കുവൈത്ത് സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത. ആഴ്‌ച്ചയിലെ രണ്ട് ദിവസം അവധി മൂന്നാക്കി ഉയർത്തുന്ന തരത്തിൽ നിയമഭേദഗതി വന്നേക്കാൻ സാധ്യതയെന്ന്‌റിപ്പോർട്ട്.

കുവൈത്ത് സർക്കാരിന് കീഴിലെ എല്ലാ വകുപ്പുകളിലും കൂടുതൽ അവധി നൽകാനാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. രണ്ട് ദിവസമെന്നത് മൂന്നാക്കി ഉയർത്തുന്ന തരത്തിൽ നിയമഭേദഗതി ആവശ്യപ്പെട്ട് പാർലമെന്റിൽ കരട് നിർദ്ദേശം സമർപ്പിച്ചു. രാജ്യത്ത് ചൂട് അതിശക്തമായി അനുഭവപ്പെടുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വെള്ളി, ശനി ദിവസങ്ങൾക്ക് പുറമെ വ്യാഴം കൂടി അവധിയായി നിശ്ചയിക്കണമെന്നാണാവശ്യം.

ജൂൺ, ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് കുവൈത്താണെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തൽ എംപി പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചൂടിനൊപ്പം കടുത്ത റുതൂബയും അനുഭവപ്പെടുന്ന മാസങ്ങളാണ് ജൂലൈ, ഓഗസ്റ്റ് എന്നിവ. സ്‌കൂളുകളൊഴിച്ച് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെല്ലാം മധ്യവേലനധിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കടുത്ത ചൂട് കാരണം സ്വദേശി ജീവനക്കാരിൽപലരും വാർഷിക അവധിയിൽ പ്രവേശിച്ച് അനുയോജ്യമായ കാലാവസ്ഥയുള്ള രാജ്യങ്ങളിലേക്ക് പോകാറാണ് പതിവ്.

രാജ്യത്തുള്ളവർ തന്നെ ഈ മാസങ്ങളിൽ കൃത്യമായി ജോലിക്കത്തൊത്ത സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അവധിദിനം വർധിപ്പിക്കണമെന്ന നിർദ്ദേശം. കരട് നിർദ്ദേശം പാർലമെന്റിൽ അവതരിപ്പിക്കപ്പെടുകയും ഭൂരിപക്ഷം പേരും അതിനോട് യോജിപ്പ് രേഖപ്പെടുത്തുകയും ചെയ്താൽ സ്വദേശികളും വിദേശികളുമുൾപ്പെടെ സർക്കാർ ജീവനക്കാരുടെ വാരാന്ത്യ അവധി മൂന്ന് ദിവസമായി മാറും. നിയമം പ്രാബല്യത്തിലാവുകയാണെങ്കിൽ ഈ രണ്ട് മാസങ്ങളിൽ പ്രവൃത്തി ദിനങ്ങൾ ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ എന്നിങ്ങനെ നാലായി ചുരുങ്ങും.