- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക് ദേ ഇന്ത്യ... ചക് ദേ..... നൃത്ത ചുവടുമായി വിജയാഘോഷം; ഇന്ത്യൻ വനിതകളും സെമി ഫൈനലിൽ; രണ്ടാം റാങ്കുകാരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; ടോക്കിയോവിൽ ഇന്ത്യൻ ഹോക്കിക്ക് മറ്റൊരു സുവർണ്ണ നിമിഷം; ഇനി പുരഷ ടീമിനെ പോലെ ഒരു ജയം അകലെ വനിതകൾക്കും ഒളിമ്പിക്‌സ് മെഡൽ
ടോക്കിയോ: ഇന്ത്യൻ വനിതാ ഹോക്കി ടീമും ഒളിമ്പിക്‌സ് ഹോക്കിയുടെ സെമിഫൈനലിൽ കടന്നു. കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. നേരത്തെ 41 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പുരുഷ ടീമും ഒളിമ്പിക്‌സിന്റെ സെമിയിൽ കടന്നിരുന്നു. രണ്ടു ടീമിനും ഒരു വിജയം അകലെയാണ് ഒളിമ്പിക്‌സിലെ മെഡൽ. ചക് ദേ ഇന്ത്യ എന്നാ ഗാനം വീണ്ടും ഒളിമ്പിക്‌സിൽ ഉയരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.
ക്വാർട്ടറിൽ കരുത്തരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തകർത്തത്. തീർത്തും അട്ടിമറി. ആരും പ്രതീക്ഷിച്ചതായിരുന്നില്ല ഈ വിജയം. പ്രതിരോധത്തിലെ മികവുമായിട്ടായിരുന്നു വിജയം. ഗോൾക്കീപ്പറുടെ മികച്ച സേവുകളും ഇന്ത്യൻ വിജയത്തിന് തുണയായി. ഈ വിജയം പുരുഷ ടീമിനും ആത്മവിശ്വാസമാകും. ബെൽജിയത്തെ തകർത്ത് ഫൈനിലിൽ എത്താനുള്ള കരുത്ത് ഇന്ത്യൻ പുരുഷ ടീമിനുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കിക്ക് ഏറെ നാളായി പറയാനുള്ള മോശം അവസ്ഥയ്ക്ക് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് ഏവരുടേയും വിലയിരുത്തൽ.
ഒളിംപിക് ഹോക്കിയിൽ പുതു ചരിത്രമെഴുതിയാണ് ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ എത്തുന്നത്. ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്‌ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്‌സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. 22ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ടോക്കിയോ ഒളിംപിക്‌സിൽ ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയാണിത്.
സമാനതകളില്ലാത്ത വിജയമാണ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ആദ്യ മത്സരങ്ങളിൽ തോറ്റെങ്കിലും പതിയെ തിരിച്ചെത്തി. ഏവരേയും അത്ഭുതപ്പെടുത്തി ക്വാർട്ടറിലും എത്തി. എതിരാളി ഓസ്‌ട്രേലിയ ആണെന്ന് അറിഞ്ഞതോടെ അവിടെ മുന്നേറ്റം അവസാനിക്കുമെന്ന് ഏവരും കരുതി. എന്നാൽ ആദ്യം ഗോളടിച്ച് മുൻതൂക്കം നേടിയ ഇന്ത്യ പിന്നെ ഓസ്‌ട്രേലിയൻ മുന്നേറ്റങ്ങളെ തടഞ്ഞു. പെനാൽട്ടി കോർണ്ണറുകളിലെ മികവ് ഓസീസും പുറത്തെടുത്തില്ല. അങ്ങനെ കിരീടം മോഹിച്ചെത്തിയ ടീം ഇന്ത്യയ്ക്ക് മുന്നിൽ കണ്ണീരിലായി.
മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനൽറ്റി കോർണറിൽനിന്നാണ് ഗുർജീത് കൗർ ലക്ഷ്യം കണ്ടത്. മറുവശത്ത് ഓസ്‌ട്രേലിയയ്ക്ക് അഞ്ചിലധികം പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഭേദിക്കാനായില്ല. പൂൾ ബി ചാംപ്യന്മാരായി എത്തിയ ഓസീസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 1980ലെ മോസ്‌കോ ഒളിംപിക്‌സിൽ നേടിയ നാലാം സ്ഥാനമാണ് ഒളിംപിക്‌സ് വനിതാ ഹോക്കിയിൽ ഇതിനു മുൻപ് ഇന്ത്യയുടെ മികച്ച പ്രകടനം.
പ്രമുഖ ടീമുകൾ ഒളിംപിക്‌സ് ബഹിഷ്‌കരിച്ചതിനാൽ മോസ്‌കോയിൽ ആകെ ആറു ടീമുകളാണ് മത്സരിച്ചത്. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ രണ്ടു വിജയങ്ങളുമായാണ് ഇന്ത്യ അന്ന് നാലാം സ്ഥാനത്തെത്തിയത്. എന്നാൽ ഇന്ന് മികച്ച ടീമുകളാണ് കളിക്കാൻ എത്തിയത്. ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്‌ട്രേലിയ ലോക റാങ്കിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയാകട്ടെ 10ാം സ്ഥാനത്തും.
ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച് പൂൾ ബിയിൽ ചാംപ്യന്മാരായാണ് ഓസ്‌ട്രേലിയൻ വനിതകൾ ക്വാർട്ടറിലെത്തിയത്. അഞ്ച് മത്സരങ്ങളിൽനിന്ന് അവർ അടിച്ചുത് 13 ഗോളുകളാണ്. വഴങ്ങിയത് ഒരേയൊരു ഗോളും. ഇതെല്ലാം ക്വാർട്ടറിൽ അപ്രസക്തമായി. പൂൾ എയിൽ ആദ്യത്തെ മൂന്നു കളികളും തോറ്റ ഇന്ത്യ, അവസാന 2 മത്സരങ്ങളിൽ നേടിയ നിർണായക വിജയങ്ങളുടെ മികവിൽ പൂൾ എയിൽ 4ാം സ്ഥാനക്കാരായാണ് ടീം ക്വാർട്ടറിലെത്തിയത്.
ആദ്യത്തെ 3 കളികളിൽ നെതർലൻഡ്‌സ്, ജർമനി, നിലവിലുള്ള ചാംപ്യന്മാരായ ബ്രിട്ടൻ എന്നീ ടീമുകളോടാണ് ഇന്ത്യ തോറ്റത്. പിന്നീട് അയർലൻഡിനെ 10നും ദക്ഷിണാഫ്രിക്കയെ 43നും തോൽപിച്ചു. പൂൾ എയിലെ അവസാന മത്സരത്തിൽ ബ്രിട്ടനും അയർലൻഡിനെ തോൽപ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് സെമിയിലേക്ക് നറുക്കു വീണത്.
മറുനാടന് ഡെസ്ക്