ദുബായ്: കലാലയ കാല സുഹൃത്തുക്കളും മധുരനാരങ്ങ എന്ന മലയാള ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്ന് 'ഹിറ്റ് ഓണം' എന്ന പേരിൽ നടത്തുന്ന ഓണാഘോഷ പരിപാടി ഒക്ടോബർ 9 വെള്ളി രാവിലെ പത്തു മുതൽ ദെയ്‌റ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും. പ്രവേശനം പാസ് മൂലം.

പൂക്കളം, ഓണസദ്യ, ചെണ്ടമേളം,തിരുവാതിര കളി, മലയാളി മങ്ക, സാഫി സെൻ (സാബു മാവേലിക്കര) ന്റെ സാക്‌സഫോൺ സോളോ എന്നിവ നടക്കും.വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതു സമ്മേളനത്തിൽ 'നടവഴികളിലെ നേരുകൾ' എന്ന പ്രഥമ നോവലിലൂടെ മലയാളി വായനക്കാരുടെ മനസിൽ ഇടം കണ്ടെത്തിയ ഷെമിയെ ആദരിക്കും. ഗായിക എസ് .ജാനകിയെ കുറിച്ച് അഭിലാഷ് പുതുക്കാട് എഴുതിയ ' തേനും വയമ്പും ' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.

സിനിമാ താരങ്ങളായ ബിജു മേനോൻ,കുഞ്ചാക്കോ ബോബൻ,മീര ജാസ്മിൻ, പാർവതി രതീഷ്, നീരജ് മാധവ്, സാദിക്ക്, മിഥുൻ രമേശ്, പത്മരാജ് രതീഷ് ,അപർണ നായർ മധുരനാരങ്ങയുടെ സംവിധായകൻ സുഗീത് എന്നിവരുടെ കലാവിരുന്നും, ഗായകരായ സുദീപ് കുമാർ,സിതാര, ദുർഗാ വിശ്വനാഥ് ശരത് എന്നിവരുടെ ഗാനവിരുന്നും ഉണ്ടാകും.