കോഴിക്കോട്; ദേശീയഹോക്കി താരം സി രേഖ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കോഴിക്കോട് കോർപറേഷൻ 64ാം വാർഡ് എരഞ്ഞിപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഇരുപത്തിരണ്ടുകാരിയായ സി രേഖ. നേരിട്ടും ഓൺലൈനായുമുള്ള പ്രചരണത്തിലാണ് ഈ ദേശീയ ഹോക്കിതാരം.

എരഞ്ഞിപ്പാലം അൽഹിന്ദ് ഫ്ളാറ്റിന് സമീപം ശ്രീലക്ഷ്മി ഹൗസിൽ പ്രകാശന്റെയും ശ്രീജയുടെയും മൂത്ത മകളായ രേഖ സ്‌കൂൾ കാലഘട്ടം മുതലെ ഹോക്കി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആറാംക്ലാസിൽ വച്ചാണ് ആദ്യമായി ഹോക്കി സ്റ്റിക് കൈയിലെടുത്തത്. 9ാം ക്ലാസ് മുതൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയിരുന്നു. പ്രതിരോധ താരമായി 30 മത്സരങ്ങളിൽ രേഖ കേരളത്തിന് വേണ്ടി പങ്കെടുത്തു. ദേശീയ സ്‌കൂൾ മത്സരങ്ങൽലും കേരളത്തിന് വേണ്ടി പങ്കെടുത്തിരുന്നു. ഫെബ്രുവരിയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ കൊളീജിയറ്റ് ടൂർണമെന്റിലാണ് അവസാനമായി കളിച്ചത്.

തൃശൂർ സെന്റ്മേരീസ് കോളേജിൽ നിന്ന് ഈ വർഷം ബിരുദ പഠനം പൂർത്തിയാക്കിയ സി രേഖ തികഞ്ഞ ആത്മവിശ്വാസത്തോടുകൂടിയാണ് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയത്. ചെറുപ്പം മുതൽ ബാലസംഘത്തിലും എസ്എഫ്ഐയിലും പ്രവർത്തിച്ചു പരിചയമുള്ള രേഖ നാട്ടുകാർക്കിടയിലും സുപരിചിതയാണ്. നേരത്തെ എൽഡിഎഫിലെ തന്നെ സി ബിജുരാജായിരുന്നു ഈ വാർഡിൽ നിന്നുള്ള കൗൺസിലർ. അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മാതൃകയാക്കി മുന്നോട്ട് പോകുമെന്നാണ് സി രേഖ വോട്ടർമാർക്ക് നൽകുന്ന വാഗ്ദാനം.

കൈയിൽ ഹോക്കി സ്റ്റിക്കും ബോളും ഇല്ലെങ്കിലും എതിരാളിയെ തറപറ്റിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഈ ദേശീയ ഹോക്കിതാരം പുതിയ മത്സരത്തിനിറങ്ങിയിരിക്കുന്നത്.