ടോക്യോ: ടോക്യോ ഒളിംപിക്‌സിൽ ചരിത്രനേട്ടവുമായി സെമിയിലെത്തുകയും സെമിയിൽ അർജന്റീനയോട് പൊരുതി വീഴുകയും ചെയ്ത ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെങ്കല മെഡൽ പോരാട്ടത്തിലും ചുവട് പിഴച്ചു. മെഡൽ മത്സരത്തിലും നിലവിലെ ചാമ്പ്യന്മാരായ ബ്രിട്ടനോട് ഇന്ത്യ പൊരുതി തോറ്റു. ഇതോടെ മെഡൽ ഇല്ലാതെ വനിതാ ടീം മടങ്ങുകയാണ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുരുഷ ടീം ഹോക്കിയിൽ വെങ്കലം നേടിയിരുന്നു. മലയാളിയായ ശ്രീജേഷിന്റെ ഗോൾക്കീപ്പിങ്ങ് മികവാണ് ഇന്ത്യയ്ക്ക് മെഡൽ നൽകിയത്. ഇതിന്റെ ആവേശം വനിതാ ടീമിലും ഉണ്ടായിരുന്നു. രണ്ട് ടീമുകളും മെഡലുമായി മടങ്ങുമെന്ന പ്രതീക്ഷയിലാണ് ഏവരും. പക്ഷേ ബ്രിട്ടണിന്റെ ആക്രമണ മികവ് ഇതിന് തടസ്സമായി. 4-3ന് വനിതാ ടീം ബ്രിട്ടണോട് തോറ്റു.

ബ്രിട്ടന് വേണ്ടി സിയാൻ റായെർ, പിയേനി വെബ്, ഗ്രേസ് ബാൽസ്ഡൺ, സാറ റോബേർട്‌സൺ എന്നിവർ സ്‌കോർ ചെയ്തു. ഇന്ത്യയ്ക്കായി ഗുർജിത് കൗർ ഇരട്ട ഗോളുകൾ നേടിയപ്പോൾ വന്ദന കടാരിയ മൂന്നാം ഗോൾ നേടി. ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡൽ സ്വപ്നം കണ്ടിറങ്ങിയ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.

ചരിത്രത്തിലാദ്യമായി ഒളിമ്പിക് മെഡൽ നേടാനുള്ള സുവർണാവസരമാണ് വനിതാ ഹോക്കി ഇന്ത്യൻ ടീമിന് നഷ്ടമായത്. 1980 മോസ്‌കോ ഒളിമ്പിക്സിൽ നാലാം സ്ഥാനം നേടിയതാണ് ഇതുവരെയുള്ള ഇന്ത്യൻ വനിതാ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം. ഇതു തന്നെ ഇത്തവണയും സംഭവിച്ചു. ആരും റാണി രാംപാലും സംഘവും അടങ്ങുന്ന ഈ ടീമിന് ഒരു സാധ്യതയും നൽകിയിരുന്നില്ല. ആ ടീമാണ് സെമിയിൽ എത്തി തല ഉയർത്തി മടങ്ങുന്നത്.

നെതർലൻഡ്‌സിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർന്നടിഞ്ഞാണ് ബ്രിട്ടൻ വെങ്കല മെഡൽ പോരാട്ടത്തിന് ഇറങ്ങിയത്. ഇന്ന് തീർത്തും വ്യത്യസ്തരായിരുന്നു അവർ. ഇന്ത്യയും പൊരുതി.. അതിശക്തരായ ബ്രിട്ടണെ അക്ഷരാർത്ഥത്തിൽ ഇന്ത്യ ഞെട്ടിച്ചു. രണ്ടു ഗോളുകൾക്ക് പിന്നിട്ട ശേഷം മൂന്ന് ഗോൾ നേടി ലീഡുമെടുത്തു. എന്നാൽ പെനാൽട്ടി കോർണറിലെ മികവ് ബ്രിട്ടണ് വിജയം നൽകി.

ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഇന്ത്യ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോറ്റിരുന്നു. ക്വാർട്ടറിൽ സ്‌പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് ബ്രിട്ടൻ സെമിയിലെത്തിയത്. സെമിയിൽ ഹോളണ്ടിന് മുന്നിൽ അടിതെറ്റി. കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യൻ വനിതകൾ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത്.

സെമിയിൽ അർജന്റീനയോട് തോറ്റെങ്കിലും അവസാനം വരെ പൊരുതിയ ഇന്ത്യ 2-1ന്റെ തോൽവി മാത്രമാണ് വഴങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട ഇന്ത്യൻ പെൺപടയെ ആയിരുന്നില്ല ക്വാർട്ടറിൽ കണ്ടത്. അതിന് സമാനമായ പ്രകടനമാണ് വെങ്കല മെഡൽ പോരാട്ടത്തിലും പുറത്തെടുത്തത്.