എച്ച്എംടി വാച്ച് ഇന്ത്യൻ അഭിമാനത്തിന്റെ പ്രതീകമാകുമോ? ഇന്ത്യയുടെ ആദ്യ ബ്രാന്റിനെ സംരക്ഷിക്കാനുള്ള നീക്കം സജീവമായി
എച്ച്എംടി റിസ്റ്റ് വാച്ചുകൾക്കായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഒരുകാലമുണ്ടായിരുന്നു ഇന്ത്യയിൽ. എച്ച്എംടി വാച്ച് കൈയിൽ കെട്ടുന്നത് അഭിമാനചിഹ്നമായി കരുതിയിരുന്ന കാലം. എന്നാൽ, ക്വാർട്സ് വാച്ചുകളുടെ വരവോടെ, വിപണിയിലേക്ക് വിവിധ കമ്പനികളുടെ വാച്ചുകൾ പ്രവഹിക്കുകയും, മൊബൈൽ ഫോണുകളുകളുടെയും പിന്നീട് സ്മാർട്ട് ഫോണുകളുടെയും വരവോടെ,
- Share
- Tweet
- Telegram
- LinkedIniiiii
എച്ച്എംടി റിസ്റ്റ് വാച്ചുകൾക്കായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഒരുകാലമുണ്ടായിരുന്നു ഇന്ത്യയിൽ. എച്ച്എംടി വാച്ച് കൈയിൽ കെട്ടുന്നത് അഭിമാനചിഹ്നമായി കരുതിയിരുന്ന കാലം. എന്നാൽ, ക്വാർട്സ് വാച്ചുകളുടെ വരവോടെ, വിപണിയിലേക്ക് വിവിധ കമ്പനികളുടെ വാച്ചുകൾ പ്രവഹിക്കുകയും, മൊബൈൽ ഫോണുകളുകളുടെയും പിന്നീട് സ്മാർട്ട് ഫോണുകളുടെയും വരവോടെ, സമയമറിയാൻ കൈയിൽ വാച്ച് വേണ്ടെന്ന സ്ഥിതി സംജാതമാവുകയും ചെയ്തതോടെ, ഇന്ത്യയുടെ ആദ്യ സൂപ്പർ ബ്രാൻഡ് വിസ്മരിക്കപ്പെടുകയായിരുന്നു.
എന്നാൽ ഇപ്പോൾ, എച്ച്എംടി വാച്ചുകൾക്ക് പോയകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ആവശ്യക്കാർ എത്തിയിരിക്കുന്നു. പൈലറ്റ്, വിജയ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ തേടി ആവശ്യക്കാർ വാച്ച് കമ്പോളങ്ങൾ കയറിയിറങ്ങുകയാണ്. അതിനൊരു കാരണമേയുള്ളൂ. എച്ച്.എം ടി വാച്ച് നിർമ്മാണം കമ്പനി നിർത്തുന്നു. ഷോക്കെയ്സിൽ വെക്കാനെങ്കിലും ഇന്ത്യയുടെ ആദ്യ ബ്രാൻഡിനെ സ്വന്തമാക്കാനുള്ള തിരക്കിലാണ് ഉപഭോക്താക്കൾ.
വാച്ചുകൾ മാത്രമല്ല, ടൈംപീസുകളും ക്ലോക്കുകളും തേടിയും ആളുകൾ പരക്കം പായുന്നുണ്ട്. കൗതകത്തിന്റെ പേരിലാണെങ്കിൽക്കൂടി, എച്ച്.എം ടിക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെന്ന അറിവ്, ഈ പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടണോ എന്ന കാര്യത്തിൽ സർക്കാരിനെ പുനർവിചിന്തനത്തിനും പ്രേരിപ്പിക്കുന്നുണ്ട്. കമ്പനിയുടെ ഏതെങ്കിലുമൊരു നിർമ്മാണ കേന്ദ്രം നിലനിർത്തുകയെന്ന ആലോചനയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
നിലവിൽ മാർക്കറ്റിലുള്ള എച്ച്.എം ടി വാച്ചുകളും മറ്റും കരിഞ്ചന്തയിൽ മാത്രമേ കിട്ടൂ എന്ന അവസ്ഥയിലാണ്. ഇതൊഴിവാക്കാൻ, ഇ-ടെയ്ലേഴ്സുമായി ബന്ധപ്പെട്ട് കമ്പനി നേരിട്ട് വിൽപന നടത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ജനപ്രിയ ബ്രാൻഡുകളായ സോണ, പൈലറ്റ്, ജനത, തുടങ്ങിയവ വിപണിയിലെത്തിക്കാനാണ് ശ്രമം. എച്ച്.എം ടിയുടെ ആദ്യ ബ്രാൻഡായ ജനതയ്ക്ക് ആ പേര് നൽകിയത് ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണ്.
കർണാടകയിലെ തുംകൂരിലുള്ള ഫാക്ടറിയാകും നിലനിൽക്കുകയെന്നാണ് സൂചന. അറുപതോളം ജീവനക്കാർ ഇവിടെയുണ്ട്. കമ്പനിയുടെ മറ്റു പ്ലാന്റുകളും പേരിനെങ്കിലും നിലനിർത്തണമെന്നും ഏതാനും പേരുടെ ജോലി കൂടി സംരക്ഷിക്കണമെന്നും വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, എച്ച്.എം ടി ഉൾപ്പെടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ആറ് പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം കേന്ദ്ര ഖന വ്യവസായ മന്ത്രാലയം ഉടൻ തന്നെ നൽകുമെന്നാണ് സൂചന.