ദോഹ: മലമ്പനിയ്‌ക്കെതിരെ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്ന ഖത്തർ ആരോഗ്യ വകുപ്പ് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്കും മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. വേനലവധിക്ക് നാട്ടിലേക്ക് പോയ്‌ക്കോളൂ, തിരിച്ച് മലമ്പനിയുമായി വരരുതെന്നാണ് ഖത്തർ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായാണ് ബോധവത്കരണ പ്രവർത്തനങ്ങൾ.

ഖത്തറിൽ കൊതുകുകളും മലേറിയയും ഇല്ലെങ്കിലും ചില വിദേശ രാജ്യങ്ങളിലേക്കു പോയി മടങ്ങിയവരിൽ രോഗം കണ്ടെത്തിയിട്ടുണ്ടെന്നു സീനിയർ കൺസൽറ്റന്റ് ഡോ. ഹുസാം അൽ സൂബ് പറഞ്ഞു. ഖത്തർപോലെ മലേറിയ ഇല്ലാത്ത രാജ്യങ്ങളിൽ ദീർഘകാലം താമസിച്ചിട്ടുള്ളവർക്ക് ഈ രോഗത്തിനെ പ്രതിരോധിക്കാനുള്ള ശേഷി കുറയുമെന്നും വിദേശരാജ്യങ്ങളിൽ പോകുമ്പോൾ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലുണ്ടെന്നും അവർ പറഞ്ഞു.

മലമ്പനി രോഗസാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ചെറിയ മുൻകരുതലുകൾ എടുത്താൽ രോഗം വരാതെ നോക്കാനാകും. കൊതുകിനെ അകറ്റുന്ന ലേപനം ശരീരത്തിൽ പുരട്ടുക, കൊതുക് വല ഉപയോഗിക്കുക, മുഴുക്കൈയൻ കുപ്പായവും പാന്റ്‌സും ധരിക്കുക, രാത്രി മുറിക്കുപുറത്തുള്ള യാത്ര ഒഴിവാക്കുക എന്നിവയാണവ.

പുറംരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ പുറപ്പെടുന്നതിന് മൂന്നാഴ്ച മുമ്പെങ്കിലും ഡോക്ടർമാരെ കാണണം. അവർ പൊതുവായ നിർദ്ദേശങ്ങൾക്കൊപ്പം ആവശ്യമെങ്കിൽ കരുതേണ്ട പ്രതിരോധമരുന്നുകളും നൽകുമെന്ന് ഡോ. ഹുസ്സാം അൽ സൗബ് പറഞ്ഞു. എന്നാൽ മലമ്പനി പ്രതിരോധിക്കാൻ നിലവിൽ മരുന്ന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രകഴിഞ്ഞ് തിരിച്ചെത്തിയാൽ പനിയോ തലവേദനയോ ഛർദിയോ വയറ്റിളക്കമോ വന്നെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമേറിയവർക്കും മലമ്പനി പിടിപെട്ടാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.