ടോക്യോ: 2021ലെ ഓഗസ്റ്റ്‌ മൂന്ന് ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണ ദിനമായില്ല. ഒളിമ്പിക്സ് സെമി ഫൈനലിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് തോൽവി. ലോക ചാമ്പ്യന്മാരായ ബെൽജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം. ഇതോടെ ഇന്ത്യയുടെ ഫൈനൽ മോഹങ്ങൾ അവസാനിച്ചു. എന്നാൽ മെഡൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് മത്സരിക്കാം.

ഓസ്ട്രേലിയ-ജർമനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമിനെ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ നേരിടണം. ഇന്ത്യൻ വനിതകളും സെമിയിൽ എത്തിയിട്ടുണ്ട്. അവർക്ക് ഫൈനലിൽ എത്താനാകുമോ എന്നതാണ് ഇനി കാത്തിരിപ്പ്. പുരുഷ സെമിയിൽ ലോക രണ്ടാം നമ്പർ ടീമിനെതിരെ തുടക്കത്തിൽ ഇന്ത്യ മികവ് കാട്ടി. എന്നാൽ അവസാന നിമിഷങ്ങളിൽ ആഞ്ഞടിച്ച് ബെൽജിയം ഫൈനലിലേക്ക് എത്തി.

ബെൽജിയത്തിനായി അലെക്സാണ്ടർ ഹെൻഡ്രിക്സ് ഹാട്രിക്ക് നേടിയപ്പോൾ നേടിയപ്പോൾ ഫാനി ലൂയ്പേർട്ടും ഡൊമിനിക് ഡോഹ്‌മെനും സ്‌കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി മൻപ്രീത് സിങ്ങും ഹർമൻ പ്രീത് സിങ്ങും ഗോൾ നേടി. 1980 ന് ശേഷം ഒളിമ്പിക്സ് ഫൈനലിന് യോഗ്യത നേടുക എന്ന ഉറച്ച ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഒരു ഗോൾ വഴങ്ങിയ ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച് വിജയപ്രതീക്ഷയും നിലനിർത്തി. എന്നാൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ബെൽജിയം ഫൈനൽ ഉറപ്പാക്കി. മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ബെൽജിയം ഇന്ത്യയ്ക്കെതിരേ ലീഡെടുത്തു. പെനാൽട്ടി കോർണറിൽ നിന്നാണ് ഗോൾ പിറന്നത്. ഫാനി ലൂയ്പേർട്ടാണ് ബെൽജിയത്തിനായി ഗോൾ നേടിയത്.

ഇന്ത്യ 11-ാം മിനിട്ടിൽ തന്നെ തിരിച്ചടിച്ച് സമനില ഗോൾ നേടി. പെനാൽട്ടി കോർണറിലൂടെ ഹർമൻപ്രീത് സിങ്ങാണ് ബെൽജിയം വല കുലുക്കി. താരത്തിന്റെ ഒളിമ്പിക്സിലെ അഞ്ചാം ഗോളാണിത്. തൊട്ടുപിന്നാലെ ലോകചാമ്പ്യന്മാരായ ബെൽജിയത്തെ ഞെട്ടിച്ചുകൊണ്ട്‌ലീഡെടുത്തു. ഇത്തവണ മൻദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. തകർപ്പൻ ഷോട്ടിലൂടെയാണ് താരം ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്.
മൻദീപ് ഒളിമ്പിക്സിൽ നേടുന്ന ആദ്യ ഗോളാണിത്.

ഗോൾ വഴങ്ങിയതോടെ ബെൽജിയം ആക്രമണം ശക്തമാക്കി. ഇതോടെ ഇന്ത്യൻ പ്രതിരോധം ആഞ്ഞുലഞ്ഞു. പഴുതുകൾ മുതലെടുച്ച് ജയവും നേടി. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ബെൽജിയം സമനില ഗോൾ കണ്ടെത്തി. അലെക്സാണ്ടർ ഹെൻഡ്രിക്സാണ് ഗോൾ നേടിയത്.

രണ്ടാം ക്വാർട്ടറിൽ ബെൽജിയമാണ് കൂടുതൽ ആധിപത്യം പുലർത്തിയത്. ഗോളെന്നുറച്ച മൂന്നോളം ഷോട്ടുകളാണ് രണ്ടാം ക്വാർട്ടറിൽ ഇന്ത്യൻ പോസ്റ്റിലേക്ക് ബെൽജിയം അടിച്ചത്. എന്നാൽ ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ ശ്രീജേഷിന്റെ മികച്ച സേവുകൾ തുണച്ചു.

നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ നായകൻ മൻപ്രീതിന് ഗ്രീൻകാർഡ് ലഭിച്ചു. ബെൽജിയം 49-ാം മിനിട്ടിൽ മത്സരത്തിലെ മൂന്നാം ഗോൾ നേടി. ഹെൻഡ്രിക്സാണ് ഇത്തവണയും ബെൽജിയത്തിനായി സ്‌കോർ ചെയ്തത്. പിന്നീട് നിരന്തര ആക്രമണം. 53-ാം മിനിട്ടിൽ ടീമിന് പെനാൽട്ടി ലഭിച്ചു. ഹെൻഡ്രിക്സിന് പിഴച്ചില്ല. താരം ഹാട്രിക്കും തികച്ചു. ഇതോടെ ഇന്ത്യ തകർന്നു.

ഡൊമിനിക് ഡോഹ്‌മെൻ ബെൽജിയത്തിനായി അഞ്ചാം ഗോൾ നേടി. ഇതോടെ ലോകചാമ്പ്യന്മാര് വിജയമുറപ്പിച്ച് ഫൈനലിലേക്ക് മുന്നേറി. 1980 ന് ശേഷം ഒളിമ്പിക്സ് ഫൈനൽ കളിക്കാനുള്ള ഇന്ത്യയുടെ മോഹവും പൊലിഞ്ഞു.