കാഠ്മണ്ഡു: 11 വർഷമായി തുടരുന്ന രാഷ്ട്രീയ ഹ്രസ്വകാല സർക്കാരുകളുടെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് നേപ്പാളിൽ ഇടതുസഖ്യം ചരിത്രവിജയം കുറിച്ചു.പാർലമെന്റ്-പ്രവിശ്യാ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മാവോയിസ്റ്റ്), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ-യുണെറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്) സഖ്യമാണ് കോൺഗ്രസ് സഖ്യത്തെ നിഷ്പ്രഭമാക്കി വിജയം നേടിയത്. 106 സീറ്റിലാണ് സഖ്യം വിജയിച്ച് കയറിയത്.

ആകെയുള്ള 165 സീറ്റിലേക്ക് നടന്ന മത്സരത്തിന്റെ ഫലം പുറത്ത് വന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ-യുണെറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്(സിപിഎൻ-യു.എം.എൽ) സഖ്യത്തിന് 74 സീറ്റും, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ-മാവോയിസ്റ്റ്(സിപിഎൻ-മാവോയിസ്റ്റ്) സംഖ്യത്തിന് 32 സീറ്റുമാണ് ലഭിച്ചത്. ഇതോടെ 275 അംഗ പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം ഇവർക്ക് ലഭിച്ചു.

മുൻ നേപ്പാൾ പ്രധാനമന്ത്രി കെ.പി ഓലിയാണ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് സഖ്യത്തിന് നേതൃത്വം നൽകുന്നത്. ഓലി 28000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് സഖ്യത്തെ നയിക്കുന്ന പ്രചണ്ഡ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വലിയ വിജയം നേടിയ കോൺഗ്രസിന് 20 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.

രാഷ്ട്രീയ അനിശ്ചിതത്വം കാരണം വികസനം വഴിമുട്ടിയ രാജ്യത്ത് കഴിഞ്ഞ 11 വർഷത്തിനിടെ 10 പ്രധാനമന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പ്രധാന കാരണം ഇരു കമ്യൂണിസ്റ്റ് പാർട്ടികളും പരസ്പരം ഏറ്റുമുട്ടിയതായിരുന്നു. എന്നാൽ ഇവർ നിലവിലെ തിരഞ്ഞെടുപ്പിൽ ഒന്നിച്ചതോടെ പഴയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സങ്കീർണമായ വോട്ടെടുപ്പ് പ്രക്രിയ മൂലം ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയേക്കും.2006 ലാണ് രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധത്തിൽ നിന്ന് നേപ്പാൾ കരകയറിയത്. രണ്ടുവർഷം മുമ്പ് രാജഭരണം അവസാനിപ്പിക്കുകയും ജനാധിപത്യഭരണത്തിലേക്ക് ചുവട് വയക്കുകയും ചെയ്തു.