ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടി സിസെലി ടൈസൺ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.നടിയുടെ മരണവാർത്ത മനേജർ ലാറി തോംസണാണ് പുറത്ത് വിട്ടത്. ലോക സിനിമയ്ക്ക് നൽകിയ സംഭാവനയ്ക്ക് 2018-ൽ ഓണററി ഓസ്‌കാർ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. മൂന്ന് പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങളും നാല് ബ്ലാക്ക് റീൽ പുരസ്‌കാരങ്ങളും ഒരു സ്‌ക്രീൻ ആക്ടേഴ്സ് ഗിൽ പുരസ്‌കാരവും നേടി.

കാരിബ് ഗോൾഡ് എന്ന ചിത്രത്തിലൂടെയാണ് 1950-കളിലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1970-ൽ സൗണ്ടർ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയർന്നു. ഹൂഡ്ലം, ഡയറി ഓഫ് എ മാഡ് ബ്ലാക്ക് വുമൺ, ദ ഹെൽപ്പ്, ദ ഓട്ടോബയോഗ്രഫി ഓഫ് മിസ് ജെയിൻ പിറ്റ്മാൻ, വിഡോ ടെൽസ് ഓൾ, ദ ബ്ലൂ ബേഡ്, അലക്സ് ക്രോസ് എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. 2020-ൽ പുറത്തിറങ്ങിയ എ ഫാൾ ഫ്രം ഗ്രേസിലാണ് അവസാനമായി അഭിനയിച്ചത്. സൗണ്ടറിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കർ നാമനിർദ്ദേശം നേടിയിരുന്നു.ഒട്ടനവധി ടെലിവിഷൻ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്.

1942-ലായിരുന്നു ആദ്യ വിവാഹം. കെന്നത്ത് ഫ്രാങ്ക്ളിനായിരുന്നു ഭർത്താവ്. 1956-ൽ ഇവർ വേർപിരിഞ്ഞു. 1957-ൽ നടൻ ബില്ലി ടീ വില്ല്യംസിനെ വിവാഹം ചെയ്തു. 1956-ൽ ഈ ബന്ധവും അവസാനിച്ചു. 1981-ൽ അമേരിക്കൻ സംഗീതജ്ഞൻ മില്ലി ഡേവിസിനെ വിവാഹം ചെയ്തു. ഈ ബന്ധവും അധികം കാലം നീണ്ടു നിന്നില്ല. 1988-ൽ വിവാഹമോചനം നേടി.