- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പിന് വിരാമം; ടോക്കിയോവിൽ ഇന്ത്യൻ ഹോക്കിക്ക് ചരിത്ര നിമിഷം; ജർമ്മനിയെ തകർത്ത് നേടുന്നത് വെങ്കല മെഡൽ; അവസാനിക്കുന്നത് 41 വർഷത്തെ കാത്തിരിപ്പ്; ഇന്ത്യയുടെ ദേശീയ കായിക ഇനം വീണ്ടും മെഡൽ പോഡിയത്തിൽ; മലയാളിക്ക് അഭിമാനമായി ഗോൾകീപ്പർ ശ്രീജേഷും
ടോക്യോ:41 വർഷത്തെ കാത്തിരിപ്പിന് വിരാമം. ജർമനിയെ തകർത്തുകൊണ്ട് ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക്സിൽ വെങ്കലമെഡൽ സ്വന്തമാക്കി. വെങ്കല മെഡലിനായുള്ള മത്സരത്തിൽ നാലിനെതിരേ അഞ്ചുഗോളുകൾക്കാണ് ഇന്ത്യ ജർമനിയെ തകർത്തത്. പ്രതാപത്തിലേക്ക് ഇന്ത്യൻ ഹോക്കിക്ക് തിരിച്ചു വരാൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഈ ജയം.
ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായി തിരിച്ചടിച്ചാണ് ഇന്ത്യ വിജയം നേടിയത്. 1980-ന് ശേഷം ഇന്ത്യ ഒളിമ്പിക് ഹോക്കിയിൽ നേടുന്ന ആദ്യ മെഡലാണിത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാൻജീത് സിങ് ഇരട്ട ഗോളുകൾ നേടി. രൂപീന്ദർപാൽ സിങ്, ഹാർദിക് സിങ്, ഹർമൻപ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജർമനിക്കായി ടിമർ ഓറസ്, ബെനെഡിക്റ്റ് ഫർക്ക്, നിക്ലാസ് വെലെൻ, ലൂക്കാസ് വിൻഡ്ഫെഡർ എന്നിവർ സ്‌കോർ ചെയ്തു.
ഇതിനുമുൻപ് 1968, 1972 എന്നീ വർഷങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയത്. ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയുടെ മെഡൽ നേട്ടം 12 ആയി ഉയർന്നു. എട്ട് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണം നേടിയ ടീമും ഇന്ത്യ തന്നെയാണ്. മികച്ച ഓൾറൗണ്ട് കളിയാണ് വെങ്കല മത്സര പോരാട്ടത്തിൽ ഇന്ത്യ പുറത്തെടുത്തത്.
മികച്ച ഫീൽഡ് ഹോക്കിയായിരുന്നു ഇന്ത്യ പുറത്തെടുത്തത്. തുടക്കത്തിൽ ജർമനിയാണ് ആധിപത്യം പുലർത്തിയത്. മികച്ച കുറിയ പാസുകളുമായി ജർമൻ ടീം ഇരച്ചു കയറി. പക്ഷേ മലയാളി ഗോൾ കീപ്പർ വൻ മതിലായപ്പോൾ അവർക്ക് നിരാശയായി. ഇന്ത്യൻ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജർമനി രണ്ടാം മിനിട്ടിൽ തന്നെ മത്സരത്തിൽ ലീഡെടുത്തിരുന്നു. അതിന് ശേഷമാണ് ശ്രീജേഷ് വന്മതിൽ തീർത്തത്.
ലീഡ് വഴങ്ങിയതോടെ ഇന്ത്യൻ മുന്നേറ്റനിര ഉണർന്നുകളിച്ചു. ആദ്യ ക്വാർട്ടറിൽ മികച്ച ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. രണ്ടാം ക്വാർട്ടറിൽ സമനില ഗോൾ കണ്ടെത്തി. പിന്നീട് ജർമനി തുടരെത്തുടരെ രണ്ട് ഗോളുകൾ നേടി ലീഡുയർത്തി. ഇതോടെ ജർമനി 3-1 എന്ന സ്‌കോറിന് ലീഡെടുത്തു.
രണ്ട് ഗോളിന് പിന്നിൽ നിന്നതോടെ ഇന്ത്യ മുന്നേറ്റത്തിൽ കൂടുതൽ കരുത്ത് കാണിച്ചു. 27-ാം മിനിട്ടിൽ ഇന്ത്യയുടെ രണ്ടാം ഗോൾ പിറന്നു. തൊട്ടുപിന്നാലെ ഇന്ത്യ സമനില ഗോൾ കൂടി കണ്ടെത്തി. ഇതോടെ സ്‌കോർ 3-3 എന്ന നിലയിലായി. രണ്ടാം ക്വാർട്ടർ അവസാനിച്ചപ്പോൾ ഈ സ്‌കോറിന് ഇന്ത്യയും ജർമനിയും സമനില പാലിച്ചു.
മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ മത്സരത്തിലെ നാലാം ഗോൾ കണ്ടെത്തി. തൊട്ടുപിന്നാലെ ഇന്ത്യ ലീഡുയർത്തി. ൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൾ ആ ലീഡ് ഇന്ത്യ നിലനിർത്തി. നാലാം ക്വാർട്ടറിൽ സർവം മറന്ന് പോരാടിയ ജർമൻ പട നാലാം ഗോൾ കണ്ടെത്തി. 54-ാം മിനിട്ടിൽ ജർമനിയുടോ ഗോളെന്നുറച്ച ഷോട്ട് ശ്രീജേഷ് തട്ടിയകറ്റി ഇന്ത്യയുടെ രക്ഷകനായി. വൈകാതെ 41 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക് ഹോക്കി മെഡൽ ഇന്ത്യ സ്വന്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ