ഫുട്ബോൾ മത്സരം കണ്ട് ആർത്തലയ്ക്കുന്ന നൂറുകണക്കിന് സ്ത്രീകൾ. അതിൽ ഭൂരിഭാഗവും പർദയും ഹിജാബുമൊന്നുമില്ലാത്ത സാദാ മുസ്ലിം സ്ത്രീകൾ. 70 കളിൽ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന ഒരു ഫുട്ബാൾ മത്സരം കാണാൻ തടിച്ചകൂടിയ ജനക്കൂട്ടത്തിന്റെ ചിത്രം, ഈയിടെയും ഫേസ്‌ബുക്കിൽ വൈറലായിരുന്നു. ഇന്ന് കോഴിക്കോട്ട് നിങ്ങൾക്ക് ഇങ്ങനെ ഒരു ചിത്രം കാണാൻ കഴിയല്ല. ഫുട്ബോൾ മത്സരങ്ങളിലൊക്കെ സ്ത്രീ പ്രാതിനിധ്യം ശുഷ്‌ക്കമായി. പെൻഗ്വിൻ കൂട്ടത്തെപ്പോലെ, കണ്ണൂമാത്രം കാണുന്ന രീതിയിൽ മുഖം മറച്ച് കറുത്ത ചാക്കുകെട്ടിലേറി മുസ്ലിം സ്ത്രീകൾ നടന്നുപോകുന്ന കാഴ്ചയാണ് നിങ്ങൾക്കിപ്പോൾ കോഴിക്കോട് കാണാൻ കഴിയുക. പരോഗമിച്ച് പുരോഗമിച്ച് നാം എവിടെ എത്തി എന്ന് നോക്കുക!

ഇത് കോഴിക്കോടിന്റെ മാത്രം അവസ്ഥയല്ല. കേരളത്തിലെ നല്ലൊരു ശതമാനം മുസ്ലിം സ്ത്രീകളെയും കുറത്ത ചാക്കുകെട്ടിന് അകത്താക്കുന്നതിൽ മതം ഏകദേശം വിജയിച്ചു കഴിഞ്ഞു. ഒരാളുടെ മുഖം മൂടുകയെന്ന അയാളൂടെ വ്യക്തിത്വം തന്നെയാണ് ഇല്ലാതാക്കുന്നത്. അതുകൊണ്ടുതന്നെയാണ് വികസിത രാജ്യങ്ങൾ സ്‌കൂളുകളിൽനിന്നും പൊതുഇടങ്ങളിൽനിന്നും പർദയും ഹിജാബുംപോലുള്ളവ നിരോധിക്കുന്നത്. ആഗോളരാഷ്ട്രീയം കൃത്യമായി നിരീക്ഷിക്കുന്ന ആർക്കും പറയാൻ കഴിയും ഹിജാബ് വെറുമൊരു തലമറക്കാനുള്ള വസ്ത്രമല്ല എന്നത്. 2010ൽ ഫ്രാൻസിൽ ഇസ്ലാമിക മൗലികവാദികൾ തലപൊക്കുന്നത് ഹിജാബ് സമരത്തോടെയാണ്. 2012ൽ സ്വീഡനിലും, തൊട്ടടുത്ത വർഷം നോർവേയിലും ഈ പ്രശ്നം ഉണ്ടായി. ഇന്ന് ഇസ്ലാമിക മതമൗലികവാദത്തിന്റെ ഭീഷണി നേരിടുകയാണ് ഈ രാജ്യങ്ങൾ. ഫ്രാൻസിൽ അദ്ധ്യാപകന്റെ തലവെട്ടൽ തൊട്ട് കത്തിയാക്രമണവും പള്ളിയാക്രമണവും നടന്നു. കാനഡയിലും, ബ്രിട്ടനിലും ഉണ്ടായി സമാന ഹിജാബ് സമരങ്ങൾ.

ഇന്ത്യയിലും അതുതന്നെ സംഭവിക്കയാണോ. വെറും വ്യക്തി സ്വതന്ത്ര്യത്തിന്റെയും വസ്ത്ര സ്വാതന്ത്ര്യത്തിന്റെയും മാത്രം പ്രശ്നമല്ല കർണ്ണാടകയിലെ ഹിജാബ് വിവാദം. വരാനിരിക്കുന്ന ഒരു ബോംബിന്റെ കൃത്യമായ സൂചനയാണ്.

ഭാര്യമാരെയും വെപ്പാട്ടിമാരെയും സംരക്ഷിക്കണം

മറയ്ക്കുക എന്ന അർത്ഥമുള്ള ഒരു അറബി വാക്കിൽനിന്നാണ് ഹിജാബിന്റെ ഉൽഭവം. ശിരോവസ്ത്രവും മുഖം മറക്കലുമൊന്നും സത്യത്തിൽ ഇസ്ലാം കണ്ടുപിടിച്ചതല്ല. ഇസ്ലാമിന് മുന്നേനില നിന്ന സൗരാഷ്ട്രമതം, യഹൂദമതം, ക്രിസ്റ്റിയാനിറ്റി എന്നവയിലെല്ലാം ഈ രീതി ഉണ്ടായിരുന്നു. മത ധാർമ്മികതയിൽ സ്ത്രീ എന്നത് മൂടിവെക്കപ്പെടേണ്ട സംരക്ഷിക്കപ്പെടേണ്ട വസ്തുവാണ്.

സ്ത്രീകളുടെ വസ്ത്രവുമായി ബന്ധപ്പെട്ടു ഒട്ടേറെ പദങ്ങൾ ഇസ്ലാം ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. പർദ്ദയും, ബുർഖയും പരിചിതങ്ങളാണെങ്കിലും, ഹിജാബ്, നിഖാബ്, ജിൽബാബ്, ചാദോർ, ഖിമാർ എന്നിവയൊക്കെ ഇസ്ലാമിക സ്ത്രീകൾക്ക് മതം അനുശാസിക്കുന്ന വസ്ത്രങ്ങളാണ്്. വിവിധ രാജ്യങ്ങളിൽ പലപേരുകളിൽ അറിയപ്പെടുന്ന ഇവ അനുഷ്ഠിക്കുന്ന ധർമം ഒന്ന് തന്നെ. സ്ത്രീയുടെ ശരീരം മൂടിപ്പുതപ്പിക്കുക.

ഹിജാബ് എന്നാൽ സത്യത്തിൽ മുഖം മൂടിയല്ല. അതിന് പറയുന്ന പേര് ബുർഖ എന്നും നിഖാബ് എന്നുമൊക്കെയാണ്. മുഖം പുറത്ത് കാണിച്ചു മുടി പൂർണമായും മറക്കുകയോ തട്ടമോ സ്‌കാർഫോ കൊണ്ട് മുഖം ചുറ്റുകയോ ചെയ്യുന്ന രീതിക്കാണ് പൊതുവേ ഹിജാബ് എന്ന് പറയുന്നത്. ആ വസ്ത്രധാരണത്തിൽ പൂർണ്ണമായും തിരിച്ചറിയലിന്റെ പ്രശ്നം ഉത്ഭവിക്കുന്നില്ല. എന്നാൽ കണ്ണുകൾ മാത്രം പുറത്തു കാണിച്ചുള്ള നിഖാബിലും മുഖം പൂർണമായും മൂടുന്ന ബുർഖയിലും തിരിച്ചറിയലിന്റെ പ്രശ്നമുണ്ട്. ഇസ്ലാം മുസ്ലിം സ്ത്രീകൾക്ക് നിർബന്ധമാക്കിയ വസ്ത്രസംവിധാനമാണ് ഹിജാബ്. ഇത് ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരല്ല. മറിച്ച്, മുഖവും മുൻകൈയും ഒഴികെ എല്ലാം മറക്കുന്ന ഏത് വസ്ത്രവും ഹിജാബിന്റെ പരിധിയിൽ വരുംമെന്നാണ് ചില പണ്ഡിതർ പറയുന്നത്.

സ്ത്രീകളുടെ ശരീരം ആപാദചൂഡം മറയ്ക്കുന്ന വസ്ത്രധാരണ രീതി ഇസ്ലാമിന് മുമ്പും ഉണ്ടായിരുന്നു എന്ന വസ്തുതയാണ്. പേർഷ്യൻ സാമ്രാജ്യത്തിൽ അക്കമെനീസ് രാജാക്കന്മാർ തങ്ങളുടെ ഭാര്യമാരെയും വെപ്പാട്ടിമാരെയും പൊതുജനദൃഷ്ടിയിൽ നിന്നും മറച്ചുവെച്ചിരുന്നതായി ഗ്രീക്ക് ചരിത്രകാരൻ പ്ലൂട്ടാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി.ഇ 399ന് മുമ്പ് പേർഷ്യൻ സാമ്രാജ്യത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഈജിപ്ഷ്യൻ നരവംശ ശാസ്ത്രകാരിയും ഇസ്ലാമികപണ്ഡിതയുമായ ഫാദർ എൻ. ഗിരന്റി പറയുന്നതും വ്യത്യസ്തമല്ല. അക്കമെനിസ് രാജാക്കന്മാർ അവരുടെ ഭാര്യമാരെ മാത്രമല്ല വെപ്പാട്ടികളെയും അടിമപെണ്ണുങ്ങളെയും സംശയിച്ചതുകൊണ്ടാണ് അന്യരുടെ മുമ്പിൽ നിന്ന് അവരെ മറച്ചു പിടിച്ചത്. സ്ത്രീകളെ അന്ത:പുരങ്ങളിൽത്തന്നെ തളച്ചിടുകയും വല്ലപ്പോഴും പുറത്തു പോവുമ്പോൾ നാല് വശവും തുണികൊണ്ട് മറച്ച വാഹനങ്ങളിലവരെ ഇരുത്തുകയും ചെയ്തു.

പുരാതന മെസോപ്പോട്ടെമിയയിൽ വരേണ്യവനിതകൾ മാത്രമാണ് പർദ ധരിച്ചിരുന്നത്. സമൂഹത്തിൽ തരംതാഴ്‌ത്തപ്പെട്ട വേശ്യകൾ, വേലക്കാർ എന്നിവർ പർദ ധരിക്കുന്നത് വിലക്കിയിരുന്നു. ജോലി ചെയ്യുന്നതിന് പർദ അസൗകര്യമായതിനാൽ അതു ധരിക്കുന്നതിൽ നിന്ന് തൊഴിലാളിസ്ത്രീകളെ ഒഴിവാക്കിയിരുന്നു. അക്കാലത്ത് പർദ സമൂഹത്തിൽ തങ്ങൾ ഉന്നതരാണെന്ന് സ്ഥാനപ്പെടുത്താൻ അത് അവരെ 'സഹായിച്ചു'.

പക്ഷേ പിൽക്കാലത്ത് മുഖാംമറക്കൽ ഇസ്ലാമിന്റെ മാത്രം കുത്തകയായി. പക്ഷേ മറ്റുമതങ്ങൾ കാലത്തിന് അനുസരിച്ച് മാറി. ഇസ്ലാം മാത്രം പരിഷ്‌ക്കരണങ്ങളോട് വല്ലാത്ത രീതിയിൽ വിമുഖത കാട്ടി. കേരളത്തിൽപോലും നോക്കുക, 70കളുടെ തുണിത്തട്ടിത്തിൽനിന്ന് 2020ൽ മുസ്ലിം സ്ത്രീകൾ ചാക്കുകെട്ടുകളിലേക്ക് മാറുന്നു. മുസ്ലിം പണ്ഡിതന്മ്മാർ ഇതിനുവേണ്ടിയാണ് അഹോരാത്രം പണിയെടുത്തത്.

ഫ്രാൻസിലും സ്വീഡനിലും സംഭവിച്ചത്

ഇസ്ലാമികം എന്ന് പറയുന്ന സോ കോൾഡ് രാജ്യങ്ങളിൽനിന്ന് ആഭ്യന്തരംയുദ്ധവും പട്ടിണിയുംമൂലം യൂറോപ്പിലേക്ക് അഭയാർഥികളായി എത്തിയ മുസ്ലീങ്ങളാണ് ഇന്ന് ഫ്രാൻസും, സ്വീഡനും, ജർമ്മനിയും അടക്കമുള്ള രാജ്യങ്ങളിൽ ഉള്ളത്. സിറിയയിൽനിന്നും, അൾജീരിയയിൽനിന്നും, അഫ്ഗാനിൽനിന്നും, നൈജീരിയയിൽനിന്നും, ഇറാഖിൽനിന്നും സുഡാനിൽനിന്നുമൊക്കെ യൂറോപ്പിലേക്ക് വലിയ തോതിൽ അഭയാർഥി പ്രവാഹം ഉണ്ടായി. ഇസ്ലാമിക രാജ്യങ്ങൾപോലും സ്വീകരിക്കാത്ത ഈ പാവങ്ങളെ രണ്ടും കൈയും നീട്ട് സ്വീകരിച്ചത് യൂറോപ്പ് ആയിരുന്നു.

ഫലത്തിൽ അവരുടെ നാട്ടിലെ ഇസ്ലാമിക ഭീകരതയുടെ ഇരകളായിരുന്നു ഈ കുടിയേറ്റക്കാർ. അവരെ രണ്ടാം തരം പൗരന്മ്മാരായി കണക്കാക്കാതെ ആ രാജ്യങ്ങൾ നെഞ്ചോട് ചേർക്കുകയായിരുന്നു. പൗരത്വം നൽകുകയും, വിവിധ ക്ഷേമ പദ്ധതികൾ അവർക്കായി നടപ്പാക്കുകയും ചെയ്തു. അങ്ങനെ പതുക്കെ പതുക്കെ അവർ വളർന്നുവരികയും, സാമാന്യം ശക്തിയുള്ള ഒരു ജനസംഖ്യാ ഗ്രൂപ്പ് ആവുകയും ചെയ്തയോടെ പ്രശ്നം തുടങ്ങി. പിന്നെ അവർക്ക് വേണ്ടത് ഹിജാബാണ്. ശരിയ്യയാണ്. അങ്ങനെ ഭൂമിയിലെ സ്വർഗം എന്ന് വിളിക്കുന്നു, ലോകത്തിലെ ഏറ്റവും സമാധാന രാഷ്ട്രങ്ങൾ എന്ന് പേരെടുത്ത സ്വീഡനും, നോർവേയും, ഫിൻലൻഡും അടങ്ങുന്ന സ്‌കാൻഡനേവിയിൽ രാജ്യങ്ങൾ പോലും അസ്വസ്ഥമായി. മാത്രമല്ല മറ്റൊരു അപകടം കൂടി ഉണ്ടായി. അവിടെയല്ലാം തീവ്ര വലതുപക്ഷ സംഘടനകൾ വളർന്നു.

ഫ്രാൻസാണ് ഇസ്ലാമിക മൗലികവാദത്തിന്റെ ഏറ്റവും വലിയ ശിക്ഷ ഏറ്റുവാങ്ങിയത്. പ്രവാചകന്റെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ ഷാർലി ഹെബ്ദോ മാസികയിലെ കൂട്ടക്കൊലമുതൽ, സാമുവൽ പാറ്റിയെന്ന അദ്ധ്യാപകന്റെ തലവെട്ടിയതുവരെയുള്ള സംഭവങ്ങൾ. ഇന്നും പൊലീസിന് പോകാൻ പോലും പറ്റാത്ത മുസ്ലിം കേന്ദ്രങ്ങൾ ബ്രിട്ടനിലും ഫ്രാൻസിലും ഉണ്ടെന്ന് ഡെയ്ലിമെയിൽ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിലും തീവ്ര വലതുപക്ഷ സംഘടകൾ വേരുപിടിക്കായാണ്. ഇപ്പോൾ ആസന്നമായ ഇലക്ഷനിൽ വലതുപക്ഷത്തിന് മുന്നിൽ നിലവിലെ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ തോൽക്കുന്ന അവസ്ഥയാണ് ഉണ്ടാവാൻ പോകുന്നത്. ഇന്ത്യയിലും സമാനമായ അവസ്ഥയാണ്. ഇസ്ലാമിക തീവ്രാവാദികളെ ചൂണ്ടിക്കാട്ടിയാണ് ഇവിടെ സംഘപരിവാർ അടക്കം വളരുന്നത് എന്നതിലും തർക്കമില്ല.

ഫ്രാൻസിൽ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടുണ്ട്. 2010-11 വർഷങ്ങളിലാണ് ഫ്രാൻസിൽ നിഖാബ് നിരോധനം വരുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് സ്‌കൂളിൽ തട്ടം ധരിക്കുന്നതിനും നിരോധനമുണ്ട്. ഇതുവരെ 1500 ലേറെ പേർ രാജ്യത്ത്് മുഖാവരം വിലക്ക് ലംഘിച്ചതിന്റെ പേരിൽ അറസ്റ്റിലായിട്ടുണ്ട്. അടുത്തിടെ കായിക മത്സരങ്ങളിൽ പങ്കെടുക്കുവർ ഹിജാബ് ധരിക്കുന്നത് വിലക്കുന്ന നിയമവും ഫ്രാൻസിലെ സെനറ്റിലെത്തി. ഹിജാബിനോട് ഫ്രഞ്ച് സമൂഹത്തിലെ ഭൂരിപക്ഷത്തിനും എതിരഭിപ്രായമാണ്. പ്രവാചക നിന്ദ ആരോപിച്ച ഷാർലെ ഹെബ്ദോ കാർട്ടൂണിന്റെ പേരിൽ നടന്ന ഭീകരാക്രണമണങ്ങൾ, രാജ്യത്തെ യഹൂദ വംശജർക്കെതിരെ വർധിച്ചു വരുന്ന വർഗീയ ആക്രമണങ്ങൾ എന്നിവയാണ് ഫ്രഞ്ച് സമൂഹത്തിൽ ആഴത്തിൽ ഇത്തരമൊരു മനോഭാവം വളരാൻ കാരണമായത്. സ്വന്തം നാട്ടിലെ പട്ടിണിയിൽനിനിന്ന് ഇവിടെയെത്തി വിശപ്പ്മാറിയ ആളുകളുടെ എല്ലിന്റെ ഇടയിലെ കുത്തായിരുന്നു സത്യത്തിൽ ഹിജാബ് സമരം.

കഴിഞ്ഞ വർഷമാണ് സ്വിറ്റ്സർലന്റിൽ നിഖാബ് നിരോധിച്ചത്. പൊതുജനാഭിപ്രായം സ്വീകരിച്ച ശേഷമാണ് നിയമം പാസായത്.നെതർലന്റിൽ ഹിജാബ്, നിഖാബ്, ബുർഖ തുടങ്ങിയ മുസ്ലിം വസ്ത്രങ്ങൾക്ക് വിലക്കുണ്ട്. രാജ്യത്ത് മുഖം മറച്ച് വസ്ത്രം ധരിച്ചാൽ 150 യൂറോയാണ് പിഴ ( ഇന്ത്യൻ രൂപയിൽ 13000 ത്തോളം). യുകെയിലെ സ്‌കൂളുകളിലും ആശുപത്രികളിലും മുഖം മറച്ച് വസ്ത്രം ധരിക്കാൻ അനുവാദമില്ല. ജർമനിയിൽ സ്‌കൂളുകളിലും സർക്കാർ പദവികളിലുള്ളവരും മുഖാവരണം ധരിക്കുന്നതിന് വിലക്കുണ്ട്.

സ്വീഡനിലും നിഖാബ് ധരിച്ച് സ്‌കൂളിൽ പ്രവേശിക്കാനാവില്ല. ബെൽജിയത്തിൽ മുഖാവരണം ധരിച്ചാൽ ഏഴ് ദിവസം ജയിൽ ശിക്ഷയും പിഴയുമുണ്ടാവും. ഇറ്റലിയിൽ നിഖാബ് വിലക്കിക്കൊണ്ട് നിയമമില്ല. പക്ഷെ രാജ്യത്തെ 1970 കളിൽ നിലവിൽ വന്ന നിയമപ്രകാരം ഒരാളുടെ ഐഡന്റിറ്റി മനസ്സിലാവാത്ത വിധം വസ്ത്രം ധരിക്കുന്നത് ശിക്ഷാർഹമാണ്. ഡെന്മാർക്ക്, ബൾഗേറിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും മുഖാവരണം ധരിക്കാൻ അനുമതിയില്ല. എന്നാൽ ന്യുസിലാൻഡ് ഇത് അനുവദിച്ച് കൊടുക്കുന്നുണ്ട്.

കർണാടകയിൽ പോപ്പുലർ ഫ്രണ്ട് അജണ്ട വ്യക്തം

ഇന്ത്യയിലേക്ക് വന്നാലും ഹിജാബ് സമരങ്ങളിൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് സംഘടനകളുടെ ഇടപെടൽ ഇവിടെയും വ്യക്തമാണ്. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം എന്നത് നേരത്തെ ഉള്ളതാണ്. സ്‌കൂൾ ഒരു മതേതര സ്ഥാപമാണ്. അവിടെ ഓരോ മത വിശ്വാസങ്ങൾക്കും അനുസരിച്ചുള്ള ഇഷ്ട വസ്ത്രം ധരിക്കാൻ കഴിയില്ല. ഇത് അങ്ങനെ നടന്നുപോവുകയും ആയിരുന്നു. ഹിജാബ് ധരിക്കാൻ നിർബന്ധമുള്ളവർ അത് ധരിച്ച് വന്ന് സ്‌കുൾ കോമ്പൗണ്ടിൽ എത്തുപ്പോൾ എടുത്ത് ബാഗിൽ വെക്കുകയും, പിന്നീട് തിരിച്ചുപോവുമ്പോൾ ധരിക്കുകയും ആയിരുന്നു.

ഒരാവശ്യവുമില്ലാതെ ഒരു ദിവസം ഉഡുപ്പിയിലെ ഒരു കോളേജിൽ ഒരു കൂട്ടം പെൺകുട്ടികൾ ഹിജാബ് ധരിച്ച് വരുന്നു. അവർ ക്ലാസിൽ കയറാൻ ശ്രമിക്കുന്നു. ഇതിന് ഇവരെ പ്രേരിപ്പിച്ചത് പോപ്പുലർ ഫ്രണ്ടായിരുന്നുവെന്ന് പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞങ്ങൾക്ക് ഹിജാബ് ധരിച്ചേ മതിയാകു എന്ന് പെൺക്കുട്ടികൾ മാനേജ്മെന്റിനോട് നിർബന്ധം പിടിച്ചു. സ്‌കൂൾ മാനേജ്മെന്റ് ഈ കുട്ടികളെ ക്ളാസിൽ കയറാൻ അനുവദിച്ചില്ല. ഹിജാബ് ധാരികളെ എതിർക്കാനായി എ.ബി.വി.പി എത്തിയതോടെ ആകെ പ്രശ്നമായി. ഹൈന്ദവ കുട്ടികൾക്ക് കാവി ഷോളുകൾ നൽകി. ഹിജാബോ, കാവി ഷോളോ ധരിച്ച് ക്ളാസിൽ കയറാൻ അനുവദിക്കില്ലെന്ന് മാനേജ്മെന്റും നിർബന്ധം പിടിച്ചു. ഇതോടെ കാര്യങ്ങൾ കൈവിട്ടു. ഒരു അവസരം കാത്തിരുന്നപോലെ പരിവാറുകാർ അഴിഞ്ഞാടി. വിട്ടുകൊടുക്കാൻ ഹിജാബ് വാദികളും തയ്യാറായില്ല.

ഇതിനെ തുടർന്നാണ് സ്‌കൂൾ/കോളേജുകളിൽ യൂണിഫോം മുമ്പേ നിർബന്ധമാക്കിരുന്ന കർണാടക സർക്കാർ ഇപ്പോൾ യാതൊരു മത ചിഹ്നങ്ങളും, വേഷവും ധരിച്ച് വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരരുതെന്ന് ഉത്തരവിറക്കിയത്. അതായത് ഒരു പ്രശ്നവും ഇല്ലാത്തിടത്ത് പ്രശ്നമുണ്ടാക്കി കുളം കലക്കുന്നു. സംഘപരിവാറിനും പോപ്പുലർ ഫ്രണ്ടിനും ഒരുപോലെ നോട്ടം രാഷ്ട്രീയ ധ്രുവീകരണത്തിലാണ്.പലരും ഈ പ്രശ്നം ധരിച്ചിരിക്കുന്നത് കുട്ടികളെ ഹിജാബ് ധരിക്കാൻ സമ്മതിക്കാത്തതുകൊണ്ടാണ് സമരം എന്നാണ്. യൂണിഫോമിന്റെ കാര്യം ഇവർ സൗകര്യപൂർവം വിസ്മരിക്കുന്നു.

ഇനി സംഘികൾ തടയുമ്പോൾ അവർ തിരിച്ചടിക്കുന്നത് അള്ളാഹു അക്‌ബർ മുഴക്കിയാണ്. മുസ്‌കാൻ ഖാന്റെ എന്ന വിദ്യാർത്ഥിനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതുതന്നെയാണ് യൂറോപ്പിലും സംഭവിച്ചത്. പകരം ജയ്ഹിന്ദ് വിളിച്ച് നേരിട്ടിരുന്നെങ്കിൽ അത് എത്ര അർഥവത്താവുമായിരുന്നു. ഇപ്പോൾ ഈ വിദ്യാർത്ഥിനിക്ക് അഞ്ചു ലക്ഷം രൂപയാണ് ജാമിയത്- ഉലമ- ഇ- ഹിന്ദ് പ്രഖ്യാപിച്ചത്. മാണ്ഡ്യ പിഇഎസ് കോളജിലെ വിദ്യാർത്ഥിനിയാണ് മുസ്‌കാൻ ഖാൻ. ഹിജാബാണ് തങ്ങളുടെ ആദ്യ പരിഗണനയെന്നും വിദ്യാഭ്യാസം രണ്ടാം സ്ഥാനത്താണെന്നും ഈ വിദ്യാർത്ഥി പറഞ്ഞ വീഡിയോ ഇപ്പോൾ വൈറലാണ്. അതാണ് സത്യവും. ചുരുക്കിപ്പറഞ്ഞാൽ ലോകത്ത് എല്ലായിടത്തും സംഭവിച്ച ഇസ്ലാമിസ്റ്റ് അജണ്ടയുടെ തനിയാവർത്തനമാണ് ഇവിടെയും സംഭവിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ട് കർണ്ണാടകയിൽ മുന്നേറ്റം നടത്തിയതും ഇതോടൊപ്പം ചേർത്തുവായിക്കണം.

പക്ഷേ കർണ്ണാടകയിലെ അന്തരീക്ഷം ആകെ കലുഷിതമാണ്. ഇന്നലെ വരെ തോളിൽ കൈയിട്ടു നടന്നിരുന്ന കുട്ടികൾ, ഹിന്ദുവെന്നും മുസ്ലീമെന്നും പറഞ്ഞ് ചേരി തിരിഞ്ഞ് പരസ്പരം കടിച്ചു കീറാൻ നടക്കുകയാണ്. കാണുന്നിടത്ത് വെച്ചെല്ലാം പരസ്പരം കല്ലുകളെടുത്തെറിഞ്ഞു കൊണ്ടിരിക്കുകയാണ്. ശിവമോഗ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതുതന്നെയാണ് ഫ്രാൻസിലും സ്വീഡനിലും ഡെന്മാർക്കിലുമൊക്കെ സംഭവിച്ചതും. ഇനി സംഘപരിവാറിന്റെ ഈ പ്രതിഷേധം കാരണം ഹിജാബ് കുറയുമെന്നാണോ കരുതുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ഫ്രാൻസിലെ സ്‌കൂളുകളിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനികളുടെ എണ്ണം വർധിച്ചു. അവരുടെ അച്ഛന്മാരും സഹോദരന്മാരും സഹപാഠികളും നിർബന്ധിച്ചതുകൊണ്ടായിരുന്നത്രേ അത്. അനുസരിക്കാത്തവരെ മതഭ്രാന്തന്മാരായ ചെറുപ്പക്കാർ മർദ്ദിച്ചു. അതായത് മത മൗലികവാദത്തിന്റെ മനഃശാസ്ത്രം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ അല്ല.

എത്ര പുരുഷന്മാർ താടി വളർത്തി മീശ വടിക്കുന്നുണ്ട്?

ഇനി പർദയുടെയും ബുർഖയുടെയും പേരും അടിമുടി വ്യാജവാദങ്ങളാണ് ഇസ്ലാമിസ്റ്റുകൾ ഉയർത്തുന്നത്. ഇതിൽ വലിയ സാംസ്കാരിക പുലികൾ വരെയുണ്ട്.
ഈജിപ്ഷ്യൻ അമേരിക്കൻ എഴുത്തുകാരിയായ ലൈല അഹമ്മദും, ബ്രിട്ടീഷ് എഴുത്തുകാരി കാരൻ ആംസ്‌ട്രോങ്ങുമൊക്കെ, കൊളോണിയൽ ചെറുത്തുനിൽപ്പിന്റെയും പാശ്ചാത്യമേൽക്കോയ്മയോടുള്ള എതിർപ്പിന്റെയും പ്രതീകമാണ് പർദ്ദ എന്നാണ് വിശേഷിപ്പിച്ചത്. ഒരു അടിമ, ചങ്ങലയുടെ തിളക്കം എത്ര മനോഹരം എന്ന് പുളകം കൊള്ളുന്നതിനോടേ ഉപമിക്കാൻ പറ്റൂ.

നമ്മുടെ നാട്ടിലും പർദക്കും ബുർക്കയ്ക്കും ഹിജാബിനൊമൊക്കെ ത്വാത്വിക മാനങ്ങൾ ചമക്കുന്നവർ ഉണ്ട്. മിഠായി പോലെ പൊതിഞ്ഞ് സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകൾ എന്ന വാദത്തോട് ഈ ആധുനിക കാലത്ത് സഹതപിക്കാൻ പോലും കഴിയില്ല.

പിന്നെ ഇത് ചോയിസിന്റെ പ്രശ്നമല്ല. സ്ത്രീകൾ ബുർഖ ധരിക്കാൻ നിർബന്ധിതർ ആക്കപ്പെടുകയാണ്. നിങ്ങൾ ഈ വസ്ത്രം ധരിക്കണമെന്ന് മതം തീരുമാനിക്കുകയാണ്. ഹിജാബ് വേണം എന്ന് തീരുമാനിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്ന് ചിലർ പറയുന്ന പോലെ, അത് വേണ്ട എന്ന് തീരുമാനിക്കാൻ ഒരു മുസ്ലിം സ്ത്രീക്ക് സ്വാതന്ത്ര്യമില്ല. അപ്പോൾ അത് ചോയ്സല്ല നിർബന്ധമാണെന്ന് വ്യക്തം. ഇനി കാലവസ്ഥക്ക് ഇണങ്ങിയവേഷം എന്ന ടൈറ്റിലിലും പർദയും ബുർഖയും ഒന്നും എടുക്കാൻ കഴിയില്ല. നമ്മുടെ നാടിന്റെ പ്രത്യേകതകൾക്കോ സവിശേഷമായ കാലവസ്ഥക്കോ പർദ്ദ ഒരു യോജിച്ച വസ്ത്രമേയല്ല.

കർണാടകയിലെ പെൺകുട്ടികളുടെ അവസ്ഥ അഫ്ഗാനിലെ പെണ്കുട്ടികളുടെ അവസ്ഥയോട് ഉപമിച്ചുകൊണ്ടും സാഹിത്യങ്ങൾ ഏറെയാണ്. കർണാടകയിൽ ഒരു പെൺകുട്ടിയുടെയും വിദ്യാഭ്യാസ അവകാശം നിഷേധിച്ചിട്ടില്ല. ആ പെൺകുട്ടികൾക്ക് വിദ്യാലയം മുന്നോട്ട് വെക്കുന്ന യൂണിഫോം പാലിച്ചു കൊണ്ട് വിദ്യാഭ്യാസം തുടരാം, എന്നാൽ അഫ്ഗാനിയിലെ പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ചാലും വിദ്യാഭ്യാസം നേടാൻ ആകില്ല. ഹിജാബ് ധരിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലുകയും ചെയ്യും. നല്ല ചോയ്സ്!

എന്നാൽ ഇന്ത്യയിൽ നിന്ന് മുസ്ലിം വിദ്യാർത്ഥിനികൾ മെഡിസിൻ പഠിക്കാൻ ചൈനയിൽ പോകുന്നുണ്ട്. അവിടെ അവർക്ക് ഹിജാബ് ധരിച്ച് പോകണം എന്ന് തോന്നുമോ? മുസ്ലിം മൗലികവാദികൾ അവിടെ ഹിജാബ് അനുവദിക്കാൻ സമരം ചെയ്യുമോ? ഇല്ല. അതാണ് പ്രശ്നം. അതേ സമയം സൗദി അറേബ്യ പോലും ഇപ്പോൾ ഹിജാബ് നിർബ്ബന്ധിക്കുന്നില്ല എന്ന് മാത്രമല്ല അവിടെ സ്ത്രീകൾ മതവസ്ത്രങ്ങൾ ഉപേക്ഷിച്ച് സ്വതന്ത്രകളായി സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു.

സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ കെ.പി സുകുമാരൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. -''പർദയും ഹിജാബും മുസ്ലിം പുരുഷന്മാരാണ് സ്ത്രീകളിൽ അടിച്ചേൽപ്പിക്കുന്നത്. എന്നാൽ മുസ്ലിം മൗലിക സിദ്ധാന്തം അനുസരിച്ച് മുസ്ലിം പുരുഷന്മാർ താടി വളർത്തുകയും മീശ വടിക്കുകയും വേണം. എത്ര മുസ്ലിം പുരുഷന്മാർ താടി വളർത്തി മീശ വടിക്കുന്നുണ്ട്? താടി വളർത്താതെ മീശ വടിക്കാതെ മുസ്ലിം പുരുഷന്മാർക്ക് ജീവിക്കാമെങ്കിൽ ഹിജാബും പർദയും ധരിക്കാതെ മുസ്ലിം സ്ത്രീകൾക്കും ജീവിക്കാം. പക്ഷേ സ്ത്രീക്ക് മാത്രം ആ ചോയ്സ് ഇല്ല.'' നാളെ മുസ്ലിം വിദ്യാർത്ഥികൾ മീശ മുളച്ചെങ്കിൽ അത് വടിച്ചും താടി മുളച്ചെങ്കിൽ അത് വളർത്തിയും മാത്രമേ സ്‌കൂളിലും കോളേജിലും പോകാവൂ എന്ന് മതമൗലികവാദികൾ നിർബന്ധം പിടിക്കാനും ഇടയുണ്ട്.

ഇസ്ലാമിക വെളുപ്പിക്കലുകൾ ഏറെ

മുഖംമൂടലിനെക്കുറിച്ച് ആഗോളതലത്തിൽ വലിയ ഇസ്ലാമിസ്റ്റ് വെളുപ്പിക്കലുകൾ ്ഇന്നും സജീവമാണ്. പേർഷ്യൻ, ബൈസാന്റിയൻ അധിനിവേശത്തോട് കൂടിയാണ് ഇസ്ലാമിൽ പർദ്ദ വന്നതെന്നു ജോർജ് ടൗൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സർ ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, ജോൺ എസ്‌പോസിറ്റൊ അഭിപ്രായപ്പെടുന്നു. മണലാരണ്യത്തിലെ മണൽക്കാറ്റിൽ നിന്ന് രക്ഷ നേടാനാണ് ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രം ആവിഷ്‌കരിച്ചതെന്നാണ്അദ്ദേഹം പറയുന്നത്. സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും ധരിച്ചിരുന്ന പർദ്ദ സ്ത്രീയെ മറയ്ക്കുന്നതിനു വേണ്ടി മാത്രമുള്ള വസ്ത്രമായി രൂപാന്തരപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തെന്നും ജോൺ എസ്‌പോസിറ്റൊ കൂട്ടിച്ചേർക്കുന്നു.

തന്റെ ഭാര്യമാരുമായി സംസാരിക്കുമ്പോൾ വിശ്വാസികൾ മറവിൽ നിൽക്കണമെന്ന് പ്രവാചകൻ നിർദ്ദേശിച്ചു. ഈ മറയാണ് ഹിജാബ്. ഖുറാനിൽ ഹിജാബെന്നല്ല ജിൽബാബ് എന്ന പദമാണത്രേ ഉപയോഗിക്കുന്നത്. ഇതാവട്ടെ മുഖവും കയ്യും ഒഴികെയുള്ള ഭാഗം മാത്രം മറയ്ക്കുന്ന വസ്ത്രമാണ്. നബിയുടെ ഭാര്യമാരെ മാത്രം ഉദ്ദേശിച്ചായിരുന്നു ജിൽബാബ് നിർദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് അത് എല്ലാ സ്ത്രീകൾക്കും ബാധകമാക്കുകയായിരുന്നു.

പക്ഷേ ഇതൊക്കെ കേവലം വാദത്തിനുവേണ്ടിയുള്ള വാദങ്ങൾ മാത്രമാണ്.മുഖവും കൈകളും മറയ്ക്കാത്ത വസ്ത്രമാണ് ഖുറാൻ നിർദ്ദേശിക്കുന്നതെങ്കിൽ എന്തിനാണ് മതതീവ്രവാദികൾ മുഖം മൂടുന്ന പർദ്ദ ധരിക്കണമെന്ന് വാശി പിടിക്കുന്നത്? അങ്ങനെയെങ്കിൽ അവർ ചെയ്യുന്നത് മതവിരുദ്ധമായ കാര്യമല്ലേ? എന്നാൽ അവരും ഉദ്ധരിക്കുന്നുണ്ട് ഖുർ ആനും ഹദീസും എന്നതാണ് കൗതുകകരം. സ്ത്രീയുടെ ശരീരം (മുഖവും കയ്യും പോലും) കാണുന്ന പുരുഷന് ലൈംഗികോത്തേജനം ഉണ്ടാവുകയും അത് ലൈംഗികാതിക്രമങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നതുകൊണ്ട്, ഇത്തരം സാഹചര്യം ഇല്ലാതാക്കാൻ സ്ത്രീ തന്റെ ശരീരം മറച്ചു വെക്കുന്നതാണ് നല്ലത് എന്നാണു പർദാനുകൂലികളുടെ വാദം. ഈ വാദം സ്ത്രീവിരുദ്ധമാണെന്ന് മാത്രമല്ല വസ്തുതകൾക്ക് നിരക്കുന്നതുമല്ല.

ഇനി പർദയും ഹിജാബും ഒന്നും ഒരു ചോയ്സ് അല്ല എന്നും സ്വർഗ-നരക ഭീതിതൊട്ട്, മാതാപിതാക്കളുടെ ഭീഷണിവരെയാണ് ഹിജാബ് ധരിക്കുന്നതിന് പിന്നിലെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. 2003 മെയ് മാസത്തിൽ അമേരിക്കൻ പത്രമായ വീക്ക്‌ലി സ്റ്റാൻഡേഡ് നടത്തിയ ഒരു സർവെയിൽ കണ്ടത് 77 ശതമാനം പെൺകുട്ടികളും ഇസ്ലാമിക ഗ്രൂപ്പിന്റെയോ രക്ഷിതാക്കളുടേയൊ ഭീഷണി ഭയന്നാണ് ഹിജാബ് ധരിക്കുന്നത് എന്നാണ്. നമ്മുടെ പരിഷ്‌കൃത കേരളത്തിൽ സ്ഥിതികൾ ശരിക്കും പരിശോധിച്ചു നോക്കണം.

ഒരു കക്കൂസ് ഉണ്ടായിരുന്നെങ്കിൽ തീരാവുന്ന പ്രശ്നം!

കേരളത്തിലെ എക്സ്മുസ്ലിം മൂവ്മെന്റിന്റെ അമരക്കാരനും, എഴുത്തുകാരനും പ്രഭാഷകനുമായ ഡോ ആരിഫ് ഹുസൈൻ തെരുവത്ത് ഇതിന് നേർ വിപരീതമായ ഒരു വിഷയമാണ് ഉന്നയിക്കുന്നത്. പർദയും ഹിജാബുമൊന്നും, പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് അറേബ്യയിൽ ഒരു കക്കൂസ് ഉണ്ടായിരുന്നെങ്കിൽ ഉണ്ടാവുമായിരുന്നില്ല എന്നാണ് അദ്ദേഹം ഹദീസുകൾ ഉദ്ധരിച്ച് വിശദീകരിക്കുന്നത്. '' ഹിജാബിനെ അനുകൂലിക്കുന്നവർ അതിന്റെ ചരിത്രം എന്ത് എന്നറിഞ്ഞു കഴിഞ്ഞാൽ, പിന്നെ വായ തുറക്കില്ല. പ്രവാചകൻ മുഹമ്മദിനോട് അദ്ദേഹത്തിന്റെ സഹാബിയായ ഉമർ പലപ്പോഴും സ്ത്രീകളെ ഹിജാബ് ധരിപ്പിക്കുന്നിനെ സംബന്ധിച്ച് പറയുകയുണ്ടായിരുന്നു. എന്നാൽ മുഹമ്മദ് അത് ചെവിക്കൊണ്ടിരുന്നില്ല. ഒരു ദിവസം മുഹമ്മദിന്റെ ഭാര്യ സൗദ വെളിക്ക് ഇരിക്കാൻ പോയപ്പോൾ ഉമർ കാണുകയും തിരിച്ചറിയുകയും ചെയ്തു. അതേതുടർന്നാണ് ഹിജാബ് നിർബന്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങുന്നത്. അന്ന് അറേബ്യയിൽ ഒരു കക്കൂസ് ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. സഹീൽ ബുഹാരിയിൽ 146ാം ഹദീസിൽ ഇത് വ്യക്തമാക്കുന്നുണ്ട്.''- ആരിഫ് ഹുസൈൻ തെരുവത്ത് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോ ലൈവിൽ വ്യക്തമാക്കുന്നു.

''അടിമസ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുക അക്കാലത്തെ രീതിയായിരുന്നു. അതുകൊണ്ട് അടിമകൾ ഏതാണ് സ്വതന്ത്ര സ്ത്രീകൾ ഏതാണ് എന്നും തിരിച്ചറിയാൻ കഴിയാത്തത് പ്രശ്നമായി. അതിനുള്ള പരിഹാരം എന്ന നിലയിൽ കൂടിയാണ് മുഹമ്മദിന്റെ ഭാര്യമാരെയും സ്വതന്ത്ര സ്‌ക്രീകളെയും ഹിജാബ് അണിയിച്ചത്. ഇസ്ലാമിൽ സ്ത്രീക്ക് വലിയ സ്നേഹമാണ് ബഹുമാനമാണ് എന്ന് ഇന്ന് പലർ തള്ളുന്നുണ്ടെങ്കിലും, സ്വതന്ത്ര സ്ത്രീയും അടിമസ്ത്രീയും വേറെയാണ്. പുരുഷന്റെ സമ്പാദ്യമാണ് സ്ത്രീ എന്ന ധാരണയിൽനിന്നാണ് ഇതെല്ലാം ഉണ്ടാവുന്നത്. വ്യക്തമായ അടിച്ചമർത്തലിന്റെ ആയുധം തന്നെയാണ് ഹിജാബ്. സ്ത്രീയുടെ ശബ്ദം ഉയരുരുത്. മുഖം കാണരുത്. അവളെ മറയ്ക്കുപിന്നിലേക്ക് തള്ളുക എന്നതാണ് ഇതിന്റെ ഉദ്ദേശം'- ആരിഫ് ഹുസൈൻ തെരുവത്ത് വ്യക്തമാക്കുന്നു.

ഇനി ഇപ്പോൾ ഹിജാബ് വേണമെന്ന് പറയുന്നവർ ഇറാൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ നിന്ന് ഉയരുന്ന മുസ്ലിം സ്ത്രീകളുടെ ഹിജാബ് വിരുദ്ധ സമരം കാണാതെ പോകരുത്. അവിടെ ഹിജാബ് ധരിച്ചില്ലെന്നപേരിൽ ദുരഭിമാനക്കൊലപോലും നടന്ന സംഭവങ്ങൾ ഏറെയുണ്ട്. ഒടുവിൽ സ്ത്രീകൾ പൊതുനിരത്തുകളിൽ നിന്ന് സമരം നടത്തി. ഒരു ബുധനാഴ്ച തുടങ്ങിയ ഈ സമരം വെനസ് ഡേ കാമ്പയിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. മസീദ് അലി നിജാദ് എഴുതിയ 'ദ വിൻഡ് ഇൻ മൈ ഹെയർ' എന്ന പുസ്തത്തിലൊക്കെ ഇറാനിലെ സ്ത്രീകളെ അടിച്ചമർത്താൻ ഒരു രാഷ്ട്രീയ ആധുധമാക്കി ഹിജാബിനെ ഉപയോഗിച്ചത് എന്ന് എഴുതുന്നുണ്ട്. സൗദിയിൽപോലും പുരോഗമ പക്ഷത്തുള്ള സ്ത്രീകൾ ഹിജാബിനെതിരെ കാമ്പയിൽ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ചില ഇളവുകളും ആ രാജ്യത്ത് കിട്ടിയിട്ടുണ്ട്.അപ്പോഴാണ് നാം ഹിജാബിനുവേണ്ടി തെരുവിൽ ഇറങ്ങുന്നത്. വിചത്രം അല്ലാതെ എന്തുപറയാൻ.

മാത്രമല്ല ഇന്ന് ഹിജാബ് നാളെ ശരിയ്യ എന്ന രീതിയിലാണ് ലോകത്ത് എല്ലായിടത്തും ഇസ്ലാമിക പ്രക്ഷോഭങ്ങൾ മുന്നോട്ട്പോകുന്നത്. സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ കെ.പി സുകുമാരൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.- ''ഹിജാബ് മാത്രം മതിയോ? ചാട്ടവാറടിയും പരസ്യമായി കല്ലെറിഞ്ഞു കൊല്ലലും നാല് കെട്ടലും മുത്തലാഖും അത് പോലത്തെ എല്ലാ ശരീയത്തും ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് വേണ്ടേ? വെറും പർദ കൊണ്ട് ശരീയത്ത് പൂർണ്ണമാകുമോ? ഇവിടെ മൗലികാവകാശം ഉണ്ടല്ലൊ. അപ്പോൾ മുസ്ലീങ്ങൾക്ക് ശരീയത്ത് നിയമം അനുസരിച്ച് പൂർണ്ണ ഇസ്ലാമായി ജീവിക്കാൻ മൗലികാവകാശം വേണ്ടേ? ഇന്ത്യയിലും ആട് മെയ്‌ച്ച് മരണാനന്തരം സ്വർഗ്ഗം പൂകാനുള്ള മൗലികാവകാശം വേണമല്ലൊ. സ്ത്രീകൾക്ക് ഹിജാബും പർദയും ആയാൽ ശരീയത്ത് ആയി എന്ന് വിചാരിക്കുന്നത് ഇസ്ലാമിനോടും അള്ളായോടും ചെയ്യുന്ന ചതിയല്ലേ? മുസ്ലീമിനു ഇന്ത്യയിൽ പരിപൂർണ്ണ മത സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ പൂർണ്ണമായും ശരീയത്ത് അനുസരിച്ച് ജീവിക്കാൻ മൗലികാവകാശം വേണം. അതിനായി പ്രക്ഷോഭം സംഘടിപ്പിച്ചകുടെ'' ഈ ചോദ്യം സത്യത്തിൽ ആസന്നമായ ഒരു ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തൽ തന്നെയാണ്.

വാൽക്കഷ്ണം: കേരളത്തിൽ സ്റ്റുഡൻസ് പൊലീസ് കേഡറ്റിലെ ഹിജാബ് വിഷയം വന്നപ്പോൾ കോടതി സർക്കാരിനോട് തീരുമാനമെടുക്കാനാണ് നിർദേശിച്ചത്. എസ്‌പിസി യിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാൻ ആകില്ലെന്നും, അത്രയ്ക്ക് നിർബന്ധമുള്ളവർ വരണ്ടെന്നും സർക്കാർ സംശയത്തിനിടയില്ലാത്ത വിധം നിലപാട് വ്യക്തമാക്കി. അങ്ങനെ ഉത്തരവിറക്കുകയും ചെയ്തു. ഇല്ലെങ്കിൽ നാളെ പൊലീസിലും ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇത്തരം പെൺകുട്ടികൾ വരുമായിരുന്നെന്ന് ഉറപ്പായിരുന്നു. സാധാരണ ഇസ്ലാമിസ്റ്റുകളെ ആവശ്യത്തിന് മുന്നിൽ മുട്ടിടിക്കുന്ന പിണറായി സർക്കാറിന് ഈ ധൈര്യം എവിടെനിന്ന് കിട്ടിയെന്ന് അറിയില്ല.

റഫറൻസ്: ഡോ ആരിഫ് ഹുസൈൻ തെരുവത്ത്- എക്സ്മുസ്ലിം മൂവ്മെന്റ്

സി,രവിചന്ദ്രൻ, ജാമദ ടീച്ചർ- വവിധ പ്രഭാഷണങ്ങൾ.

കെ.പി സുകുമാരൻ, അഡ്വക്കേറ്റ് ജഹാഗീർ റസാഖ് പാലേരി, - ഫേസ്‌ബുക്ക് പോസ്റ്റ്

ചരിത്രാന്വേഷികൾ- ഫേസ്‌ബുക്ക് കൂട്ടായ്മ.ഹിജാബ്, പർദ്ദ, ഇസ്ലാം, നിഖാബ്, വിവാദം