കോഴിക്കോട്: സാമുദായിക ധ്രുവീകരണവും സംഘർഷങ്ങളും അധികാരത്തിന്റെ മൂലധനമായിമാറുന്ന കാലത്ത് രാജ്യത്തിന്റെ സഹവർത്തിത്ത്വത്തിലും സാഹോദര്യത്തിലുമധിഷ്ഠിതമായ പാരമ്പര്യത്തെ കണ്ടെടുത്ത് പ്രതിരോധം തീർക്കണമെന്ന് കോഴിക്കോട് ജെ ഡി റ്റി കാമ്പസിൽ സംഘടിപ്പിച്ച സാമൂഹ്യ സഹവർത്തിത്ത്വം കേരള ചരിത്ര പാഠങ്ങൾ ഹിസ്റ്ററി കോൺഫറൻസ് അഭിപ്രായപ്പെട്ടു. വിവിധ സമുദായങ്ങളുടെയും വംശങ്ങളുടെയും സൗഹാർദമാണ് സമൂഹ രൂപവൽക്കരണത്തിന്റെ അടിസ്ഥാനമായി രാജ്യത്ത് പ്രവർത്തിച്ചതെന്നും കോൺഫറൻസ് ചൂണ്ടിക്കാട്ടി. കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ഹിസ്റ്ററി കോൺഫറൻസിന്റെ സംഘാടകർ രാജ്യത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതുന്ന സംഘ്പരിവാർ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനിക്കുകയാണെന്ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത പി. കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യം നേടിയതുപോലും വൈവിധ്യങ്ങളുടെ കൂടിച്ചേർന്ന് രൂപപ്പെടുത്തിയ പോരാട്ടത്തിലൂടെയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഭൂപ്രകൃതിയും പടിഞ്ഞാറുവശത്തെ സമുദ്ര സാന്നിധ്യം വിദേശികളെപ്പോലും മാടിവിളിക്കുകയും വിവിധ സമൂഹങ്ങൾ തമ്മിലുള്ള കൂടിച്ചേരലുകൾക്ക് കാരണമായെന്ന് പ്രമുഖ ചരിത്രകാരൻ ഡോ. എം ജി എസ് നാരായണൻ അഭിപ്രായപ്പെട്ടു. പുരാതന കാലത്ത് ആഗോള കമ്പോളത്തിൽ കേരളത്തിനുണ്ടായിരുന്ന സ്വാധീനം സാമൂഹ്യ സഹവർത്തിത്വത്തിന് നിമിത്തമായെന്നും അദ്ദേഹം പറഞ്ഞു.

കലാപങ്ങളിലൂടെ നൂറ് കണക്കിന് ന്യൂനപക്ഷവിഭാഗത്തിൽ പെട്ടവരെ അരുംകൊല ചെയ്ത സംഘ്പരിവാർ മുത്തലാഖിലൂടെ മുസ്ലിം സ്ത്രീകളുടെ കണ്ണീരൊപ്പാൻ ശ്രമിക്കുന്നത് കാപട്യമാണെന്ന് എം ഐ ഷാനവാസ് എംപി അഭിപ്രായപ്പെട്ടു. ആഴത്തിലുള്ള സൗഹാർദ്ദമാണ് കേരളത്തെ രൂപപ്പെടുത്തിയതെന്നും വിവിധ സമുദായങ്ങളുടെ സാഹോദര്യത്തിന് മികച്ച മാതൃകയാണ് കേരളത്തിന്റെ പുരാതന ചരിത്രമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി. അഭിപ്രായപ്പെട്ടു. കേരളത്തിൽ സമകാലിക സംഭവവികാസങ്ങൾ ഈ സാഹോദര്യത്തെ തകർക്കുന്നതാണെന്നും അതിനെതിരെയുള്ള മികച്ച ജാഗ്രതയാണ് ഇതുപോലെയുള്ള ഹിസ്റ്ററി കോൺഫറൻസ് എന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയിലും ബഹുസ്വരതയിലും വൈവിധ്യങ്ങളിലും ഊട്ടിയുറപ്പിക്കപ്പെട്ട രാജ്യം ഫാഷിസ്റ്റ് ഭീഷണി നേരിടുമ്പോൾ സംഘടിതമായി ചെറുത്തു തോൽപിക്കാൻ ശ്രമിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ചരിത്രത്തെ വക്രീകരിക്കുന്നതും വികൃതമാക്കുന്നതും എക്കാലത്തും രാഷ്ട്രീയത്തിന്റെ അതിപ്രസരമാണെന്ന് ുൻ എം പി ടി കെ ഹംസ പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാണ് എന്നും ചരിത്ര രചന നടന്നിട്ടുള്ളത്. കേരളവും അതിൽ നിന്ന് ഭിന്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ അസന്നിഹിതമാക്കപ്പെട്ട ദലിത് സമൂഹങ്ങളെ വീണ്ടും അപ്രത്യക്ഷമാക്കാനുള്ള ശ്രമമാണ് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് ആവശ്യത്തിന് പിന്നിലുള്ളതെന്ന് പ്രമുഖ ആക്ടിവിസ്റ്റും ചരിത്രകാരനുമായ കെ. കെ കൊച്ച് പറഞ്ഞു.

ചരിത്രത്തിലെ സാമുദായിക സഹവർത്തിത്വം പോലും നിരപേക്ഷമല്ലെന്നും അതാത് കാലങ്ങളിലെ അധികാര കേന്ദ്രങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് നിർമ്മിക്കപ്പെട്ടതാണെന്ന അന്വേഷണം കൂടി പ്രസക്തമാണെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം തലവൻ ഡോ കെ എസ് മാധവൻ ചൂണ്ടിക്കാട്ടി. ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപിനനിവാര്യമായ വൈജ്ഞാനിക ശ്രമമാണ് ചരിത്ര കോൺഫറൻസ് എന്നും അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക അന്വേഷണങ്ങൾ സംഘ് പരിവാർ കാലത്ത് ഒരു സാമൂഹ്യ പ്രവർത്തനവും രാഷ്ട്രീയയായുധവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷൻ പി മുജീബ്റഹ്മാൻ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ ശിഹാബ് പൂക്കോട്ടൂർ സ്വാഗതവും ഫൈസൽ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു. കേരളത്തിന്റെ സൗഹൃദ പാരമ്പര്യം ചരിത്ര പാഠങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ. കെ അബ്ദുസ്സത്താർ, ഡോ. എം പി മുജീബ് റഹ്മാൻ, എം എ അജ്മൽ മുഈൻ, എ എസ് അജിത്കുമാർ, ഇ എസ് അസ്ലം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വി എം ഇബ്റാഹിം അദ്ധ്യക്ഷത വഹിക്കുകയും ജി.ഐ.ഒ. പ്രസിഡണ്ട് അഫീദ അഹമ്മദ് സ്വാഗതവും പറഞ്ഞു.

കേരളം സാമൂഹിക സഹവർത്തിത്വത്തിന്റെ ചരിത്രവും വായനയും എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ അബ്ദുർറഹ്മാൻ മങ്ങാട്ട്, ഡോ. ശരീഫ് ഹുദവി, സദ്റുദ്ദീൻ വാഴക്കാട്, ഫൗസിയ ഷംസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ടി ശാക്കിർ, എം കെ മുഹമ്മദലി എന്നിവർ ചർച്ച നിയന്ത്രിച്ചു. രാഷ്ട്രീയ സൗഹാർദവും സമവായവും സംഘർഷവും എന്ന വിഷയത്തിൽ നടന്ന സംവാദം പി വി അബ്ദുൽ വഹാബ് എംപി. ഉദ്ഘാടനം ചെയ്തു. അഡ്വ.കെ എൻ എ ഖാദർ എംഎ‍ൽഎ, കെ ടി കുഞ്ഞിക്കണ്ണൻ, ടി സിദ്ദീഖ്, പ്രഫ. എ പി അബ്ദുൽ വഹാബ്, ഡോ. പി കെ പോക്കർ, സി. ദാവൂദ്, റസാഖ് പാലേരി, വി.പി.ശംസീർ എന്നിവർ പങ്കെടുത്തു. ഹമീദ് വാണിയമ്പലം അദ്ധ്യക്ഷത വഹിക്കുകയും സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി എം സാലിഹ് സ്വാഗതവും പറഞ്ഞു.