പാരീസ്: പ്രസിഡന്റിന് മുടി മിനുക്കാൻ പ്രതിമാസം ചെലവാകുന്ന തുക കേട്ട് ഞെട്ടിയിരിക്കുകയാണ് ഫ്രഞ്ച് ജനത. മാസം 10,000 യൂറോ ചെലവാക്കിയാണ് പ്രസിഡന്റ് ഫ്രാങ്കോ ഒലൻദ് തന്റെ മുടി സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്. പ്രസിഡന്റ് പദത്തിലേറിയ അന്നു മുതൽ ചെലവു വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ശക്തമായി സ്വീകരിക്കുന്ന ഫ്രങ്കോ ഒലൻദിന് പക്ഷേ, തന്റെ മുടിയുടെ കാര്യം വന്നപ്പോൾ എല്ലാ നിയന്ത്രണങ്ങളും പോയി എന്നാണ് പുറത്തായിരിക്കുന്ന റിപ്പോർട്ട്.

പ്രസിഡന്റിന്റെ തലമുടിയുടെ ശുശ്രൂഷയ്ക്ക് ബാർബർക്ക് പ്രതിമാസം 9,895 യൂറോയാണ് നൽകുന്നതെന്നാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്. പ്രസിഡന്റിന് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഫാമിലി ബെനിഫിറ്റ്, റെസിഡൻസ് അലവൻസ് എന്നിവയ്ക്കു പുറമേയാണ് ഈ തുക ചെലവാകുന്നത്. പ്രസിഡന്റ് എന്ന നിലയിൽ ഫ്രാങ്കോ ഒലൻദിന് പ്രതിമാസം 5,000 യൂറോയാണ് ശമ്പളമായി ലഭിക്കുന്നത്. പ്രസിഡന്റായി ചുമതലയേറ്റ നാൾ തന്നെ തന്റെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാൻ ഫ്രാങ്കോ ഒലൻദ് തയാറാകുകയും ചെയ്തു.

പ്രസിഡന്റാപ്പോൾ തന്നെ ഹെയർ ഡ്രസറെ നിയമിച്ച ഒലൻദ് അഞ്ചുവർഷത്തെ കരാറിലാണ് ഇയാളെ നിയമിച്ചിരിക്കുന്നത്. 2012 മുതൽ ഏപ്രിൽ 2017 വരെയുള്ള കാലത്ത് ഇയാൾ തന്നെയായിരിക്കും പ്രസിഡന്റിന്റെ ഹെയർഡ്രസർ. ഫ്രഞ്ച് നടി ജൂലി ഗയാത്തുമായുള്ള ഫ്രാങ്കോ ഒലൻദിന്റെ അവിഹിത ബന്ധം പുറത്തായ നാളുകളിലും ഹെയർഡ്രസർ ഒലിവർ ബിക്ക് നൽകിയിരുന്ന കരാറിന്റെ പകർപ്പ് ക്ലോസർ മാഗസിൻ പുറത്തുവിട്ടിരുന്നു. പ്രസിഡന്റിന്റെ യാത്രകളിലും ഹെയർ ഡ്രസർ ഫ്രാങ്കോ ഒലൻദിനെ പിന്തുടരാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയകളിലും ചർച്ചയായിരിക്കുകയാണ് പ്രസിഡന്റിന്റെ ബാർബറിന്റെ ശമ്പളവും.