ന്യൂഡൽഹി: അസാധു നോട്ടുകൾ കൈവശം വയ്ക്കുന്നത് 10,000 രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാക്കുന്ന ബിൽ സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. പഴയ 500, 1000 രൂപാ നോട്ടുകളുടെ ക്രയവിക്രയം തടയാൻ ഉദ്ദേശിച്ചുള്ളതാണു ബിൽ. നേരത്തെ, അസാധുവാക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ടു ഡിസംബർ 31ന് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതിനു പകരമാണ് ബിൽ. അസാധുനോട്ടുകളുടെ നിക്ഷേപകാലാവധി നീട്ടി വാങ്ങിയവർ തെറ്റായ സത്യവാങ്മൂലം നൽകിയാൽ അരലക്ഷം രൂപവരെ പിഴ ചുമത്താനും ബില്ലിൽ ശുപാർശയുണ്ട്.

അതേസമയം, നിയമവിരുദ്ധവും ദേശവിരുദ്ധവുമാണ് നിർദ്ദിഷ്ട ബില്ലെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. പഴയ നോട്ടുകളുടെ വിനിമയത്തിലൂടെ സമാന്തര സമ്പദ്വ്യവസ്ഥ രൂപപ്പെടുന്നതു തടയാനാണു പുതിയ നിയമമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതനുസരിച്ച് വ്യക്തികൾ പത്തിലധികം അസാധുനോട്ടുകൾ കൈവശം വച്ചാൽ 10,000 രൂപയോ, കൈവശം വച്ച തുകയുടെ അഞ്ചിരട്ടിയോ (ഇതിലേതാണോ വലുത്) പിഴയായി ഈടാക്കും.

ബിൽ ലോക്‌സഭ പാസാക്കിയാൽ പത്തിലധികം അസാധുനോട്ടുകൾ വ്യക്തികൾ കൈവശം വയ്ക്കുന്നതു ക്രിമിനൽ കുറ്റമാകും. പഠനഗവേഷണ ആവശ്യങ്ങൾക്കായി 25ലധികം നോട്ടുകൾ കൈവശം വച്ചാലും ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരും.