ഹോളിവുഡ് താരസുന്ദരി ആഞ്ജലീന ഷൊലി സ്തനാർബുദത്തെ ചെറുക്കാൻ തന്റെ സ്തനങ്ങൾ മുറിച്ചുമാറ്റിയത് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട വാർത്തയായിരുന്നു. എന്നാൽ, സ്തനങ്ങൾ നീക്കം ചെയ്യുന്ന മാസ്റ്റെക്റ്റമി സ്തനാർബുദ ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് പുതിയ പഠന റിപ്പോർട്ട്. പരമ്പരാഗത അർബുദ ചികിത്സകളാണ് മാസ്റ്റെക്റ്റമിയെക്കാൾ ഫലപ്രദമെന്നാണ് ബ്രിട്ടനിലെ പ്രശസ്ത അർബുദ സ്‌പെഷലിസ്റ്റായ ഫിയോണ മക്‌നെയ്ൽ പറയുന്നു.

സ്തനാർബുദത്തിന് കാരണമായ ജീനുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് 2013-ൽ ആഞ്ജലിന രണ്ടുവട്ടം മാസ്റ്റെക്റ്റമിക്ക് വിധേയയായത്. എന്നാൽ, ഈ ശസ്ത്രക്രിയ സ്തനാർബുദത്തിന് ഫലപ്രദമല്ലെന്നാണ് ലണ്ടനിലെ റോയൽ മാഴ്‌സ്ഡൺ ആശുപത്രിയിലെ അർബുദ സ്‌പെഷലിസ്റ്റായ ഫിയോണ മക്‌നീൽ പറയുന്നത്.

സ്തന ശസ്ത്രക്രിയക്ക് വിധേയയാകും മുമ്പ് മറ്റ് ചികിത്സാ രീതികൾ പരീക്ഷിച്ചുനോക്കാൻ അവർ രോഗികളോട് നിർദ്ദേശിക്കുന്നു. സ്തനാർബുദം ബാധിച്ച ഒട്ടേറെ സ്ത്രീകൾ മാസ്‌റ്റെക്റ്റമിക്ക് വിധേയരാകാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് തന്നെ സമീപിക്കാറുണ്ടെന്നും താനവരെ നിരുത്സാഹപ്പെടുത്താറാണ് പതിവെന്നും ഫിയോണ പറഞ്ഞു. സ്ത്രീസൗന്ദര്യത്തിന് കോട്ടം വരുത്തുന്ന മാസ്‌റ്റെക്റ്റമിയോട് തനിക്ക് യോജിപ്പില്ലെന്നാണ് ഡോക്ടറുടെ അഭിപ്രായം.

ആഞ്ജലിന ഷൊലി സ്തനശസ്ത്രക്രിയക്ക് വിധേയയായതോടെയാണ് ഈ ചികിത്സാ രീതിക്ക് ഇത്രയേറെ പ്രശസ്തി കൈവന്നതെന്ന് ഫിയോണ പറഞ്ഞു. സ്തനാർബുദം വരുത്താൻ സാധ്യതയുള്ള ജീൻ തന്റെ ശരീരത്തിലുണ്ടെന്നറിഞ്ഞതോടെയാണ് ആഞ്ജലിന മാസ്‌റ്റെക്റ്റമിക്ക് വിധേയയാത്. ഇക്കൊല്ലമാദ്യം തന്റെ അണ്ഡാശയങ്ങളും അവർ നീക്കം ചെയ്തിരുന്നു.

എന്നാൽ, പരമ്പരാഗത അർബുദ ചികിത്സാ രീതികൾക്ക് മാസ്റ്റെക്റ്റമിയെക്കാൾ അർബുദ പ്രതിരോധ ശേഷിയുണ്ടെന്ന് ഫിയോണ പറയുന്നു. ആഞ്ജലിന ഷൊലി മാസ്റ്റെക്റ്റമിക്ക് വിധേയയായത് അവർക്ക് സ്തനാർബുദം വരാതെയാണെന്ന് ഫിയോണ പറഞ്ഞു. കൂടുതൽ സംഭവങ്ങളിലും ഈ ശസ്ത്രക്രിയ അർബുദത്തെ തടയാറില്ല. സാൻ അന്റോണിയോ കാൻസർ സിംപോസിയത്തിലാണ് വിവാദമായ പ്രസ്താവന ഫിയോണ നടത്തിയത്.