് കഴിയാൻ അവരെ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കാഴ്ചപ്പാടുകൾ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രചരിപ്പിച്ചു. ഇതിനായി അമ്പതോളം രാജ്യങ്ങൾ സന്ദർശിച്ചു. സൂര്യദർശനത്തെക്കുറിച്ച് പുസ്തകവും രചിച്ചിട്ടുണ്ട്.'- ഇങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ

സൂര്യനിലൂടെ ഊർജം എടുക്കാനാവില്ല

എന്നാൽ ഹീരാ രത്തൻ മനേഖിന്റെത് ശുദ്ധ തട്ടിപ്പായിരുന്നെന്നാണ് കേരളത്തിലെ യുക്തിവാദികളും ദിവ്യാത്ഭുദ അനാവരണ വിദഗ്ധരും പറയുന്നത്. ഒന്നാമത് കണ്ണിലൂടെ സൗരോർജം ആഗിരണം ചെയ്യാൻ മനുഷ്യന് എന്ന് മാത്രമല്ല ലോകത്തിലെ ഒരു ജീവിക്കും കഴിയില്ല. ദീർഘനേരം സൂര്യനെ നോക്കിനിന്നാൽ കണ്ണ് തകരാറ് ആവുമെന്നല്ലാതെ യാതൊരു ഗുണവുമില്ല.'' മനുഷ്യന്റെ ഉപാപചയ പ്രവർത്തനങ്ങളെക്കുറിച്ച് പ്രാഥമികമായ അറിവുപോലുമില്ലാത്തവരാണ്, കണ്ണിലൂടെ സൗരോർജം ആഗിരണം ചെയ്ത് വിശപ്പ് അടക്കാൻ കഴിയും എന്നൊക്കെ പറയുന്നത്. അങ്ങനെ ആയിരുന്നെങ്കിൽ ആഫ്രിക്കയിലെ ലക്ഷക്കണക്കിന് കുട്ടികളുടെ പട്ടിണിയും പോഷകാഹാരക്കുറവും നമുക്ക് ഒറ്റയിടിക്ക് പരിഹരിക്കാൻ കഴിമായിരുന്നു. കണ്ണിലൂടെ അല്ല ഊർജ ഉത്പാദനം നടക്കുന്നത്. സൂര്യ രശ്മി ഭക്ഷണവുമല്ല. പ്രകാശസംശ്ലേഷണ സമയത്താണ് സൂര്യപ്രകാശം വേണ്ടത്. ഇതൊക്കെ നാം ചെറിയ ക്ലാസിൽ നിന്നുതന്നെ പഠിക്കുന്ന കാര്യങ്ങളാണ്. പക്ഷേ ഇപ്പോൾ നാം അതെല്ലാം മറക്കുന്നു. നമുക്ക് ഊർജം കിട്ടണമെങ്കിൽ, നാം ഭക്ഷണം തന്നെ കഴിക്കണം.''- പ്രമുഖ ഡയറ്റീഷ്യനും, എഴുത്തുകാരനുമായ ഡോ. എ.എൻ തിലകൻ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതെ ഇരുപതുവർഷം ജീവിച്ചുവെന്ന ഹീരാ ദത്തൻ മനേഖിന്റെ പ്രസ്താവനയും അതിശയോക്തി കലർന്നതാണ്. പച്ചവെള്ളവും, ജ്യൂസും കുടിച്ച് ജീവൻ നിലനിർത്താമെങ്കിലും, 20 വർഷമൊന്നും പിടിച്ചു നിൽക്കാൻ കഴിയല്ല. അങ്ങനെ വരുമ്പോൾ ശരീരഭാരം വല്ലാതെ കുറയും. വർഷങ്ങൾ നീണ്ട ഉപവാസത്തിന്റെ ശാരീരിക അവശതകൾ, മണിപ്പൂരിലെ പോരാളി ഇറോം ശർമ്മിളക്ക് ഇപ്പോഴും മാറിയിട്ടില്ല. വർഷങ്ങളായി ഭക്ഷണം ഉപേക്ഷിച്ചവർക്ക് ശബ്ദം ഉയർത്തി സംസാരിക്കാൻ പോലും കഴിയാതാവും. വായിലെയും നാക്കിലെയും രസമുകളങ്ങളെയെല്ലാം അതുബാധിക്കും. ഇറോ ശർമ്മിള ഈ ഘട്ടത്തിലൂടെയാണ് കടന്നുപോയതത്. അന്നനാളത്തിലും ആമാശയത്തിലും പ്രശ്നങ്ങൾ ഉണ്ടാവും. എന്നൽ മനേഖിനാവട്ടെ ഇത്തരം അസ്വസ്ഥകൾ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഇടക്കിടെ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാണ്.

മാത്രമല്ല സൂര്യന്റെ ഊർജം ഭക്ഷിച്ചാണ് ജീവിക്കുന്നത് എന്നതിനെ ചോദ്യം ചെയ്ത ശാസ്ത്രലോകത്തെ പ്രമുഖർ രംഗത്ത് എത്തിയിരുന്നു. ഇത് തെളിയിച്ചാൽ ഒരു കോടി ഡോളർ തരാമെന്ന് പറഞ്ഞ്, ജെയിംസ് റാൻഡി ഫൗണ്ടേഷൻ വെല്ലുവിളിച്ചെങ്കിലും മനേഖ് തന്ത്രപൂർവം ഒഴിവായി. ഇന്ത്യയിലും സനൽ ഇടമുറക് അടക്കമുള്ള യുക്തിവാദികൾ ഇത് തെളിയിക്കാൻ, വെല്ലുവിളിച്ചെങ്കിലും മനേഖ് അതിനൊന്നും പിടി കൊടുത്തില്ല. കേരളത്തിൽ സി രവിചന്ദ്രൻ, ഡോ. വിശ്വനാഥൻ തുടങ്ങിയ നിരവധി സ്വതന്ത്ര ചിന്തകർ സൂര്യയോഗ തട്ടിപ്പാണെന്ന് കാര്യകാരണ സഹിതം സമർഥിച്ചിട്ടുണ്ട്. പക്ഷേ ന്ധവിശ്വാസങ്ങൾക്ക് വലിയ മാർക്കറ്റുള്ള സ്ഥലമാണ് ഇന്നും യൂറോപ്പും അമേരിക്കയും. അവിടെ അദ്ദേഹം തന്റെ പരിപാടികൾ തുടർന്നു. പലയിടത്തും വലിയ സ്വീകരണം ലഭിച്ചു.

കൈയോടെ പിടിക്കപ്പെടുന്നു

മാത്രമല്ല അമേരിക്കയിൽവെച്ച് മനേഖ് കൈയോടെ 'പിടികൂടപ്പെടുന്ന' വീഡിയോയും യൂ ട്യൂബിലുണ്ട്. ഹീര ദത്തൻ മനേക് കട്ട് ഫ്രം ഈറ്റ് ദ സൺ ഡോക്യുമെന്റി എന്ന ഇംഗ്ലീഷിൽ സേർച്ച് ചെയ്താൽ ഇത് ലഭിക്കും. അമേരിക്കയിലെ ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിക്കുന്ന മനേഖിനെയാണ് ഒരു യൂട്ഊബർ പകർത്തിയത്. എന്നാൽ പിടിക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ ചില ആളുകൾ തനിക്ക് നൂറുഡോളർ തന്ന്, ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കാൻ പറയുകയും, തുടർന്ന് ചില ചിത്രങ്ങൾ എടുക്കുകയും ആയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ തന്ന ആ നൂറുഡോളർ എവിടെ എന്ന് കാണിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്ന് യൂട്ഊബർ റസ്റ്റോറന്റിലെ വെയിറ്ററെ കണ്ടപ്പോൾ മനേഖ് കഴിച്ച ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ചോദിക്കുന്നു.അപ്പോൾ വെയിറ്റർ അതെല്ലാം കാണിച്ചു കൊടുക്കുന്നു.

ഈ വീഡിയോയെ എടുത്തതോടെ വലിയ പ്രശ്നങ്ങൾ ഉണ്ടാകമെന്ന് മനേഖിന് ഉറപ്പായിരുന്നു. അത് ഒഴിവാക്കായി അദ്ദേഹം മാപ്പുപറഞ്ഞ്, മെയിൽ അയച്ചു. വർഷങ്ങൾക്കുശേഷമാണ് താൻ ഭക്ഷണം കഴിക്കുന്നുവെന്നതും, ശരീരം നിർബന്ധിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതും എന്നായിരുന്നു മനേഖിന്റെ വിശദീകരണം. എന്നാൽ വർഷങ്ങളായി ഖരഭക്ഷണം കഴിക്കാതെ ഒരു ദിവസം മാത്രം കഴിക്കുന്ന ആളിന്റെ ശരീരഘടനയും, രീതിയും ഒന്നുമല്ല അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും ദിവ്യാത്ഭുദ അനാവരണ വിദഗ്ദ്ധർ പറയുന്നു. പതിവായി ഭക്ഷണം കഴിക്കുന്ന വ്യക്തികളെപ്പോയെ യാതൊരു പ്രായസവും കൂടാതെ അദ്ദേഹം ചവച്ചരച്ച് ആസ്വദിച്ച് കഴിക്കായായിരുന്നു. ഇതിൽ നിന്നാണ് മനേഖ് പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടത്.

എന്നാൽ നാസ അംഗീകരിച്ചു, പ്രമുഖ സയൻസ് ജേർണലുകൾ അംഗീകരിച്ചു എന്ന അദ്ദേഹത്തിന്റെ വാദവും നുണയായിരുന്നു. ഒരു ശാസ്ത്രജേർണലും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ആധികാരികയായി അംഗീകരിച്ചില്ല. ഏതോ ഒന്നോ രണ്ടോ തട്ടിക്കൂട്ട് ജേർണലുകളിൽ പ്രൈമ ഫേസി ലേഖനം പ്രസിദ്ധീകരിക്കയാണ് ചെയ്തത്. അതിൽതന്നെ ദീർഘമായ പഠനവും സംവാദവും തുടർ പഠനവും നടത്തിയാണ് അത് അംഗീകരിക്കപ്പെടുക. മനേഖിന്റെ സിദ്ധാന്തങ്ങൾ യഥാർഥത ശാസ്ത്ര മാസികകൾ ഒറ്റ നോട്ടത്തിൽ തന്നെ തള്ളുകയാണ് ചെയ്തത്. പാരാസൈക്കോളജി തുടങ്ങിയ കപടശാസ്ത്രങ്ങൾക്കായി ഉണ്ടാക്കിയ ചില ജേർണലുകളാണ് ഇത് അംഗീകരിച്ചത്. അതിന് ശാസ്ത്രലോകത്ത് തരിമ്പുപോലും വിലയില്ല. സൗരോർജം സ്വീകരിച്ച്, ആഹാരമുപേക്ഷിക്കുന്ന 'ഹീരാ രത്തൻ മനേക്' പ്രതിഭാസം ആധുനിക ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ ഇന്നും കപട ശാസ്ത്രം തന്നെയാണ്.

''അതുപോലെ തന്നെയാണ് നാസയുടെ കാര്യവും. നാസ ഇദ്ദേഹത്തെ വെച്ച് യാതൊരു പഠനവും നടത്തിയിട്ടില്ല. ബഹിരാകാശയാത്രികർക്ക് പ്രയോജനകരമാവുംവിധം ക്ലാസെടുപ്പിച്ചിട്ടുണ്ടെന്നതു വെറും തള്ള് മാത്രമാണ്. ആകെയുണ്ടായത് നാസയുടെ ഒരു അനുബദ്ധ സ്ഥാപനം, വെള്ളം മാത്രം കുടിച്ച് ആരോഗ്യം നിലനിർത്താൻ കഴിയുമോ എന്ന കാര്യത്തിൽ എന്തോരു ഒരു റഫറൻസ് എടുത്തിട്ടുണ്ട്. അതിൽ തന്നെ ഉറപ്പില്ല. ബാക്കിയുള്ളത് എല്ലാം തള്ളുകളാണ്.''- ദിവ്യാത്ഭുദങ്ങളെ കുറിച്ച് പഠിക്കുന്ന ഡോ അനൂപ് സഖറിയ പ്രതികരിക്കുന്നു.