- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.ആർ.ആർ കണ്ട് കിളിപോയി ഹോളിവുഡ്; വളരെ രസകരമായിരുന്നു.. ഗംഭീര അനുഭവമെന്ന് 'ബേബി ഡ്രൈവർ' സംവിധായകൻ എഡ്ഗർ റൈറ്റ്
മുംബൈ: ആഗോള ബോക്‌സോഫീസിൽ നിന്ന് 1200 കോടിയോളം കളക്റ്റ് ചെയ്ത് ബ്ലോക്‌ബസ്റ്ററായ തെലുങ്ക് ചിത്രം കണ്ട് കിളി പോയി ഹോളിവുഡിലെ പ്രമുഖരും. ടോളിവുഡ് സൂപ്പർസ്റ്റാറുകളായ ജൂനിയർ എൻ.ടി.ആറും റാം ചരണും നായകന്മാരായ ചിത്രത്തിൽ ബോളിവുഡിൽ നിന്നും അജയ് ദേവ്ഗണും ആലിയ ബട്ടും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
റിലീസ് ചെയ്തതിന് പിന്നാലെ, ആർ.ആർ.ആർ ഒരു ശരാശരി അനുഭവം മാത്രമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. രാജമൗലിയുടെ ബാഹുബലി ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു പലരും ചിത്രത്തെ നിരൂപണം ചെയ്തത്. എന്നാൽ, ചിത്രത്തിന് ഇപ്പോൾ പ്രശംസകൾ ലഭിക്കുന്നത് അങ്ങ് ഹോളിവുഡിൽ നിന്നാണ്. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് സിനിമയെ വാനോളം പുകഴ്‌ത്തിയുള്ള പോസ്റ്റുകൾ വിദേശത്ത് നിന്നും സമൂഹ മാധ്യമങ്ങളിൽ വരാൻ തുടങ്ങിയത്. ആമേരിക്കയിലെ തെരഞ്ഞെടുത്ത തിയറ്റുകളിലും രാജമൗലിയുടെ മാഗ്‌നം ഓപസ് റിലീസ് ചെയ്തിരുന്നു.
ഹോളിവുഡ് ബ്ലോക്‌ബസ്റ്റർ ചിത്രമായ ബേബി ഡ്രൈവറിന്റെ സംവിധായകൻ എഡ്ഗർ റൈറ്റ് 'ഞെട്ടിക്കുന്ന അനുഭവമെന്നാണ്' ആർ.ആർ.ആറിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. ''ഒടുവിൽ RRR എന്ന സിനിമ ബിഎഫ്ഐയിലെ വലിയ സ്‌ക്രീനിൽ വമ്പൻ ജനക്കൂട്ടത്തോടൊപ്പം കണ്ടു. എന്തൊരു ഗംഭീര അനുഭവം. വളരെ രസകരമായിരുന്നു. ഞാൻ ഇതുവരെ കണ്ടിട്ടുള്ള സിനിമകളിൽ ഇന്റർമിഷൻ കാർഡിന് പോലും കൈയടി കിട്ടിയ ഏക സിനിമ.' - ഹോളിവുഡ് സംവിധായകൻ ട്വിറ്ററിൽ കുറിച്ചു. എന്തായാലും റാം ചരൺ, എൻ.ടി.ആർ ആരാധകർ ട്വീറ്റ് ആഘോഷത്തോടെയാണ് ഏറ്റെടുത്തത്.
ഗ്രെംലിൻസ് എന്ന ചിത്രത്തിന്റെ ഡയറക്ടർ ജോ ഡാന്റേയെയും ആർ.ആർ.ആർ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ''ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെ ഭീകരതയുടെ ക്രൂരമായ ഛായാചിത്രം'' -എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'ആർആർആർ (റൈസ് റോർ റിവോൾട്ട്) ആണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബോളിവുഡ് സിനിമ. അത് തീർച്ചയായും ഏറ്റവും ചെലവേറിയതാവാം. ബിഗ് സ്‌ക്രീനിൽ കാണാനാണ് അത് നിർമ്മിച്ചിരിക്കുന്നത്, നിലവിൽ ലോസ് ഏഞ്ചൽസിലെ അലമോ ഡ്രാഫ്റ്റ്ഹൗസിൽ പ്രദർശിപ്പിക്കുന്നുണ്ട്!. അമിത മെലോഡ്രാമയും വയലൻസും കാർട്ടൂണിഷായുള്ള സി.ജി.ഐയുടെ മേളവുമൊക്കെയുണ്ടായിട്ടും മൂന്ന് മണിക്കൂർ നേരം ചിത്രം പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്നുണ്ടെന്നും'' അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോക്ടർ സ്‌ട്രൈഞ്ച് സംവിധായകൻ സ്‌കോട്ട് ഡെറിക്‌സണും ചിത്രത്തിന്റെ ആരാധകരിൽ പെടുന്നു. ''എന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി, ഞാൻ കുടുംബത്തിനൊപ്പം ആർ.ആർ.ആർ കണ്ടു. എത്ര വിസ്മയകരമായ റോളർ കോസ്റ്റർ അനുഭവമാണീ ചിത്രം. - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഡോക്ടർ സ്‌ട്രൈഞ്ച്, ഡ്യൂൺ, പാസഞ്ചേഴ്‌സ് പോലുള്ള ബിഗ് ബജറ്റ് ഹോളിവുഡ് സൂപ്പർഹിറ്റുകളിൽ പ്രവർത്തിച്ചിട്ടുള്ള എഴുത്തുകാരൻ ജോൺ സ്‌പൈറ്റ്‌സും ആർ.ആർ.ആറിനെ പ്രകീർത്തിച്ച് രംഗത്തുവന്നിരുന്നു. ചിത്രം കണ്ട് രണ്ട് ദിവസത്തോളം അതിനെ കുറിച്ചായിരുന്നു തന്റെ ചിന്തയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്