മെൽബൺ: മാതാപിതാക്കൾക്ക് ബോധ്യമില്ലാത്തതും വിശ്വാസമില്ലാത്തതുമായ കാര്യങ്ങളിൽ മക്കൾക്ക് വിശ്വാസവും ബോധ്യവും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കരുതെന്ന് ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ. വിശുദ്ധ കൊച്ചുത്രേസ്യാ വിശുദ്ധയായിത്തീർന്നത് നല്ല മാതൃക നല്കിയ മാതാപിതാക്കൾ കാരണമാണ്. ദൈവം സ്‌നേഹമാണെന്ന് അനുഭവിച്ചറിയുന്ന ഏറ്റവും മനോഹരമായ നിമിഷമാണ് വിശുദ്ധ കുർബാനയിൽ ഈശോയെ സ്വീകരിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത്. വിശുദ്ധ കുർബാനയിൽ സജീവമായി പങ്കെടുത്തുകൊണ്ട് ഈശോയുടെ സാന്നിദ്ധ്യത്തെ ബോധപൂർവ്വം അംഗീകരിച്ചുകൊണ്ട് ഫലദായകമാക്കുവാൻ നാം ശ്രമിക്കണം എന്ന് പിതാവ് ഓർമ്മിപ്പിച്ചു. സെന്റ് അൽഫോൻസ കത്തീഡ്രൽ ദൈവാലയത്തിൽ മുഖ്യകാർമ്മികത്വം വഹിച്ച് 22 കുട്ടികൾക്കു പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും നല്കി ദിവ്യബലി മധ്യേ വചനസന്ദേശം നൽകുകയായിരുന്നു മാർ ബോസ്‌കോ പുത്തൂർ.

ദിവ്യബലിയിൽ രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ റവ.ഡോ.മാത്യു കൊച്ചുപുരയ്ക്കൽ, ഫാ. തോമസ് കുറുന്താനം എന്നിവർ സഹകാർമ്മികരായിരുന്നു.മൂന്നുമാസത്തോളം കുട്ടികളെ പരിശീലിപ്പിച്ചൊരുക്കിയ ജോബി ഫിലിപ്പ്, ഗ്ലാഡിസ് സെബാസ്റ്റ്യൻ, ജോയ്‌സി ആന്റണി എന്നിവർക്കും മതബോധന കുട്ടികളുടെ നേതൃത്വത്തിലുള്ള കത്തീഡ്രൽ ജൂണിയർ ഗായകസംഘത്തിനും ഗ്രാൻഡ് പാരന്റ്‌സിന്റെ പ്രതിനിധികളായി കുട്ടികളെ കൂദാശ വേദിയിലേക്ക് ആനയിച്ച ആന്റണി മുണ്ടേംപിള്ളി,റോസമ്മ ആന്റണി എന്നിവർക്കും ദൈവാലയ അൾത്താര മനോഹരമായി അലങ്കരിച്ച ബേബി മാത്യു, ഷാജി വർഗ്ഗീസ് എന്നിവർക്കും വികാരി റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കൽ നന്ദി പറഞ്ഞു.